കോട്ടയം: വിചാരിക്കാത്ത പലരും തന്റെ പക്ഷത്തേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് പി.ജെ ജോസഫ്. പ്രധാനപ്പെട്ട ധാരാളം ആളുകള്‍ വരുന്നുണ്ട്. അവിശ്വാസ പ്രമേയം സംബന്ധിച്ച് യു.ഡി.എഫ് ബുധനാഴ്ച നടക്കുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജോസ് കെ മാണി വിഭാഗം നിലപാട് മാറ്റിയാല്‍ എന്തുചെയ്യണമെന്ന കാര്യം യു.ഡി.എഫ് യോഗത്തില്‍ തീരുമാനിക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തിന്റെ ഇപ്പോഴത്തെ നിലപാട് അനുസരിച്ച് അവര്‍ക്ക് യു.ഡി.എഫില്‍ തുടരാന്‍ യോഗ്യതയില്ലെന്നും പി.ജെ ജോസഫ് പ്രതികരിച്ചു.
‘ജോസ് കെ മാണി വിഭാഗം നിലപാട് മാറ്റിയാല്‍ എന്ത് ചെയ്യണമെന്ന് മുന്നണി യോഗത്തില്‍ തീരുമാനിക്കും. സ്വതന്ത്രരായി നില്‍ക്കുകയാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ധാരണ ഉണ്ടായിരുന്നില്ലെന്ന നിലപാടാണ് അവര്‍ ആവര്‍ത്തിക്കുന്നത്. അത്തരം നിലപാട് സ്വീകരിച്ചവരോട് എങ്ങനെ സഹകരിക്കാന്‍ കഴിയും?’, പി.ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ധാരണയുണ്ടായിരുന്നെന്ന് അംഗീകരിക്കുകയും ആ സ്ഥാനം രാജിവെക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ പരിഗണിക്കാം എന്നാണ് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ പറഞ്ഞത്. യു.ഡി.എഫ് മുന്നോട്ടുവെച്ച കാര്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാതെ അവര്‍ക്കിനി തുടരാന്‍ കഴിയില്ല. മുതിര്‍ന്ന നേതാക്കളെല്ലാം ഇവിടെയുണ്ട്. പിന്നെയെങ്ങനെയാണ് കേരള കോണ്‍ഗ്രസ് എം എന്ന് അവര്‍ക്ക് പറയാന്‍ കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു.
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്ക് ഉയരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ അംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം വിട്ടു.
പി.ജെ ജോസഫിനൊപ്പം തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ജോസ് വിഭാഗത്തില്‍ നിന്നും വിടുകയാണെന്നും ജോസ് മോന്‍ മുണ്ടയ്ക്കല്‍ അറിയിച്ചു. ജോസ് കെ. മാണി വിഭാഗത്തില്‍ നിന്ന് ധാരാളം പേര്‍ വരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുന്നണി വിട്ട സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം പല നേതാക്കളും കൈക്കൊളളുന്നതെന്നും പി.ജെ. ജോസഫ് പ്രതികരിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ