ഇംതിയാസ് അലി രചനയും സംവിധാനവും നിര്‍വഹിച്ച് 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തമാശ. എ.ആര്‍. റഹ്‌മാന്‍ സംഗീതം ഒരുക്കിയ ചിത്രം എന്നാല്‍ റിലീസ് ചെയ്ത സമയത്ത് വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ കാലങ്ങള്‍ക്ക് ശേഷം തമാശയെ കള്‍ട്ട് ക്ലാസിക് ചിത്രങ്ങളുടെ ഗണത്തിലാണ് ആരാധകരും നിരൂപകരും ഉള്‍പ്പെടുത്തുന്നത്. രണ്‍ബീര്‍ കപൂര്‍, ദീപിക പദുക്കോണ്‍, പിയൂഷ് മിശ്ര എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
തന്റെ കഥാപാത്രവും രണ്‍ബീറും തമ്മില്‍ സംസാരിക്കുന്ന ചിത്രത്തിലെ രംഗം ചിത്രീകരിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് പിയൂഷ് മിശ്ര. 16 തവണ താനും രണ്‍ബീറും തമ്മിലുള്ള രംഗം എടുത്തെന്നും വികാരനിര്‍ഭരമായ ആ സീനില്‍ താന്‍ ഒന്നും മെച്ചപ്പെടുത്തിയില്ലെന്നും അദ്ദേഹം പറയുന്നു.
എഴുത്തുകാരന്റെയും സംവിധായകന്റെയും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു. താനും രണ്‍ബീറും 16 തവണ ചെയ്തതൊന്നും റീടേക്കുകളല്ലായിരുന്നെന്നും സംവിധായകന്റെ വിചിത്രമായ രീതിയായിരുന്നു അതെന്നും മിശ്ര പറയുന്നു. ബോളിവുഡ് ഹംഗാമയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇംതിയാസ് സ്‌ക്രിപ്റ്റില്‍ എഴുതിയതുപോലെ ഞങ്ങള്‍ ആ സീന്‍ അവതരിപ്പിച്ചു. സത്യം പറഞ്ഞാല്‍ ആ സീന്‍ മാത്രം ഞങ്ങള്‍ 16 തവണ ചെയ്തു. രണ്‍ബീറിനെ കൊണ്ടും ചെയ്യിപ്പിച്ചു. എന്നാല്‍ അതൊന്നും റീടേക്കുകള്‍ ആയിരുന്നില്ല. അത് ഇംതിയാസ് അലിയുടെ വിചിത്രമായ ഒരു രീതി മാത്രമാണ് അത്. അദ്ദേഹം റീടേക്കുകള്‍ക്ക് പോകാറില്ല.
ഷൂട്ട് ചെയ്യുമ്പോള്‍ ഇംതിയാസ് അലി എന്നോടും രണ്‍ബീറിനോടും ചെയ്യുന്നതെന്തോ അതുതന്നെ തുടരാന്‍ ആവശ്യപ്പെടും, തനിക്ക് ഇഷ്ടമുള്ളത് എടുക്കുമെന്ന് പറയും. അദ്ദേഹം എന്നെയും രണ്‍ബീറിനെയും വിശ്വസിച്ചു, ഞങ്ങള്‍ തമ്മിലുള്ള ബന്ധവും വളരെ മികച്ചതായിരുന്നു. ഞങ്ങള്‍ സംവിധായകന്‍ പറയുന്നതുപോലെതന്നെ ചെയ്തത് തുടര്‍ന്നു, ഒടുവില്‍ അയാള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ടേക്ക് ആ ചിത്രത്തില്‍ അദ്ദേഹം ഉള്‍പ്പെടുത്തി.
എന്നാല്‍ ആ സീനിലുള്ള ഞങ്ങളുടെ സംഭാഷണം വളരെ ദൈര്‍ഘ്യമേറിയതായിരുന്നു. അത് ഓരോ ടേക്കിലും കൃത്യമായി ചെയ്യാന്‍ ഞങ്ങള്‍ വളരെയധികം പരിശ്രമിച്ചു. എന്നാലും അന്ന് ചെയ്തതെല്ലാം ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ രസമായിരുന്നു. ഇംതിയാസ് അലിക്കൊപ്പം പ്രവര്‍ത്തിക്കുക എന്ന് പറയുന്നത് തന്നെ രസകരമാണ്,’ പിയൂഷ് മിശ്ര പറയുന്നു.
Content Highlight: Piyush Mishra Talks About Tamasha Movie And Ranbir Kapoor