| Friday, 24th March 2017, 1:21 pm

വര്‍ഗീസിനെതിരായ സര്‍ക്കാര്‍ നിലപാട്: പിണറായി സര്‍ക്കാറിന്റെ ഇടതുമുഖംമൂടി വലിച്ചുകീറുന്ന സംഭവമെന്ന് പി.ജെ ജെയിംസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വര്‍ഗീസിനെതിരായ സംസ്ഥാന സര്‍ക്കാര്‍ നിലപാട് പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഇടതുമുഖംമൂടി വലിച്ചു കീറുന്ന സംഭവമാണെന്ന് സി.പി.ഐ.(എം.എല്‍ ) നേതാവ് പി.ജെ ജെയിംസ്. പൂര്‍ണമായും ഭരണവര്‍ഗ പക്ഷത്തേക്കു മാറിക്കഴിഞ്ഞ പാര്‍ട്ടിയാണ് സി.പി.ഐ.എമ്മെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീസിന്റേത് ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചുകൊണ്ട് ഡൂള്‍ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീസിനെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ ആള്‍ ശിക്ഷിക്കപ്പെട്ടിട്ടും പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ ഈ പ്രസ്താവന അവര്‍ എങ്ങനെ ഭരണവര്‍ഗ, കോര്‍പ്പറേറ്റ് സേവ ചെയ്യുന്നു എന്നത് അടിവരയിടുന്ന സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.


Also Read: സി.പി.ഐ.എം നിലപാടിനെതിരായ സത്യവാങ്മൂലം എങ്ങനെ കോടതിയിലെത്തിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്


സി.പി.ഐ.എം വര്‍ഗരാഷ്ട്രീയം കയ്യൊഴിക്കുകയും കാര്‍ഷികവിപ്ലവമടക്കമുള്ള അടിസ്ഥാന നിലപാടുകള്‍ കയ്യൊഴിക്കുകയും ചെയ്തതതിനെതിരായിട്ടാണ് നക്സല്‍ ബാരി കലാപമുണ്ടാകുന്നത്. അതിന്റെ തുടര്‍ച്ചയായിട്ടാണ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഭൂമിക്ക് വേണ്ടി ജന്മിത്വ ശക്തികള്‍ക്കും മറ്റ് ഭൂപ്രമാണിമാര്‍ക്കും എതിരായിട്ട് വയനാട്ടിലൊക്കെ സമരം നടന്നത്. അപ്പോള്‍ വര്‍ഗീസിനെ തള്ളിപ്പറയുക എന്നത് പൂര്‍ണമായും ഭരണവര്‍ഗ രാഷ്ട്രീയത്തിലേക്ക് മാറിയൊരു പ്രസ്ഥാനത്തിന്റെ സമീപനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇവിടെ സാമ്പത്തിക രംഗങ്ങളില്‍ ഏതുനയം എടുത്തുകഴിഞ്ഞാലും ഇന്ന് മറ്റു ഭരണവര്‍ഗ പാര്‍ട്ടികളേക്കാള്‍ മത്സരിച്ചുകൊണ്ട് ആ നയങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. അത് ഇപ്പോള്‍ നമ്മള്‍ ഏത് നയം എടുത്തുകഴിഞ്ഞാലും അങ്ങനെയാണ്. അതുകൊണ്ട് തന്നെ ഈ സര്‍ക്കാര്‍ ഇങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് കൊടുത്തു എന്നതില്‍ അത്ഭുതപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more