| Saturday, 11th May 2019, 9:27 pm

ക്രൈസ്തവര്‍ വെല്ലുവിളികള്‍ നേരിടുന്നത് സംഘപരിവാറില്‍ നിന്ന്; ബി.ജെ.പിയുടെ ഭീകരവിരുദ്ധ ക്രൈസ്തവ കൂട്ടായ്മയ്‌ക്കെതിരെ പി.ജെ ജെയിംസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശ്രീലങ്കന്‍ സ്‌ഫോടനങ്ങളെ നിമിത്തമാക്കി ഭീകരവിരുദ്ധ ക്രൈസ്തവ കൂട്ടായ്മയെന്ന പേരില്‍ ക്രൈസ്തവ സംരക്ഷണസേനയുണ്ടാക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം.എല്‍ റെഡ് സ്റ്റാര്‍ നേതാവ് പി ജെ ജെയിംസ്. ഇന്ത്യയില്‍ ക്രൈസ്തവര്‍ വെല്ലുവിളികള്‍ നേരിടുന്നത് രാഷ്ട്രീയ ഇസ്ലാമി’ ല്‍ നിന്നല്ല സംഘപരിവാര്‍ ശക്തികളില്‍ നിന്നാണെന്ന് ജെയിംസ് പറഞ്ഞു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ‘രാഷ്ട്രീയ ഇസ്ലാമി’ ല്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികള്‍ ക്രൈസ്തവര്‍ നേരിടുന്നതായി അറിവില്ല. നേരെ മറിച്ച്, വടക്കേ ഇന്ത്യയിലും മറ്റും ‘മിഷനറി’ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്രിസ്തീയ വിഭാഗങ്ങള്‍ പ്രാദേശികമായി അതിക്രമങ്ങള്‍ക്കു വിധേയരാകാറുള്ളത് സംഘപരിവാര്‍ ശക്തികളില്‍ നിന്നാണു താനും. കാവിശക്തികളുടെ നേതൃത്വത്തില്‍ നടന്ന ‘ഗ്രഹാം സ്റ്റെയ്ന്‍സ് കൊലപാതകവും ‘ ചിലയിടങ്ങളിലെ പള്ളി തകര്‍ക്കലും ഉദാഹരണം. എന്നാല്‍, ഈ അതിക്രമങ്ങള്‍ക്കെതിരെ, നിക്ഷിപ്ത താല്പര്യങ്ങളുള്ള ക്രൈസ്തവ മേധാവികള്‍ വലിയ കോലാഹലത്തിനൊന്നും തുനിഞ്ഞതുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പിയുടെ നീക്കം ആഗോള മൂലധനവുമായി ഇഴുകിച്ചേര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ സവിശേഷ സാഹചര്യത്തില്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നെന്നും ക്രൈസ്തവര്‍ നേരിടുന്ന ഭീകരതയെന്ന ‘പോസ്റ്റ് ട്രൂത്തി’നെ അധിഷ്ഠിതമാക്കി മുന്നോട്ടു വെച്ചിട്ടുള്ള ഈ ഹിന്ദുത്വ-ക്രൈസ്തവ അവിഹിത ബാന്ധവം പ്രത്യക്ഷത്തിലുള്ളതെക്കാള്‍ ആഴത്തില്‍ മാനങ്ങളുള്ളതാണെന്നും ജെയിംസ് പറഞ്ഞു.

കപട ദേശീയ വാദികളാല്‍ കൊല്ലപ്പെടാന്‍ സാധ്യതയുള്ള മുസ്‌ലിങ്ങള്‍ നേരിടുന്നതു പോലുള്ള ഒരു വെല്ലുവിളിയും ക്രൈസ്തവര്‍ നേരിടുന്നില്ല. എന്നു മാത്രമല്ല, കൊളോണിയല്‍ ചരിത്രത്തിന്റെ തുടര്‍ച്ചയായി, ക്രൈസ്ത മതമേധാവിത്വം അനുഭവിച്ചു പോരുന്ന ഭരണഘടനാപരമായ പരിലാളനകള്‍ക്കൊന്നും ഒരു കോട്ടവും വരുത്താന്‍ കാവിശക്തികള്‍ തയ്യാറായിട്ടുമില്ല.

തിരിച്ച്, മോദി അധികാരത്തിലെത്തിയ വേളയില്‍ അതു ദൈവനിയോഗമാണെന്ന പ്രസ്താവനയിറക്കാനും കത്തോലിക്കാ മതനേതൃത്വം തയ്യാറാകുകയും ചെയ്തു. അതേസമയം, അതിവിശാലമായ ഇന്ത്യയില്‍ കാവി ഭരണം കെട്ടഴിച്ചുവിട്ട ലുമ്പന്‍ ഘടകങ്ങളില്‍ നിന്നും പ്രാദേശികമായി ക്രൈസ്തവര്‍ എതിര്‍പ്പു നേരിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാല്‍, ഇസ്‌ലാമില്‍ നിന്ന് ഇതുവരെ ഒരു ഭീഷണിയും ഇന്ത്യയിലെ ക്രൈസ്തവര്‍ നേരിടുന്നതായി റിപ്പോര്‍ട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതുകൊണ്ട്, ഇസ്‌ലാമിനെ പ്രതിസ്ഥാനത്തു നിര്‍ത്തിയുള്ള അമേരിക്കയുടെ ഭീകരതാ വിരുദ്ധ അജണ്ടയുടെ ഇന്ത്യന്‍ പതിപ്പാണ് ഇപ്പോള്‍ ബി.ജെ.പി രൂപവല്‍ക്കരിച്ചിട്ടുള്ള ഭീകരവിരുദ്ധ ക്രൈസ്തവ കൂട്ടായ്മയെന്ന് നിസ്സംശയം പറയാമെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more