| Monday, 3rd August 2020, 1:26 pm

കേരള കോണ്‍ഗ്രസിന്റെ വിപ്പ് സ്ഥാനത്ത് നിന്ന് റോഷി അഗസ്റ്റിനെ മാറ്റി; മോന്‍സ് ജോസഫ് പുതിയ വിപ്പെന്ന് പി.ജെ ജാസഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കേരളാ കോണ്‍ഗ്രസില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നതിനിടെ റോഷി അഗസ്റ്റിനെ മാറ്റി മോന്‍സ് ജോസഫിനെ പുതിയ വിപ്പായി നിയമിച്ച് പി. ജെ ജോസഫ്. പാര്‍ട്ടിയിലെ അഞ്ചില്‍ മൂന്ന് എം.എല്‍.എമാരുടെ പിന്തുണയോടെയാണ് വിപ്പിനെ തെരഞ്ഞെടുത്തതെന്നും ഇക്കാര്യം സ്പീക്കറെ അറിയിച്ചെന്നും ജോസഫ് പറഞ്ഞു.

പാര്‍ട്ടി എം.എല്‍.എമാര്‍ക്ക് വിപ്പ് ബാധകമെന്നും ജോസ് വിഭാഗത്തിന്റെ വാദങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും ജോസഫ് അറിയിച്ചു.

എം.പി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് മത്സരമുണ്ടായാല്‍ വിപ്പ് നല്‍കുന്നത് സംബന്ധിച്ചാണ് കേരളകോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടായത്. മത്സരം വന്നാല്‍ എം.എല്‍.എമാര്‍ക്ക് കേരള കോണ്‍ഗ്രസ് വിപ്പ് നല്‍കുമെന്നും ജോസ് പക്ഷത്തെ എം.എല്‍.എമാര്‍ വിപ്പ് ലംഘിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം ജോസഫ് പറഞ്ഞിരുന്നു.

രാജ്യസഭയിലേക്ക് മത്സരം ഉണ്ടാകുമെന്ന് കരുതുന്നില്ല. തീരുമാനം യു.ഡി.എഫ് നേതൃത്വം എടുക്കും. എന്നാല്‍ മത്സരം ഉണ്ടായില്ലെങ്കിലും അവിശ്വാസം വന്നാല്‍ വിപ്പ് ബാധകമായിരിക്കുമെന്നും പി. ജെ ജോസഫ് പറഞ്ഞു.

എന്നാല്‍ പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിനാണെന്നും അതുകൊണ്ട് തന്നെ വിപ്പ് നല്‍കേണ്ടത് റോഷിയാണെന്നുമായിരുന്നു ജോസ് പക്ഷം പറഞ്ഞിരുന്നത്. ചിഹ്നത്തില്‍ തര്‍ക്കം ഉള്ളതിനാല്‍ വിപ്പ് നിലനില്‍ക്കുമോ എന്ന സംശയത്തിലാണ് ജോസ് പക്ഷം. ഇതില്‍ ചര്‍ച്ച ചെയ്ത് രാഷ്ട്രീയ നിലപാട് എടുക്കുമെന്നുമാണ് ജോസ് പക്ഷം വ്യക്തമാക്കിയത്.

നിയമസഭാ പാര്‍ലമെന്ററി പാര്‍ട്ടി വെബ് സൈറ്റില്‍ കേരള കോണ്‍ഗ്രസ് വിപ്പിന്റെ സ്ഥാനത്ത് റോഷി അഗസ്റ്റിന്റെ പേര് മാറ്റി മോന്‍സ് ജോസഫിന്റെ പേര് ചേര്‍ത്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more