ന്യൂദല്‍ഹി: ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം സാധൂകരിക്കാന്‍ നാസ പുറത്തുവിട്ട ചിത്രം ഷെയര്‍ ചെയ്ത കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് പൊങ്കാല.
മണിപ്പൂരിലെ ലെയ്സാങ് ഗ്രാമത്തില്‍ വൈദ്യുതി എത്തിയതോടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചെന്നായിരുന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ച കേന്ദ്രമന്ത്രി നാസ 2012 ലും 2016 ലും പുറത്തുവിട്ട ചിത്രമെടുത്ത് പ്രയോഗിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയെ ട്രോളി ആളുകളെത്തിയത്.
“”നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിര്‍ണായകമായ നേതൃത്വത്തില്‍ ഇന്ത്യ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചിരിക്കുന്നു. ഇന്ത്യന്‍ ഗ്രാമീണരുടെ ജീവിതത്തില്‍ നിന്ന് ഇരുട്ടിനെ ഇല്ലാതാക്കി പുതിയ പവര്‍ഫുള്‍ ഇന്ത്യയെ കെട്ടിപ്പെടുക്കാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണ് “”എന്ന കുറിപ്പോടെയായിരുന്നു രണ്ട് സാറ്റലൈറ്റ് ചിത്രങ്ങള്‍ പീയുഷ് ഗോയല്‍ ഷെയര്‍ ചെയ്തത്.പ്രഖ്യാനത്തില്‍ മുമ്പുള്ളതും ശേഷമുള്ളതും എന്ന രീതിയിലായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചത്.
എന്നാല്‍ അമേരിക്കല്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ട ചിത്രങ്ങളാണ് ഇതെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തി.
ആദ്യത്തെ ചിത്രം നാസ 2012ലും രണ്ടാമത്തെത് 2016ലും പുറത്തുവിട്ടതാണ്. ജനവാസപ്രദേശങ്ങളുടെ ക്രമം വ്യക്തമാക്കുകയായിരുന്നു ചിത്രത്തിന്റെ ഉദ്ദേശം.
ഈ ചിത്രം എല്ലാ ദ്വീപാവലിക്കും ഷെയര്‍ ചെയ്യുന്നതാണെന്ന് പറഞ്ഞായിരുന്നു പീയുഷ് ഗോയലിന്റെ ട്വീറ്റിന് താഴെ ഒരാള്‍ കമന്റ് ചെയ്തത്.
ഫോട്ടോഷോപ്പിലൂടെയും വ്യാജവാര്‍ത്തയിലൂടെയുമാണ് ബി.ജെ.പി സര്‍ക്കാര്‍ പിടിച്ചുനില്‍ക്കുന്നത്. ഇവര്‍ എന്നെങ്കിലും സത്യസന്ധമായ എന്തെങ്കിലും ഒരു കാര്യം ചെയ്യുമോ എന്നായിരുന്നു മറ്റൊരാളുടെ ട്വീറ്റ്.