മാര്‍ ക്ലീമിസിന്റെ സ്ഥാനാരോഹണ വും കോര്‍പ്പറേറ്റ് മാധ്യമങ്ങളും
Kerala
മാര്‍ ക്ലീമിസിന്റെ സ്ഥാനാരോഹണ വും കോര്‍പ്പറേറ്റ് മാധ്യമങ്ങളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th November 2012, 3:41 am

രാജ്യത്തെ ക്രിമിനല്‍-തൊഴില്‍-നികുതി നിയമങ്ങളൊന്നും ബാധകമല്ലാത്ത സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ആക്കി പുഷ്പഗിരി മെഡിക്കല്‍ കോളേജിനോട് അനുബന്ധിച്ച 140 ഏക്കര്‍ സ്ഥലം മാറ്റാന്‍ എമേര്‍ജിങ് കേരളയില്‍ പദ്ധതി സമര്‍പ്പിച്ചത് വഴി മറ്റ് സഭകള്‍ക്ക് ഒരു മാതൃകയായികൂടി മലങ്കര കത്തോലിക്ക സഭ മാറിയിരിക്കുന്നു


എസ്സേയ്‌സ്‌ / പി.ജെ ജയിംസ്

pj james cpiml keralaമലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച ബിഷപ്പ് മാര്‍ ക്ലീമിസ് കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടത് കേരളത്തിലെ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ആഘോഷപൂര്‍വം കൊണ്ടാടി. പത്രങ്ങളും ചാനലുകളും ഇക്കാര്യത്തില്‍ പരസ്പരം മത്സരിച്ചു.

കേരളത്തിന് രണ്ടാമതൊരു കര്‍ദ്ദിനാള്‍ പദവി കൂടി കിട്ടിയത് മഹാനേട്ടമായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഏതെല്ലാം രൂപത്തിലാണ്, ഏതെല്ലാം രംഗങ്ങളിലാണ് ഇതിന്റെ നേട്ടം ജനങ്ങള്‍ക്കും രാജ്യത്തിനും ഉണ്ടാകുകയെന്ന് ആരും വിശദീകരിച്ചില്ല.

സ്ഥാനോഹരണ ചടങ്ങില്‍ പാളയം ഇമാമും ശാന്തി ഗിരി ആശ്രമം മേധാവിയും കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ്, മുസ്‌ലീം ലീഗ് തുടങ്ങിയ ഭരണവര്‍ഗ പാര്‍ട്ടികളുടെ നേതാക്കന്‍മാരും മന്ത്രിമാരും മറ്റും പങ്കെടുത്തതിലൂടെ മതസൗഹാര്‍ദ്ദവും സാംസ്‌ക്കാരക സമത്വവും മറ്റും സ്ഥാപിതമായി എന്ന് കേരളത്തിലെ പത്ര മുത്തശ്ശികള്‍ കോളമെഴുതിയെങ്കിലും തീവ്രമാകുന്ന മതഭ്രാന്തിനും വര്‍ഗീയതയ്ക്കും അനാചാരങ്ങള്‍ക്കും അന്തവിശ്വാസങ്ങള്‍ക്കും കുറവുണ്ടായതിന്റെ ലക്ഷണങ്ങളൊന്നും കാണാനാകുന്നില്ല.[]

എന്നുമാത്രമല്ല ഭരണഘടനയില്‍ ഔപചാരികമായെങ്കിലും പറയുന്ന മതേതരത്വം, ജനാധിപത്യം തുടങ്ങിയ അടിസ്ഥാന തത്വങ്ങളെ കാറ്റില്‍ പറത്തി മതങ്ങള്‍ രാഷ്ട്രീയത്തിലും സമ്പദ്ഘടനയിലും വിദ്യാഭ്യാസത്തിലും മറ്റും കടന്നുകയറുകയും ഊഹമൂലധനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമസ്ത മേഖലകളിലേയും കോര്‍പ്പറേറ്റ് വത്ക്കരണത്തിന്റെ ചാലകശക്തിയായി മതങ്ങള്‍ മാറുകയും ചെയ്യുന്ന പ്രവണത കേരളത്തില്‍ വളരെ കൂടുതലുമാണ്.

കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ കോര്‍പ്പറേറ്റ് മൂലധനവും ഭരണവര്‍ഗ രാഷ്ട്രീയവും ഉന്നത ബ്യൂറോക്രസിയും കോര്‍പ്പറേറ്റ് മാധ്യമങ്ങളുമായി അവിഹിത ബന്ധത്തിലേര്‍പ്പെട്ട് ഭൂമി, വിദ്യാഭ്യാസം, ആതുരശുശ്രൂഷാ രംഗം തുടങ്ങിയ മേഖലകളില്‍ നടപ്പാക്കുന്ന മാഫിയാ വത്ക്കരണത്തില്‍ നിര്‍ണായകമായ ഭൗതിക ആത്മീയ ശക്തിയായിട്ടാണ് കത്തോലിക്കാ മതനേതൃത്വം പ്രവര്‍ത്തിച്ചുവരുന്നത്.

ആനുപാതികമല്ലാത്ത വിധം ഇതര മതങ്ങളെ അപേക്ഷിച്ച് കത്തോലിക്കാ മേധാവിത്വത്തിന് കോര്‍പ്പറേറ്റ് മീഡിയ നല്‍കുന്ന പ്രാധാന്യത്തിന്റെ കാര്യമന്വേഷിച്ച് പരതേണ്ടതില്ല.

ഭൂമി, റിയല്‍ എസ്‌റ്റേറ്റ്, ആരോഗ്യ വിദ്യാഭ്യാസമടക്കമുള്ള സേവനമേഖലകള്‍, ബാങ്കിങ്, ബാങ്കേതര സ്വകാര്യ സ്ഥാപനങ്ങള്‍, പണമിടപാട് പ്രവര്‍ത്തനങ്ങള്‍, മദ്യം, സ്വര്‍ണവ്യാപാരം, നാണ്യവിളകള്‍ സര്‍വോപരി വിദേശപണം തുടങ്ങിയവയെല്ലാമടങ്ങുന്ന കേരളത്തിന്റെ സാമ്പത്തിക ചലന ശ്രമങ്ങളിലും അവയുമായി ബന്ധപ്പെട്ട രാഷ്ട്രീയ മണ്ഡലങ്ങളിലും നിര്‍ണായകമായി ഇടപെടാന്‍ കഴിവുള്ള കത്തോലിക്കാ മതനേതൃത്വത്തെ അവഗണിക്കാന്‍ കേരളത്തിലെ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ക്ക് സ്വാഭാവികമായും കഴിയുന്നതല്ല. എന്നുമാത്രമല്ല മേല്‍സൂചിപ്പിച്ച മേഖലകളുമായി ബന്ധപ്പെട്ട് തന്നെയാണ് ഇവിടുത്ത പരസ്യ പ്രചരണങ്ങള്‍ രൂപം കൊള്ളുന്നത്.

പരസ്യങ്ങളിലൂന്നി പ്രവര്‍ത്തിക്കുന്ന പത്ര ടെലിവിഷന്‍ മാധ്യമങ്ങള്‍ക്ക് കത്തോലിക്കാ മത മേധാവിത്വത്തിന്റെ താത്പര്യങ്ങളെ ഉയര്‍ത്തിപ്പിടിക്കേണ്ട ബാധ്യതയുണ്ട്. സംഘപരിവാറിന്റെ താത്പര്യങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന കേരളത്തിലെ കുത്തകപത്രം പോലും കത്തോലിക്കാ മതത്തെ പ്രൊജക്ട് ചെയ്യുന്നത് അക്കാരണത്താലാണ്.

എന്നാലതേസമയം, പ്രാദേശികമായ ഈ കച്ചവട താത്പര്യങ്ങള്‍ക്കപ്പുറം കത്തോലിക്കാ സഭയ്ക്ക് കിട്ടുന്ന മാധ്യമപിന്‍ബലത്തിന് ആഗോളമായ മാനങ്ങളുണ്ടെന്നത് എടുത്തുപറയേണ്ട കാര്യമല്ല. നൂറ്റാണ്ടുകള്‍ നീണ്ട അധിനിവേശത്തിന്റേയും രണ്ടാം ലോക യുദ്ധാനന്തരം അമേരിക്കന്‍ നേതൃത്വത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുത്തന്‍ അധിനിവേശത്തിന്റേയും രാഷ്ട്രീയവും പ്രത്യയ ശാസ്ത്രവും നയവും ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതില്‍ സാമ്രാജ്യത്വത്തിന്റെ ആത്മീയ ശക്തിയായ കത്തോലിക്കാ സഭയ്ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്.

അതോടൊപ്പം ഈ ലോക വ്യവസ്ഥയ്‌ക്കെതിരെ ഉയര്‍ന്നുവരുന്ന എല്ലാ ജനകീയ പ്രതിഷേധങ്ങളേയും അടിച്ചൊതുക്കുന്നതില്‍ സഭ എക്കാലത്തും അധികാര പക്ഷത്ത് തന്നെയാണ് അത്യന്തികമായി നിലനിന്നിട്ടുള്ളത്. ഇതിന്റെ ഭാഗമായി ജനകീയ രോഷത്തെ അരാഷ്ട്രീയവത്ക്കരിച്ച് വ്യതിചലിപ്പിക്കാന്‍ വമ്പിച്ച ആഗോള ഫണ്ടിങ്ങില്‍ അധിഷ്ടിതമായ എന്‍.ജി.ഒ സന്നദ്ധ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും ലോകവ്യാപകമായി കത്തോലിക്കാ സഭാനേതൃത്വം നല്‍കിവരുന്നു. തീര്‍ച്ചയായും ഇവയെല്ലാം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതും ഇനിയും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ വിഷയങ്ങളാണ്.

ഇതിന്റെയെല്ലാം തുടര്‍ച്ചയായി കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായി ഫിനാന്‍സ് ഊഹമൂലധനം കെട്ടഴിച്ച് വിട്ടിട്ടുള്ള ആഗോളീകരണ- നവ ഉദാരീകരണ വ്യവസ്ഥ രാഷ്ട്രീയ സാമ്പത്തിക മണ്ഡലങ്ങളില്‍ നടപ്പാക്കികൊണ്ടിരിക്കുന്ന തീവ്ര വലതുപക്ഷവത്ക്കരണത്തില്‍ മതങ്ങള്‍ അടക്കമുള്ള പിന്തിരിപ്പന്‍ സ്ഥാപനങ്ങള്‍ക്ക് മുമ്പൊരിക്കലുമില്ലാത്ത പദവിയാണ് ലഭിച്ചിരിക്കുന്നത്.

മതവും ജാതിയുമായി ബന്ധപ്പെട്ട ജീര്‍ണിച്ച് നാറുന്ന ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ച വാര്‍ത്തകള്‍ മുമ്പ് പ്രാദേശിക പേജുകളിലായി ഒതുക്കിയിരുന്ന കേരളത്തിലെ പത്രങ്ങള്‍ അവ മുന്‍ പേജില്‍ തന്നെ വാര്‍ത്തയായി കൊടുത്തുതുടങ്ങിയത് ഈ അവസ്ഥയിലാണ്

സമസ്ത മേഖലയിലും കൊള്ളലാഭത്തിന് കീഴ്‌പ്പെടുത്തിയും ജനകോടികളെ ദുരന്തത്തിലേക്ക് തള്ളിവിട്ടുകൊണ്ടും കടന്നുവരുന്ന കമ്പോള ശക്തികള്‍ അവരുടെ പ്രത്യയശാത്രമായ ഉത്തരാധുനികതയും സ്വത്വവാദം പോലുള്ള അതിന്റെ നാനാരൂപങ്ങളേയും ഉപയോഗിച്ച് മതമൗലിക വാദം, ജാതിവാദം, വംശീയവാദം, നവഗോത്രവാദം, തുടങ്ങിയ ചിന്താധാരകളേയും  പ്രോത്സാഹിപ്പിച്ച് കൊണ്ടിരിക്കുന്നു.

നമ്മുടെ നാടിന്റെ സവിശേഷ സാഹചര്യങ്ങൡ മതാധിപത്യങ്ങള്‍ക്കും ജാതി മേധാവികള്‍ക്കും രാഷ്ട്രീയ സമ്പദ്ഘടനയിലും വിദ്യാഭ്യാസ സാംസ്‌കാരികാധി മണ്ഡലങ്ങളിലും കോര്‍പ്പറേറ്റ് മാധ്യമങ്ങളിലും അടുത്തകാലത്ത് കൈവന്നിട്ടുള്ള വമ്പിച്ച സ്വീകാര്യത ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്തേണ്ടത്.

മതവും ജാതിയുമായി ബന്ധപ്പെട്ട ജീര്‍ണിച്ച് നാറുന്ന ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ച വാര്‍ത്തകള്‍ മുമ്പ് പ്രാദേശിക പേജുകളിലായി ഒതുക്കിയിരുന്ന കേരളത്തിലെ പത്രങ്ങള്‍ അവ മുന്‍ പേജില്‍ തന്നെ വാര്‍ത്തയായി കൊടുത്തുതുടങ്ങിയത് ഈ അവസ്ഥയിലാണ്. പള്ളി പ്രദക്ഷിണങ്ങളും ക്ഷേത്രോത്സവങ്ങളും പൊങ്കാലകളും തെരുവുകളും പൊതു ഇടങ്ങളും കൈയ്യേറുന്നതോടൊപ്പം ധാര്‍ഷ്ഠ്യവും അസഹിഷ്ണുതയും സ്ഫുരിക്കുന്ന മതഭ്രാന്തും അനുഷ്ഠാനങ്ങളും  കോര്‍പ്പറേറ്റ് സ്‌പോണര്‍സര്‍ഷിപ്പില്‍ തഴച്ച് വളരുകയാണ്. കേരളം വീണ്ടുമൊരു ഭ്രാന്താലയമായിരിക്കുകയാണ്.

1959 ലെ വിമോചന സമരത്തിന് നേതൃത്വം കൊടുത്തത് വഴി കേരളത്തിലെ പുരോഗമന ജനാധിപത്യ സമൂഹത്തില്‍ കത്തോലിക്കാ മതനേതൃത്വത്തിന് മ്ലേച്ഛമായ ഒരു ഇമേജാണ് മുമ്പുണ്ടായിരുന്നത്. എന്നാല്‍ നവഉദാരീകരണം ഉണ്ടാക്കിയ ഊഹമൂലധന കോര്‍പ്പറേറ്റ് സാധ്യതകളേയും വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അപചയത്തേയും ഫലപ്രദമായി ഉപയോഗിച്ച് കേരളത്തിന്റെ പൊതു മണ്ഡലത്തില്‍ അങ്ങേയറ്റം പ്രതിലോമകരമായ ഇടപെടലുകളാണ് കഴിഞ്ഞ രണ്ട് മൂന്ന് ദശാബ്ദങ്ങളിലൂടെ അത് നടത്തിക്കൊണ്ടിരിക്കുന്നത്.

പഴയ “തൊപ്പിപ്പാളക്കാരും” “കുറുവടിക്കാരും” ഇന്ന് ഭൂമാഫിയയേയും വിദ്യാഭ്യാസമാഫിയയേയും കുടിയേറ്റമാഫിയയേയും ആശുപത്രിമാഫിയയെല്ലാമായി രൂപപ്പെടുത്തിയിരിക്കുന്നു. പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണാര്‍ത്ഥം രൂപം നല്‍കിയ മാധവ് ഗാഡ്ഗില്‍ കമ്മിറ്റിക്കും അതിന്റെ റിപ്പോര്‍ട്ടിനുമെതിരെ കത്തോലിക്ക മെത്രാന്മാരുടെ നേതൃത്വത്തില്‍ ഭൂമാഫിയകളും കുടിയേറ്റ മാഫിയയും മാണിയുടേയും മറ്റും പിന്തുണയോടെ പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നു.

കേരളത്തിലെ തൊഴിലാളികളുടേയും ആദിവാസികളും ദളിതരും സ്ത്രീകളുമടങ്ങുന്ന മര്‍ദ്ദിതരുടേയും ഒന്നാം നമ്പര്‍ ശത്രുവായി ഈ മാഫിയ വളര്‍ന്നുകഴിഞ്ഞു. ഈ സ്ഥിതി വിശേഷത്തിന്റെ ഒരു പരിച്ഛേദനമാണ് ഇന്ന് കത്തോലിക്കാ കോര്‍പ്പറേറ്റ് മതമേധാവികള്‍ ആധിപത്യമേര്‍പ്പെടുത്തിയിട്ടുള്ള അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും ആശുപത്രികളിലും അടിമകളെപോലെ പണിയെടുക്കുന്ന പെണ്‍കുട്ടികളുടെ സ്ഥിതി. ഈ സ്ഥാപനങ്ങളിലെ അധ്യാപികമാര്‍ക്കും നഴ്‌സുമാര്‍ക്കും പട്ടിണിക്കൂലി പോലും നല്‍കാതെ വമ്പിച്ച സ്വത്ത് സമാഹരണം നടത്താന്‍ മാഫിയകള്‍ക്ക് കഴിയുന്നത് ഭരണസംവിധാനത്തന്റെ മുഴുവന്‍ പിന്‍ബലത്തിലുമാണെന്ന് ഏവര്‍ക്കുമറിയാം.

മലങ്കര കത്തോലിക്കാ സഭ ചെറിയ സഭ(കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭയുടെ പരമാധികാരിയും കേരളത്തിലെ കര്‍ദ്ദിനാള്‍മാരില്‍ മൂപ്പനുമായ മാര്‍ ആലഞ്ചേരി ഇത് പറഞ്ഞത് റോമിന്റെ ഔദാര്യം കൊണ്ടാണ് മലങ്കര സഭയ്ക്ക് കര്‍ദ്ദിനാള്‍ പദവി കിട്ടിയതെന്ന് സൂചിപ്പിക്കാനായിരുന്നു)യാണെങ്കിലും കേരളത്തിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ കോര്‍പ്പറേറ്റ് മാഫിയാവത്കരണം ഏറ്റവും വിദഗ്ധമായി നടപ്പാക്കികൊണ്ടിരിക്കുന്നത് അതിന്റെ നിയന്ത്രണത്തിലുള്ള തിരുവല്ലാ പുഷ്പഗിരി മെഡിക്കല്‍ കോളേജാണ്.

രാജ്യത്തെ ക്രിമിനല്‍-തൊഴില്‍-നികുതി നിയമങ്ങളൊന്നും ബാധകമല്ലാത്ത സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ആക്കി പുഷ്പഗിരി മെഡിക്കല്‍ കോളേജിനോട് അനുബന്ധിച്ച 140 ഏക്കര്‍ സ്ഥലം മാറ്റാന്‍ എമേര്‍ജിങ് കേരളയില്‍ പദ്ധതി സമര്‍പ്പിച്ചത് വഴി മറ്റ് സഭകള്‍ക്ക് ഒരു മാതൃകയായികൂടി മലങ്കര കത്തോലിക്ക സഭ മാറിയിരിക്കുന്നു.

ദൈവത്തേയും മതത്തേയും ആതുരശുശ്രൂഷയേയും സമന്വയിപ്പിച്ച് ഏറ്റവും ലാഭകരമായ കച്ചവടവും സമ്പത്ത്‌സമാഹരണവും എപ്രകാരം നടത്താമെന്ന് തെളിയിക്കുകയും ആ പ്രക്രിയയില്‍ പണിയെടുക്കുന്നവരെ കൂലി അടിമകളാക്കി മാറ്റുകയും ചെയ്യുന്ന മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ കര്‍ദ്ദിനാളായി മാര്‍ക്ലിമീസ് അവരോധിക്കപ്പെടുമ്പോള്‍ അത് കേരളത്തിന്റെ ജനാധിപത്യവത്കരണത്തിന് എന്ത് സംഭാവനയാണ് ചെയ്യുന്നതെന്ന് കോര്‍പ്പറേറ്റ് മാധ്യമ മുതലാളിമാരും ആസ്ഥാന സാംസ്‌കാരിക നായകന്മാരും ഒന്ന് വിശദീകരിച്ചാല്‍ നന്ന്.