| Saturday, 7th September 2019, 2:44 pm

യുഡിഎഫിനൊപ്പം പ്രചരണത്തിനില്ല: പാലായില്‍ സ്വന്തം നിലയ്ക്ക് പ്രവര്‍ത്തിക്കുമെന്ന് ജോസഫ് വിഭാഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലാ: ഉപതരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രചരണത്തില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് അറിയിച്ച് കേരള കോണ്‍ഗ്രസ് പി.ജെ ജോസഫ് വിഭാഗം. കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ പിജെ ജോസഫിനെ ജോസ്.കെ മാണി പക്ഷം അപമാനിച്ചതിനു പിന്നാലെയാണ് ഇത്തരത്തില്‍ തീരുമാനമെന്നും ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍ അറിയിച്ചു.

‘യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കാനില്ല. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചരണത്തിനായി കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ എത്തിയപ്പോള്‍ ചീത്തവിളിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവം ഞങ്ങള്‍ക്കേറ്റ മുറിവാണ്. എന്നാല്‍ ജോസ് ടോം ഞങ്ങളുടെ കൂടി സ്ഥാനാര്‍ഥിയായതിനാല്‍ സമാന്തരമായി പ്രവര്‍ത്തിക്കും’. സജി മഞ്ഞക്കടമ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിജെ ജോസഫിനെ പ്രസംഗിക്കുന്നതിനിടെ ഭീഷണിപ്പെടുത്തുകയും ജോസഫിനെതിരെ തെറിയഭിഷേകം ഉണ്ടാവുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലായില്‍ പ്രചരണത്തിനെത്തരുതെന്ന് പി.ജെ ജോസഫിനോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ശരിവെയ്ക്കുന്ന പ്രതികരണമാണ് പി.ജെ ജോസഫിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

മാധ്യമസെല്‍ കണ്‍വീനറായ ജയകൃഷ്ണന്‍ പുളിയേടത്താണ് ഏറ്റവുമധികം തെറിവിളിച്ചതെന്നും കേരളാ കോണ്‍ഗ്രസ് എമ്മിനെ പിളര്‍ത്തിയതെന്നും മഞ്ഞക്കടമ്പന്‍ ആരോപിച്ചു.

സംഭവത്തില്‍ 12 പേര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ഇദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ജോസ്.കെ മാണി വിഭാഗത്തിലെ നേതാക്കള്‍ക്ക് എതിരേ പരാതി നല്‍കിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് പി.ജെ ജോസഫ് പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രതിഛായയില്‍ വന്ന ലേഖനവും യുഡിഎഫ് കണ്‍വെന്‍ഷനിലെ യോഗത്തിനിടെ പി.ജെ ജോസഫിനെ കൂക്കിവിളിച്ചതുമാണ് കേരള കോണ്‍ഗ്രസിനെ ഇത്തരമൊരു നിലപാടിലെത്തിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more