| Monday, 17th June 2019, 1:57 pm

ഡോക്ടര്‍മാരുടെ പണിമുടക്ക് സവര്‍ണ - കോര്‍പ്പറേറ്റ് പക്ഷത്തെയാണ് പ്രതിനിധീകരിക്കുന്നത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്തയിലെ ഡോക്ടര്‍മാരുടെ സമരം വളര്‍ത്തിയെടുത്ത് ദേശവ്യാപക പണിമുടക്കാക്കിയ ഐ.എം.എയുടെ ആഹ്വാനപ്രകാരം, ഇന്ന് കേരളത്തിലും നടക്കുന്ന പണിമുടക്കിന് ജനപക്ഷ താല്പര്യങ്ങളെക്കാള്‍ വ്യക്തമായ ഭരണവര്‍ഗ്ഗ അജണ്ടയാണുള്ളതെന്ന് പറയാതെ വയ്യ. തുടക്കത്തിലെ ധാര്‍ഷ്ട്യം കയ്യൊഴിഞ്ഞ് ഡോക്ടര്‍മാരുടെ ഡിമാന്റുകള്‍ പ്രകാരം തുറന്ന ചര്‍ച്ചക്കു മുഖ്യമന്ത്രി മമത തയ്യാറായിട്ടും, ഡോക്ടര്‍മാരുടെ സംഘടന അതിനു തയ്യാറാകാത്തത് കേന്ദ്ര ഭരണത്തിന്റെ സവിശേഷ താല്പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് സൂചനകള്‍. എന്നു മാത്രവുമല്ല, മുഖ്യമന്ത്രിയുമായി ഡോക്ടര്‍മാര്‍ ചര്‍ച്ചക്കു തയ്യാറാകണമെന്നു പറഞ്ഞ ബംഗാളില്‍ നിന്നുള്ള ഐ.എം.എ യുടെ ദേശീയ നേതാവും NRS മെഡിക്കല്‍ കോളേജിലെ തന്നെ മുന്‍ ഡോക്ടറുമായ ശന്തനു സെന്നിനെ ഒച്ച വെച്ച് കൂവിയോടിക്കുകയാണവര്‍ ചെയ്തത്. അതോടൊപ്പം, സംഘപരിവാര്‍ അജണ്ടക്കനുസൃതമായി, വിഷയത്തെ കൃത്യമായി വര്‍ഗീയവല്‍ക്കരിക്കാനുള്ള നീക്കവും ആരംഭത്തിലേ നടക്കുകയുണ്ടായി.

ദേശീയ വരുമാനത്തിന്റെ കഷ്ടിച്ച് ഒന്നര ശതമാനം മാത്രം ചികിത്സാ ചെലവിനായി സര്‍ക്കാര്‍ മാറ്റി വെക്കുന്ന ഇന്ത്യയില്‍, ഡോക്ടര്‍മാരും നഴ്‌സുമാരും അനുഭവിക്കേണ്ടി വരുന്ന സംഘര്‍ഷങ്ങളും രോഗികളുടെ അരക്ഷിതാവസ്ഥയും ഊഹിക്കാവുന്നതേയുള്ളൂ. ഇതിനിടയിലും പാവങ്ങളോടും പീഢിതരോടും മാനുഷികമായി പെരുമാറുന്ന നിരവധി ഡോക്ടര്‍മാരുണ്ട് എന്ന കാര്യം ആദരപൂര്‍വം രേഖപ്പെടുത്തിക്കൊണ്ടാണ് ഈ കുറിപ്പ്.

നവഉദാരവല്‍ക്കരണത്തിന്റെ ഫലമായി, തൊഴിലും ജനങ്ങളുടെ അതിജീവനും ആയി ബന്ധപ്പെട്ട സാമൂഹ്യ സാമ്പത്തിക വ്യവസ്ഥയുടെ എല്ലാ മണ്ഡലങ്ങളും വന്‍ തോതില്‍ ശിഥിലീകരിക്കപ്പെട്ട് അസംഘടിതവല്‍ക്കരിക്കപ്പെടുമ്പോള്‍, കോര്‍പ്പറേറ്റ് – വരേണ്യ താല്പര്യങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക മേഖലകള്‍ കൂടുതല്‍ സംഘടിതമാകുന്നതിന്റെ പ്രവണതകളും ദൃശ്യമാണ്. പൊലീസ്, ഉന്നത ബ്യൂറോക്രി, ജുഡീഷ്യറി തുടങ്ങിയവയിലെല്ലാം ഇതു പ്രകടമാണ്. ഐ.എം.എ ഇതിന് ഒന്നാന്തരമൊരു ഉദാഹരണമാണ്. ഇന്ത്യയുടെ സവിശേഷ സാഹചര്യത്തില്‍, പ്രകടമായും കോര്‍പ്പറേറ്റ് – സവര്‍ണ – താല്പര്യങ്ങളെയാണ് ഈ സംഘടന പിന്‍പറ്റുന്നതെന്നത് വെറും ആരോപണമല്ല. ഒന്നുരണ്ടു കാര്യങ്ങള്‍ മാത്രം ഇവിടെ പരാമര്‍ശിക്കുന്നു.

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി ഐ.എം.എക്കുണ്ടാകാവുന്ന ബന്ധം സ്വാഭാവികമാണ്. എന്നാല്‍, 2006 മുതല്‍ കുപ്രസിദ്ധ ബഹുരാഷ്ട്രക്കമ്പനിയായ പെപ്‌സികോയുടെ (ഡാബറിന്റെയും) ക്വാക്കര്‍ ഓട്‌സ്, (Quaker Oats), ട്രോപിക്കാനാ ജ്യൂസ് ( Tropicana Fruits Juice) എന്നിവ മാര്‍ക്കറ്റ് ചെയ്ത വകയില്‍ 2.25 കോടി രൂപ അടിച്ചെടുത്ത സംഘടനയാണ് ഐ.എംഎ. മെഡിക്കല്‍ പ്രൊഫഷനും വൈദ്യസദാചാരത്തിനും എതിരെന്നു മാത്രമല്ല, ഒരു നിയമ വിരുദ്ധ പ്രവര്‍ത്തനം കൂടിയായിരുന്നു ഇത്.

2002 ലെ Medical Council of India Code of Ethics Regulation – ന് എതിരായിരുന്നു ഇതെന്നതിനാല്‍, 2010 ല്‍ ഐ.എം.എ നേതൃത്വത്തിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നടപടി ആവശ്യപ്പെട്ടതല്ലാതെ കൂടുതല്‍ വിവരമൊന്നും ലഭ്യമല്ല.

ഈ കോര്‍പ്പറേറ്റ് ബാന്ധവത്തിന്റെയും സാമ്പത്തിക അതിമോഹത്തിന്റെയും സ്വാഭാവിക തുടര്‍ച്ചയാണ് ഐ.എം.എ യുടെ ബ്രാഹ്മണിക്കല്‍ വരേണ്യ സമീപനം. മുംബൈയില്‍ മനുവാദികളുടെ ആക്രമണത്തിനു വിധേയമായി ജീവന്‍ നഷ്ടമായ (രോഹിത് വെമുലയുടെ institutional murder നു സമാനം) ഡോ. പായല്‍ തഡ്‌വിന്റെ കാര്യത്തില്‍ ഒരു ധാര്‍മ്മികരോഷവും ഐ.എം.എ ക്കുണ്ടായില്ല. യു.പിയില്‍ പാവങ്ങളും നിരാലംബരുമായ കുഞ്ഞുങ്ങള്‍ക്കു പ്രാണ വായു എത്തിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ യോഗിയുടെ സര്‍ക്കാര്‍ തുറുങ്കിലടക്കുകയും ഉപജീവനം മുട്ടിക്കുകയും ചെയ്ത ഡോ. കഫീല്‍ ഖാനു വേണ്ടി ഒരു പ്രതിഷേധ പ്രസ്താവന പോലും ഐ.എം.എ ഇറക്കിയിട്ടില്ല. ബംഗാളിലെ ഡോക്ടര്‍മാരുടെ കാര്യത്തില്‍ മമത ക്കെതിരെ ദേശവ്യാപക പണിമുടക്കു നടത്തുന്ന ഐ.എം.എ, തനിക്കു വേണ്ടി യു.പി മുഖ്യന്‍ യോഗിയോട് ഒരഭ്യര്‍ത്ഥനയെങ്കിലും നടത്തണമെന്ന് ഇന്നലെയും ഡോ. ഖാന്‍ പ്രസ്താവനയിറക്കിയിട്ടുണ്ട്. മസ്തിഷ്‌ക്ക ജ്വരം ബാധിച്ച് ബീഹാറില്‍ നൂറോളം കുഞ്ഞുങ്ങള്‍ മരിച്ചതില്‍ ഈ സംഘടനക്ക് യാതൊരു ഉല്‍ക്കണ്ഠയുമില്ല.

കൂടുതല്‍ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. അനന്തപുരിയില്‍ നിന്നുള്ള ഐ.എം.എ യുടെ സ്ഥാപക പ്രസിഡന്റ്, സ്ത്രീകള്‍ക്കു തുല്യാവകാശം പ്രഖ്യാപിച്ച സുപ്രിം കോടതി വിധിക്കെതിരെ തെരുവില്‍ അഴിഞ്ഞാടിയ ശബരിമല കര്‍മ്മ സമിതിയുടെ രക്ഷാധികാരിയായിരുന്നു എന്ന കാര്യമൊക്കെ ഓര്‍മ്മിക്കുന്നത് നന്ന്. ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം തുടങ്ങിയതു മുതല്‍ കേന്ദ്ര ആഭ്യന്തര- ആരോഗ്യ മന്ത്രിമാര്‍ ചെലുത്തി വരുന്ന അമിത താല്പര്യമൊക്കെ ആര്‍ക്കും മനസ്സിലാകുന്നതാണ്.

അതുകൊണ്ടാണ് , സാധാരണ മനുഷ്യരെ ബന്ദിയാക്കി ഐ.എം.എ നടത്തുന്ന സമരം കോര്‍പ്പറേറ്റ് – സവര്‍ണ താല്പര്യങ്ങളെ സേവിക്കുന്നുവെന്നു പറയേണ്ടിവരുന്നത്.

We use cookies to give you the best possible experience. Learn more