ജോസ്.കെ മാണി ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടിക്ക് പുറത്ത്; പലരും തിരിച്ചുവരും: അടുത്ത ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതുവരെ അധികാരം തനിക്കെന്നും പി.ജെ ജോസഫ്
Kerala News
ജോസ്.കെ മാണി ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടിക്ക് പുറത്ത്; പലരും തിരിച്ചുവരും: അടുത്ത ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതുവരെ അധികാരം തനിക്കെന്നും പി.ജെ ജോസഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th June 2019, 6:33 pm

തൊടുപുഴ: ജോസ് കെ.മാണിയെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തത് വെറും ആള്‍ക്കുട്ടമാണെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്.
ഇന്നു നടന്നത് അനധികൃത യോഗമാണെന്നും യോഗത്തില്‍ പങ്കെടുത്ത ജോസ്.കെ മാണി ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടിക്ക് പുറത്തായെന്നും ജോസഫ് പറഞ്ഞു.

പാര്‍ട്ടിയുടെ ഭരണഘടന അനുസരിച്ചേ എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയുള്ളുവെന്നും സംസ്ഥാന കമ്മറ്റി വിളിക്കണമെങ്കില്‍ പത്ത് ദിവസം മുന്‍പേ നോട്ടീസ് വേണമെന്നും തെരഞ്ഞെടുപ്പിന് റിട്ടേര്‍ണിങ് ഓഫീസര്‍ ഉണ്ടായിരുന്നില്ലെന്നും പി.ജെ ജോസഫ് കുറ്റപ്പെടുത്തി.

യോഗത്തില്‍ പങ്കെടുത്തവരില്‍ ബഹുഭൂരിപക്ഷവും സംസ്ഥാന കമ്മറ്റി അംഗങ്ങളല്ല. ആള്‍ക്കൂട്ടമാണ് ജോസ്.കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. ഇത് കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും ജോസഫ് പറഞ്ഞു.

അവിടെ ഉണ്ടായ തീരുമാനങ്ങള്‍ നിലനില്‍ക്കില്ല. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. അവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയിക്കഴിഞ്ഞു. അവരില്‍ പലരും തിരിച്ചുവരും. എവിടെയെങ്കിലും ആളുകൂടി ചെയര്‍മാനെ തിരഞ്ഞെടുത്താല്‍ അതൊന്നും അംഗീകരിക്കില്ല. പാര്‍ട്ടി പിളര്‍ന്നിരിക്കുന്നു. പോഷക സംഘടന ഭാരിവാഹികള്‍ തന്നോടൊപ്പമാണ്. അടുത്ത ചെയര്‍മാനെ തെരഞ്ഞെടുക്കുന്നവരെ തനിക്ക് തന്നെയാണ് ചെയര്‍മാന്റെ അധികാരമെന്നും പി.ജ ജോസഫ് വ്യക്തമാക്കി.

എന്നാല്‍ കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കുമെന്ന് മുതിര്‍ന്ന നേതാവ് സി.എഫ് തോമസ് എം.എല്‍.എ പ്രതികരിച്ചിരുന്നു.എന്നാല്‍ സി.എഫ് തോമസ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കേരള കോണ്‍ഗ്രസിനെ വീണ്ടും പിളര്‍പ്പിലേക്ക് എത്തിച്ചത്. ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാനസമിതി വിളിക്കണമെന്ന ആവശ്യം പി.ജെ.ജോസഫ് അംഗീകരിക്കാത്ത സാഹചര്യത്തില്‍ ജോസ് കെ മാണി ബദല്‍ യോഗം വിളിക്കുകയായിരുന്നു. തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുക്കുകയായിരുന്നു.