കുട്ടനാട് സീറ്റ്; ജോസ് കെ.മാണി 'വെറുവാ ചപ്പുന്നു', അവരുമായി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും പി.ജെ ജോസഫ്
Kerala News
കുട്ടനാട് സീറ്റ്; ജോസ് കെ.മാണി 'വെറുവാ ചപ്പുന്നു', അവരുമായി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും പി.ജെ ജോസഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th February 2020, 6:37 pm

കോട്ടയം: കുട്ടനാട് സീറ്റുമായി ബന്ധപ്പെട്ട് പി.ജെ ജോസഫിനെ വിമര്‍ശിച്ച് ജോസ് കെ.മാണി. ജോസ് കെ.മാണി വെറുവാ ചപ്പുകയാണെന്നാണ് (വെറുതെ പറയുക)പി.ജെ ജോസഫ് പറഞ്ഞത്.

ജോസ് കെ.മാണിയുമായി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും യു.ഡി.എഫുമായി തങ്ങള്‍ ചര്‍ച്ച നടത്തുമെന്നും ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് എം (ജോസഫ്) സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ച്ച് ഏഴിന് ജോണി നെല്ലൂര്‍ പാര്‍ട്ടിയില്‍ ചേരുമെന്നും കെ. ഫ്രാന്‍സിസുമായി ലയന ചര്‍ച്ചയുണ്ടെന്നും പി.ജെ ജോസഫ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കുട്ടനാട് സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് നേരത്തേ പി.ജെ ജോസഫ് പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ് തന്നെ കുട്ടനാട്ടില്‍ മത്സരിക്കും. മൂവാറ്റുപുഴയും കുട്ടനാടും തമ്മില്‍ വെച്ചുമാറുന്ന കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും പി.ജെ. ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് എം തന്നെ മത്സരിക്കുമെന്ന നിലപാടിലാണ് ജോസ് കെ.മാണി വിഭാഗവും. സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് ഉപസമിതി യോഗത്തിന് ശേഷം തോമസ് ചാഴികാടന്‍ വ്യക്തമാക്കിയിരുന്നു. പരമ്പരാഗതമായി കേരള കോണ്‍ഗ്രസ് എം മത്സരിച്ചിരുന്ന സീറ്റാണ് കുട്ടനാട്.

കുട്ടനാട് സീറ്റ് ഏറ്റെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ പ്രാഥമിക ധാരണയായെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത് സംബന്ധിച്ച പ്രഖ്യാപനം ഘടകകക്ഷികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാകും ഉണ്ടാവുകയെന്നും കുട്ടനാട് സീറ്റ് അടക്കമുള്ള കാര്യങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹാരം കാണുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.