കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള ജോസഫ്- ജോസ് കെ. മാണി വിഭാഗങ്ങളുടെ തര്‍ക്കം മുറുകുന്നു. ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വെക്കില്ലെന്നറിയിച്ച ജോസ്. കെ മാണിക്കെതിരെ നടപടിയെടുക്കണമെന്ന് പി. ജെ ജോസഫ് ആവശ്യപ്പെട്ടു.
മാധ്യമങ്ങളോട് സംസാരിക്കവെയാണ് പി. ജെ ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്. മുന്നണി തീരുമാനം അംഗീകരിക്കാന്‍ എല്ലാ കക്ഷികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ജോസ് കെ. മാണി എല്ലാ ധാരണകളും ലംഘിക്കുന്നുവെന്നും പി. ജെ ജോസഫ് പറഞ്ഞു.
വാക്കുമാറ്റത്തിന്റെ നീണ്ട ചരിത്രമാണ് ജോസ് കെ. മാണിക്കുള്ളതെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
ജോസ് കെ. മാണിയുടെ തീരുമാനം വന്നതിനെ തുടര്‍ന്ന് ജോസഫ് വിഭാഗം തൊടുപുഴയില്‍ ഹൈപവര്‍ കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ജോസ്. കെ. മാണി വിഭാഗം പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജിവെക്കില്ലെന്ന നിലപാടില്‍ ഉറച്ച നിലപാടിലാണ് ജോസ് കെ. മാണി.
രാജിവെച്ചുള്ള ഒത്തു തീര്‍പ്പിന് തയ്യാറാല്ലെന്നും കെ.എം മാണിയുടെ കാലത്തുണ്ടാക്കിയ കരാര്‍ തിരുത്തുന്നത് യു.ഡി.എഫിന്റെ ഭാഗത്തുനിന്നുള്ള നീതി നിഷേധമാണെന്നും ജോസ് കെ മാണി പറഞ്ഞു.
നിലവില്‍ മുന്‍ ധാരണ പ്രകാരം ചങ്ങനാശേരിയിലും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലും പാലായിലും സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തരമൊരു കരാര്‍ ഇല്ലെന്നാണ് ജോസ് കെ മാണി പറഞ്ഞത്.
ഇരുവിഭാഗങ്ങളിലുമായി നടത്തിയ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്ത് പിന്നീട് തീരുമാനിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ജോസ് കെ. മാണി ഈ ആവശ്യം തള്ളുകയായിരുന്നു.
നിര്‍ണായക തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ പി. ജെ ജോസഫ് യു.ഡി.എഫില്‍ കലഹം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ജോസ് കെ മാണി അറിയിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ