മുഴുവന്‍ സീറ്റും വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്‍വാങ്ങാതെ പി.ജെ.ജോസഫ്; പ്രശ്‌ന പരിഹാരത്തിന് ഉമ്മന്‍ ചാണ്ടി
Kerala News
മുഴുവന്‍ സീറ്റും വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്‍വാങ്ങാതെ പി.ജെ.ജോസഫ്; പ്രശ്‌ന പരിഹാരത്തിന് ഉമ്മന്‍ ചാണ്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd November 2020, 7:50 am

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പുരോഗമിക്കുന്നതിനിടെ യു.ഡി.എഫും കേരള കോണ്‍ഗ്രസ് പി.ജെ ജോസഫ് വിഭാഗവുമായി വീണ്ടും തര്‍ക്കം.

കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച മുഴുവന്‍ സീറ്റും വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ പി.ജെ. ജോസഫ് ഉറച്ചു നിന്നതിന് പിന്നാലെയാണ് തര്‍ക്കം രൂക്ഷമാകുന്നത്.

ജോസ് കെ.മാണി വിഭാഗം കോണ്‍ഗ്രസ് വിട്ടുപോയതിന് പിന്നാലെ കൂടുതല്‍ സീറ്റില്‍ പാലായില്‍ നിന്നും മത്സരിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു കോണ്‍ഗ്രസ്.

എന്നാല്‍ ഇതിന് പിന്നാലെയാണ് കഴിഞ്ഞ തവണ മത്സരിച്ച മുഴുവന്‍ സീറ്റും വേണമെന്ന ആവശ്യം പി.ജെ.ജോസഫ് വിഭാഗം കടുപ്പിക്കുന്നത്.

ജോസഫിന്റെ ആവശ്യം അംഗീകരിക്കേണ്ടതില്ല എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 20 ശതമാനം സീറ്റുകള്‍ അധികം നല്‍കാം, അതിലപ്പുറം നല്‍കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചര്‍ച്ച നടക്കും. നിലവിലെ സാഹചര്യത്തില്‍ പി.ജെ.ജോസഫ് വിഭാഗത്തിന് കൂടുതല്‍ വിലപേശലിന് അവസരമില്ല എന്നതിനാല്‍ കോണ്‍ഗ്രസ് തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നാണ് സൂചനകള്‍.

കേരള കോണ്‍ഗ്രസ് ജോസ്.കെ മാണി വിഭാഗം ഇടതുപക്ഷത്തിലേക്ക് പോയതിന് പിന്നാലെ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്.

ജോസ്.കെ മാണിയുടെ ഇടതുപക്ഷ പ്രവേശനം മധ്യതിരുവിതാംകൂറില്‍ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. ബാലികേറാമലയായ പല സീറ്റുകളിലും വിജയിക്കാന്‍ ജോസ് കെ.മാണി ഇടതുപക്ഷത്തിലെത്തിയത് സഹായിക്കുമെന്നും എല്‍.ഡി.എഫ് വിലയിരുത്തുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PJ Joseph make tough stands in Local body election