| Monday, 1st November 2021, 11:15 am

പോപ്പിന്റെ ഇന്ത്യാ സന്ദര്‍ശനവും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് അജണ്ടയും

പി.ജെ ജെയിംസ്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റോമില്‍ വെച്ച് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയതും അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചതും ചരിത്ര നിര്‍ണായകമെന്ന തരത്തിലാണ്, ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വവും കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സും (സി.ബി.സി.ഐ) കൊണ്ടാടുന്നത്.

തീര്‍ച്ചയായും, സി.ബി.സി.ഐ മുന്‍പേ തന്നെ ഈയാവശ്യം മുന്നോട്ടു വെച്ചിട്ടുണ്ട്. മോദി അധികാരത്തിലെത്തിയ 2014ല്‍ തന്നെ, സി.ബി.സി.ഐ യുടെ അധ്യക്ഷന്‍ മാര്‍ ക്ലിമിസ് പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു എന്നാണറിയുന്നത്.

നേരെ മറിച്ച്, ഇന്ത്യയുടെ രാഷ്ട്രീയാധികാരം നിയന്ത്രിക്കുന്ന ആര്‍.എസ്.എസും അതുമായി ബന്ധപ്പെട്ട പരിവാര്‍ സംഘടനകളുമെല്ലാം ഈയടുത്തകാലം വരെ പോപ്പിനെതിരെ ശക്തമായ നിലപാടാണ് എടുത്തു പോന്നത്.

1999ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ആര്‍.എസ്.എസും വിശ്വഹിന്ദു പരിഷത്തും അതിശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ക്രിസ്ത്യന്‍ പോര്‍ച്ചുഗീസുകാര്‍ കൊളോണിയല്‍ കാലത്ത് ഗോവയിലെ ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ പ്രതിഷേധം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം

മേഘാലയയിലെ ക്രിസ്ത്യന്‍ മിഷണറിമാരുടെ മതവിവേചനങ്ങള്‍ക്ക് പോപ്പ് ക്ഷമ പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരിവാര്‍ സംഘടനകള്‍ 2017ല്‍ രംഗത്തുവരികയും വത്തിക്കാന്‍ അംബാസിഡര്‍ വഴി ഇതു സംബന്ധിച്ച് പോപ്പ് ഫ്രാന്‍സിസിന് കത്തയക്കുകയും ചെയ്തു.

അതേസമയം, ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ശ്രീലങ്ക (2015ല്‍), മ്യാന്‍ന്മാര്‍, ബംഗ്ലാദേശ് (2017ല്‍) സന്ദര്‍ശന വേളയില്‍ ഇന്ത്യയും സന്ദര്‍ശിക്കണമെന്ന ആഗ്രഹം പോപ്പിനുണ്ടായിരുന്നതായും, 2017ല്‍ അദ്ദേഹം ഇക്കാര്യം പരസ്യമാക്കിയതായും അറിയുന്നു. എന്നാല്‍, മേല്‍ സൂചിപ്പിച്ചതു പോലെ, ആര്‍.എസ്.എസിന്റെ താത്പര്യമില്ലായ്മ നിമിത്തം അതു നടക്കുകയുണ്ടായില്ല.

മുന്‍ മാര്‍പ്പാപ്പമാരില്‍ നിന്നും പോപ്പ് ഫ്രാന്‍സിസിനെ വ്യത്യസ്തനാക്കുന്നത്, വളരെ ചുരുക്കത്തില്‍, കത്തോലിക്കാസഭയിലെ യാഥാസ്ഥിതികത്വത്തിനെതിരെ അദ്ദേഹം എടുത്തു പോരുന്ന ധീരമായ നിലപാട് തന്നെയാണ്. ലോകമെങ്ങുമുള്ള മര്‍ദിത ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതു മുതല്‍ ലോകം നേരിടുന്ന പരിസ്ഥിതി വിനാശത്തിനെതിരെ നിലപാടെടുക്കുന്നതടക്കം ലോകരാഷ്ട്രീയ നേതൃത്വനിരയില്‍ പ്രഥമസ്ഥാനമാണ് അദ്ദേഹത്തിന്റേത്.

‘ലോകത്ത് ഏറ്റവുമധികം അടിച്ചമര്‍ത്തപ്പെടുത്തുന്ന മതന്യൂനപക്ഷ’മെന്ന് യു.എന്‍ വിശേഷിപ്പിച്ച റോഹിന്‍ഗ്യന്‍ ജനതക്കൊപ്പമാണ് ദൈവമെന്ന് മ്യാന്‍മാര്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് അദ്ദേഹം പറയുകയുണ്ടായി. അതോടൊപ്പം, അമേരിക്കന്‍ സാമ്രാജ്യത്വവും അതിന്റെ ശിങ്കിടികളും (ഇന്ത്യയിലെ സംഘികളും ക്രിസംഘികളുമടക്കം) വിദഗ്ധമായി ഉപയോഗിച്ചു വരുന്ന ‘ഇസ്‌ലാമോഫോബിയ’ക്കെതിരെ വ്യക്തമായ നിലപാടാണ് ഫ്രാന്‍സിസ് പാപ്പയുടേത്.

മ്യാന്‍മര്‍ സന്ദര്‍ശന വേളയില്‍ ആങ് സാന്‍ സൂചിയ്‌ക്കൊപ്പം

ഈ പശ്ചാത്തലത്തില്‍, പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതില്‍ ആര്‍.എസ്.എസും അതിന്റെ രാഷ്ട്രീയ ഉപകരണമായ ബി.ജെ.പിയും ലക്ഷ്യം വെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ ലക്ഷ്യങ്ങളില്‍ അടിയന്തര പ്രാധാന്യമുള്ളത്. അടുത്തു നടക്കാനിരിക്കുന്ന ഗോവയിലെയും മണിപ്പൂരിലെയും അസംബ്ലി തെരഞ്ഞെടുപ്പുകളാണെന്നാണ് പൊതു അഭിപ്രായം.

യഥാക്രമം 25 ശതമാനത്തിലധികവും 40 ശതമാനത്തിലധികവും ക്രിസ്ത്യന്‍ വോട്ടര്‍മാരുള്ള ഗോവയിലും മണിപ്പൂരിലും പോപ്പിന്റെ വരവ് ബി.ജെ.പിക്ക് ഗുണപ്രദമാകുമെന്ന് കരുതപ്പെടുന്നു. പ്രത്യേകിച്ചും, ഒരു ദശാബ്ദത്തോളമായി ഗോവയില്‍ അധികാരത്തിലുള്ള ബി.ജെ.പി മുന്‍പൊരിക്കലുമുണ്ടായിട്ടില്ലാത്ത ജനരോഷമാണ് നേരിടുന്നത്.

രണ്ടാമതായി, ഹിന്ദുത്വ ശക്തികളും കത്തോലിക്കാ മതമേധാവികളും തമ്മില്‍ ‘ഇസ്‌ലാം ഭീതി’യെ അടിസ്ഥാനമാക്കി സ്ഥാപിച്ചെടുത്തിട്ടുള്ള അവിഹിത ബാന്ധവം ഉറപ്പിക്കുന്നതിനും പോപ്പിന്റെ സന്ദര്‍ശനത്തെ ഉപയോഗപ്പെടുത്തുന്ന ദിശയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 2021ല്‍ മാത്രം 300ലധികം ക്രിസ്ത്യന്‍ പള്ളികള്‍ ഹിന്ദുത്വ ശക്തികളാല്‍ ആക്രമിക്കപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും നിക്ഷിപ്ത താത്പര്യങ്ങള്‍ നിമിത്തം ഇക്കാര്യത്തില്‍ സഭാ നേതൃത്വം തുടരുന്ന നിശബ്ദത അര്‍ത്ഥഗര്‍ഭമാണല്ലോ?

ഫ്രാന്‍സിസ് മാർപ്പാപ്പ

ആഗോള തലത്തില്‍, ഇസ്‌ലാമോഫോബിയക്കെതിരെ കര്‍ക്കശ നിലപാടുള്ള, കത്തോലിക്കാ സഭയുടെ തലവനായ പോപ്പിന്റെ ഇന്ത്യയിലെ സാന്നിദ്ധ്യം പരോക്ഷമായി ‘മെജോരിറ്റേറിയന്‍ ഹിന്ദുത്വ പൊതുബോധ’ത്തില്‍ അധിഷ്ഠിതമായ ക്രിസ്ത്യന്‍-സംഘി ബാന്ധവത്തെ ശക്തിപ്പെടുത്തുമെന്നത് യുക്തിസഹമാണ്.

കേരളത്തെ സംബന്ധിച്ചിടത്തോളം, ‘ലവ് ജിഹാദും’ ‘നാര്‍ക്കോട്ടിക് ജിഹാദു’മടക്കം’ ഇസ്‌ലാം ഭീതി’യിലൂന്നി സജീവമാക്കപ്പെട്ടുകൊണ്ടിരിക്കുന്നതും കഴിഞ്ഞ തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അത് വിദഗ്ധമായി ഉപയോഗപ്പെടുത്തിയ ‘ഇടതു’ വിജയവും ഭരണത്തിലും രാഷ്ട്രീയത്തിലും ഒട്ടുമൊത്തത്തില്‍ ശക്തിപ്പെടുന്ന സംഘിവല്‍കരണവുമെല്ലാം നിരവധി തവണ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്.

മോദി പോപ്പിനെ സന്ദര്‍ശിച്ച പശ്ചാത്തലത്തില്‍, കേരളത്തിലെ ബി.ജെ.പി അധ്യക്ഷന്‍, കര്‍ദിനാള്‍ ക്ലിമിസിനെ കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതും, പോപ്പിന്റെ സന്ദര്‍ശനമുണ്ടാകുന്ന പക്ഷം കേരളത്തിലെ ഹിന്ദുത്വ അജണ്ടയും ഹിന്ദുത്വ പൊതുബോധവും അത് ശക്തിപ്പെടുത്തുമെന്നതിന്റെ സൂചന തന്നെയാണ്.

വാല്‍ക്കഷ്ണം: 1997 ജൂലൈ മാസം അന്നത്തെ കേരള മുഖ്യമന്ത്രി ഇ.കെ. നായനാരും വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനും റോമില്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമനെ സന്ദര്‍ശിച്ചപ്പോള്‍ പോപ്പിന് നല്‍കിയത് ഭഗവത്ഗീതയായിരുന്നു. കേരളത്തിലെ ‘മാര്‍ക്‌സിസ്റ്റാചാര്യന്‍’ ഇ.എം.എസിന്റെ പുസ്തകമായിരുന്നില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

 ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: P. J. James writes about the hidden agenda behind Sangh Parivar’s Christian appeasement strategies

പി.ജെ ജെയിംസ്

സി.പി.ഐ എം.എൽ റെഡ്സ്റ്റാർ പോളിറ്ബ്യുറോ മെമ്പർ, സാമ്പത്തിക വിദഗ്ദ്ധൻ.

We use cookies to give you the best possible experience. Learn more