ന്യൂദല്‍ഹി: റഷ്യന്‍ തെരുവിന്റെ ചിത്രം ഉയര്‍ത്തിക്കാട്ടി മോദി സര്‍ക്കാറിന്റെ വികസന നേട്ടമെന്ന അവകാശവാദവുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഊര്‍ജ മന്ത്രി പിയൂഷ് ഗോയലാണ് റഷ്യന്‍ തെരുവുകളില്‍ സ്ട്രീറ്റ് ലൈറ്റ് കത്തുന്ന ചിത്രങ്ങള്‍ ഇന്ത്യയിലേത് എന്ന തരത്തില്‍ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചത്.
“മോദി സര്‍ക്കാറിന്റെ സ്ട്രീറ്റ് ലൈറ്റ്‌നിങ് നാഷണല്‍ പ്രോഗ്രാമിന്റെ ഭാഗമായി 50,000 കിലോമീറ്റര്‍ വരുന്ന ഇന്ത്യന്‍ നിരത്തുകളില്‍ 30 ലക്ഷം എല്‍.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. 30ലക്ഷത്തിലേറെ പരമ്പരാഗത സ്ട്രീറ്റ്‌ലൈറ്റുകള്‍ എല്‍.ഇ.ഡിയായിമാറ്റി. ഈ നാഴികക്കല്ലോടെ ഇ.ഇ.എസ്.എല്‍ ലോകത്തിലെ ഏറ്റവും വലിയ തെരുവു ലൈറ്റ്മാനേജ്‌മെന്റ് കമ്പനിയായി മാറി.” എന്നവകാശവാദത്തോടെയായിരുന്നു പിയൂഷ് ഗോയലിന്റെ ട്വീറ്റ്
എന്നാല്‍ നേരത്തെ കാനഡയുടെ ചിത്രമായിരുന്നല്ലോ ഉപയോഗിച്ചത്, ഇപ്പോള്‍ റഷ്യയിലേക്കുമാറിയോ എന്ന് പരിഹസിച്ചുകൊണ്ട് ചില ട്വിറ്റര്‍ ഉപഭോക്താക്കള്‍ രംഗത്തുവന്നതോടെയാണ് മന്ത്രിയുടെ “കള്ളത്തരം” വെളിവായത്. ഇതോടെ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.
“കാനഡയിലെ എല്‍.ഇ.ഡി ലൈറ്റുകള്‍ മാറ്റി ഇപ്പോള്‍ ബി.ജെ.പിയത് റഷ്യയിലേക്കിട്ടിരിക്കുകയാണ്. ബി.ജെ.പിക്കും പിയൂഷ് ഗോയലിനും നല്ലനമസ്‌കാരം” എന്നു ട്വീറ്റു ചെയ്തുകൊണ്ടാണ് പിയൂഷ് ഗോയലിന്റെ വ്യാജ പ്രചരണത്തെ സോഷ്യല്‍ മീഡിയ പൊളിച്ചത്.
നേരത്തെ ബി.ജെ.പി ഭരണത്തിലുള്ള സൗത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ തെരുവുവിളക്കുകള്‍ സ്ഥാപിച്ചത് കാട്ടാന്‍ കാനഡയിലെ തെരുവിന്റെ ചിത്രം ഉപയോഗിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പരിഹാസം.
ബി.ജെ.പി ദല്‍ഹി പ്രസിഡന്റ് മനോജ് തിവാരിയാണ് കാനഡയിലെ ദൃശ്യങ്ങള്‍ ദല്‍ഹി മുനിസിപ്പല്‍കോര്‍പ്പറേഷനിലേത് എന്ന തരത്തില്‍ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചത്.
സര്‍ക്കാര്‍ വികസന അവകാശവാദങ്ങള്‍ക്കുവേണ്ടി വ്യാജ ഇമേജുകള്‍ ഉയര്‍ത്തിക്കാട്ടിയ സംഭവങ്ങള്‍ ബി.ജെ.പിയുടെ ഭ ാഗത്തുനിന്നും നേരത്തെയും ഉണ്ടായിരുന്നു. നേരത്തെ മോദിയുടെ ചെന്നൈ വെള്ളപ്പൊക്ക നിരീക്ഷണം ഫോട്ടോഷോപ്പ് ചെയ്ത ചിത്രത്തിന്റെ സഹായത്തോടെ പ്രചരിപ്പിച്ചതിന്റെ പേരില്‍ പി.ഐ.ബി ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.