‘അഭിജിത് ബാനര്‍ജിക്ക് അഭിനന്ദനം’, ബാനര്‍ജി ഇടതു ചായ്‌വുള്ളയാളാണെന്നും ഇന്ത്യയിലെ ജനങ്ങള്‍ അദ്ദേഹത്തെ തള്ളിക്കളഞ്ഞതാണെന്നും പീയുഷ് ഗോയല്‍
ന്യൂദല്‍ഹി: നൊബേല്‍ പുരസ്‌കാര ജേതാവ് അഭിജിത് ബാനര്‍ജി ഇടതു ചായ്‌വുള്ളയാളാണെന്നും, അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. സാമ്പത്തിക വിദഗ്ധന്‍ അഭിജിത് ബാനര്‍ജിയെ അഭിനന്ദിച്ച അടുത്ത നിമിഷമായിരുന്നു പീയൂഷിന്റെ പ്രതികരണം.
എസ്തര്‍ ഡഫ്‌ളോക്കും മൈക്കല്‍ ക്രെമറിനും ഒപ്പം സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം പങ്കിട്ട അഭിജിത് ബാനര്‍ജി ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെയും കടുത്ത വിമര്‍ശകനാണ്.
‘അഭിജിത് ബാനര്‍ജിക്ക് നൊബേല്‍ സമ്മാനം ലഭിച്ചു, ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. പക്ഷെ നിങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം എന്തായിരുന്നു അദ്ദേഹത്തിന്റെ ധാരണകളെന്ന്. അദ്ദേഹത്തിന്റെ ചിന്തകളെല്ലാം ഇടതു ചായ്‌വുവെച്ചു പുലര്‍ത്തുന്നവയാണ്. അദ്ദേഹം ന്യായ് പദ്ധതിയെ പരിപോഷിപ്പിച്ചു. പക്ഷെ അദ്ദേഹത്തിന്റെ ചിന്തകളെ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു’. പിയുഷ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു, മാത്രമല്ല ഒരു ഇന്ത്യക്കാരനാണ് എന്നതില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നു. അതിനു പക്ഷെ നമ്മള്‍ അദ്ദേഹത്തോട് യോജിക്കണം എന്നു നിര്‍ബന്ധമില്ലല്ലോ. ജനങ്ങള്‍ തന്നെ അദ്ദേഹത്തിന്റെ നിര്‍ദേശം തള്ളിക്കളഞ്ഞിട്ടുണ്ടെന്നും ഗോയല്‍ പറഞ്ഞു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നിശിതമായി വിമര്‍ശിച്ചിരുന്നു അഭിജിത് ബാനര്‍ജി.
‘ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അടിയന്തര ഘട്ടങ്ങളിലേക്ക് നീങ്ങുമ്പോള്‍ നിങ്ങള്‍ പണത്തിന്റെ സ്ഥിരതയെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ വേവലാതിപ്പെടുക അതിന്റെ ആവശ്യകതയെക്കുറിച്ചോര്‍ത്തായിരിക്കും. എനിക്ക് തോന്നുന്നു ആവശ്യകത എന്നത് ഇന്നത്തെ സാമ്പത്തിക സാഹചര്യത്തില്‍ വലിയൊരു പ്രശ്‌നം തന്നെയാണ്’. അഭിജിത് ബാനര്‍ജി പറഞ്ഞു.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പെട്ടെന്നാണ് താഴേക്ക് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. നോട്ടു നിരോധനത്തെയും ജി.എസ്.ടി നടപ്പാക്കിയ രീതിയേയും ബാനര്‍ജി വിമര്‍ശിച്ചിരുന്നു.
അഭിജിത് ബാനര്‍ജിയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.