മാണി സാറിനെ വളഞ്ഞുവെച്ച് ആക്ഷേപിച്ചവര്‍ക്കൊപ്പമാണ് ജോസ് കെ മാണി പോയിരിക്കുന്നത്; സ്വയം തോല്‍വി ഏറ്റുവാങ്ങുന്നെന്ന് പി.ജെ ജോസഫ്
Kerala
മാണി സാറിനെ വളഞ്ഞുവെച്ച് ആക്ഷേപിച്ചവര്‍ക്കൊപ്പമാണ് ജോസ് കെ മാണി പോയിരിക്കുന്നത്; സ്വയം തോല്‍വി ഏറ്റുവാങ്ങുന്നെന്ന് പി.ജെ ജോസഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th October 2020, 12:17 pm

കോട്ടയം: പാലായില്‍ അടക്കം ജോസ് കെ. മാണി ചോദിച്ചുവാങ്ങിയതാണ് പരാജയങ്ങളെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. ജോസ് കെ. മാണിയാണ് യു.ഡി.എഫിനകത്തു നിന്ന് ചെയ്യാന്‍ പാടില്ലാത്തത് ചെയ്തതെന്നും പാലായില്‍ മാണി സാറാണ് ചിഹ്നമെന്ന് പറഞ്ഞ് മത്സരിച്ച് തോറ്റ ശേഷം തോല്‍പ്പിച്ചതാണെന്ന് പറയുന്നതില്‍ എന്ത് ന്യായമാണ് ഉള്ളതെന്നും പി.ജെ ജോസഫ് ചോദിച്ചു.

പാലാ തെരഞ്ഞെടുപ്പില്‍ ചിഹ്നം വേണ്ട എന്നും ചിഹ്നം മാണി സാറാണെന്നും പറഞ്ഞാണ് ജോസ് കെ. മാണി മത്സരിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ വെച്ചാണ് ചിഹ്നം മാണി സാറാണെന്ന് ജോസ് കെ. മാണി പ്രഖ്യാപിച്ചത്. പിന്നെ എങ്ങനെയാണ് ചിഹ്നം കൊടുത്തില്ല എന്ന ആക്ഷേപം വരുന്നത്.

അദ്ദേഹം സ്വയം ഏറ്റുവാങ്ങിയതാണ് ആ തോല്‍വി. സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ വേണമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഏറ്റവും എതിര്‍പ്പുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും ചിഹ്നം വേണ്ടെന്ന് പറയുകയും ധാര്‍ഷ്ട്യത്തോടെ പെരുമാറുകയും തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍
എന്നെ കൂവുകയും ചെയ്ത ശേഷം പാലായില്‍ വഞ്ചിച്ചുവെന്ന് പറഞ്ഞു നടന്നു. വഞ്ചിച്ചത് ഞാനല്ല ജോസ് കെ. മാണിയാണ്. അല്ലെങ്കില്‍ പ്രചരണത്തിന് വന്ന എന്നെ കൂവിയത് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനാണോ? ചിഹ്നം വേണ്ട എന്ന് പറഞ്ഞത് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനാണോ, അദ്ദേഹത്തിന്റെ ആക്ഷേപങ്ങളെല്ലാം വിലകുറഞ്ഞതാണ്.

നിയമസഭയില്‍ മാണി സാറിനെ ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്നും തടയുകയും സ്പീക്കറുടെ ഡയസില്‍ കയറി കസേര മറിച്ചിടുകയും മാണി സാറിനെ വളഞ്ഞുവെച്ച് ആക്ഷേപിക്കുകയും ചെയ്തവരുടെ കൂടെയാണ് ഇപ്പോള്‍ ജോസ് പോയത്. അന്ന് യു.ഡി.എഫാണ് മാണി സാറിനൊപ്പം നിന്നത്. അത് മറന്നുകൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

ഒരു എഗ്രിമെന്റും അദ്ദേഹം പാലിച്ചില്ല. കോട്ടയം ജില്ലാ പഞ്ചായത്തില്‍ എട്ട് മാസം അവരുടെ വിഭാഗത്തിനും ആറ് മാസം ഞങ്ങളുടെ വിഭാഗത്തിനുമെന്ന ധാരണ പാലിക്കാത്തതാണ് അവര്‍ സ്വയം പുറത്തുപോകാന്‍ കാരണമായത്. ആരും പുറത്താക്കിയതല്ല. യു.ഡി.എഫിലെ മുഴുവന്‍ ഘടകകക്ഷികളും പറഞ്ഞിട്ടും അത് കേള്‍ക്കാതെയാണ് അദ്ദേഹം കാര്യങ്ങള്‍ ചെയ്തതെന്നും പി.ജെ ജോസഫ് പറഞ്ഞു.

യു.ഡി.എഫ് കെ.എം മാണിയെ അപമാനിക്കുകയാണെന്നും മാണി സാറിന്റെ പാര്‍ട്ടിയെ ഇല്ലാതാക്കുക എന്ന അജണ്ടയിലാണ് യു.ഡി.എഫ് പ്രവര്‍ത്തിക്കുന്നതെന്നും ജോസ് കെ. മാണി പറഞ്ഞിരുന്നു.

ആത്മാഭിമാനം അടിയറവ് വെച്ച് ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. പക്ഷേ പല തീരുമാനങ്ങള്‍ എടുക്കേണ്ടതായി വന്നിരിക്കുകയാണ്. കേരള കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടോടുകൂടി പാര്‍ട്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ നിലവിലുള്ള രാജ്യസഭ എം.പി സ്ഥാനം രാജിവെക്കുമെന്നും ജോസ് കെ. മാണി അറിയിച്ചിട്ടുണ്ട്. ശക്തമായ ജനകീയാടിത്തറയുള്ള പാര്‍ട്ടിക്ക് അവകാശമുളളതാണ് ഈ സ്ഥാനമെങ്കിലും ധാര്‍മ്മികതയുടെ പേരില്‍ അംഗത്വം രാജിവെക്കുകയാണെന്നായിരുന്നു ജോസ് കെ. മാണി പറഞ്ഞത്.

കര്‍ഷകരക്ഷ, മതേതരത്വം, ജനാധിപത്യം എന്നിവയാണ് കേരള കോണ്‍ഗ്രസിന്റെ മുദ്രാവാക്യം. ഇന്ന് വര്‍ഗീയ ശക്തികള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിനെ ചെറുത്തു തോല്‍പ്പിക്കാനും മതേതരത്വം കാത്ത് സൂക്ഷിക്കാനും ഇടത് പക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്.

കൊവിഡിലും പ്രളയത്തിലും കേരളം വലിയ പ്രയാസങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ഭൂരിപക്ഷത്തില്‍ ഇന്ന് പ്രതിസന്ധി നേരിടുന്നത് കര്‍ഷകരാണ്. കര്‍ഷകരുടെ പ്രശ്നങ്ങളില്‍ അനുഭാവപൂര്‍വ്വമായ തീരുമാനമാണ് ഇടതുപക്ഷം സ്വീകരിച്ചതെന്നും ജോസ് കെ.മാണി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PJ Joseph On Jose K Mani