നീണ്ട 28 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടാണ് ഇന്ത്യ 2011ല്‍ ലോകചാമ്പ്യന്‍മാരായത്. 1983ന് ശേഷം എം.എസ് ധോണിയുടെ കീഴിലായിരുന്നു ഇന്ത്യ വീണ്ടും ലോകത്തിന്റെ നെറുകയില്‍ എത്തിയത്.
മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ നേടിയ ഈ വിജയം ഓരോ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെയും ഹൃദയത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നതാണ്.
ഇപ്പോഴിതാ 2011 ലോകകപ്പിലെ ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലിയുടെ നിര്‍ണായകമായ ഇന്നിങ്‌സിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗള. 2011 ലോകകപ്പ് ഫൈനലിലെ വിരാടിന്റെ ഇന്നിങ്‌സിനെക്കുറിച്ചാണ് ചൗള സംസാരിച്ചത്. ടു സ്ലോഗേര്‍സ് പോഡ്കാസ്റ്റിലൂടെ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ സ്പിന്നത്.
‘2011 ലോകകപ്പ് ഫൈനലിലെ വിരാട് കോഹ്‌ലിയുടെ പ്രകടങ്ങളെക്കുറിച്ച് ആളുകള്‍ അത്രയൊന്നും സംസാരിക്കാറില്ല. എന്നാല്‍ ആ നിമിഷത്തിലെ കോഹ്‌ലിയുടെ ഇന്നിങ്‌സ് വളരെ നിര്‍ണായകമായ ഒന്നായിരുന്നു. ഫൈനലില്‍ ഞങ്ങള്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായപ്പോള്‍ അദ്ദേഹം വളരെ പ്രധാനപ്പെട്ട ഒരു ഇന്നിങ്സ് കളിച്ചു.’ പിയൂഷ് ചൗള പറഞ്ഞു.
ഫൈനലില്‍ 49 പന്തില്‍ 35 റണ്‍സ് നേടികൊണ്ടായിരുന്നു വിരാട് നിര്‍ണായകമായത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയര്‍ത്തിയ 274 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ സച്ചിന്‍ ടെൻഡുല്‍ക്കറിനെയും വിരേന്ദര്‍ സെവാഗിനെയും നഷ്ടമാവുകയായിരുന്നു.
ലങ്കന്‍ ഇതിഹാസ ബൗളര്‍ ലസിത് മലിംഗയായിരുന്നു ഇരു താരങ്ങളെയും പുറത്താക്കിയത്. ഈ സമ്മര്‍ദഘട്ടത്തില്‍ ഗൗതം ഗംഭീറിനൊപ്പം ബാറ്റ് ചെയ്ത് 35 റണ്‍സാണ് കോഹ്‌ലി സംഭാവന നല്‍കിയത്.
ഗംഭീര്‍ 122 പന്തില്‍ 97 റണ്‍സ് നേടിയാണ് നിര്‍ണായകമായത്. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ധോണിയുടെ മികച്ച ഫിനിഷിങ് കൂടിയായപ്പോള്‍ ഇന്ത്യ രണ്ടാം ഏകദിന കിരീടം നേടുകയായിരുന്നു. 79 പന്തില്‍ പുറത്താവാതെ 91 റണ്‍സ് നേടിയാണ് ധോണി ഇന്ത്യയെ വിജയത്തിലെത്തിച്ചത്. എട്ട് ഫോറുകളും രണ്ട് സിക്‌സുമാണ് ധോണിയുടെ ബാറ്റില്‍ നിന്നും പിറന്നത്.
നീണ്ട 17 വര്‍ഷത്തിന് ശേഷം ടി-20 ലോകകപ്പില്‍ ഇന്ത്യ വിജയക്കൊടി പാറിച്ചിരുന്നു. സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ രണ്ടാം കുട്ടി ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയത്. ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോററും വിരാട് ആയിരുന്നു. കലാശ പോരാട്ടത്തില്‍ 59 പന്തില്‍ 76 റണ്‍സ് നേടിക്കൊണ്ടായിരുന്നു കോഹ്‌ലി തിളങ്ങിയത്.
ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ചായും കോഹ്‌ലി തെരഞ്ഞെടുക്കപ്പെട്ടിരുന്നു ടി-20 ലോകകപ്പ് വിജയിച്ചതിന് പിന്നാലെ വിരാട് ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. സെപ്റ്റംബര്‍ 19മുതലാണ് പരമ്പരക്ക് തുടക്കം കുറിക്കുന്നത്. താരങ്ങളുടെ ഫിറ്റ്നസ് കണ്ടെത്താനായി ബി.സി.സി.ഐ എല്ലാ താരങ്ങളോടും ആഭ്യന്തര മത്സരങ്ങൾ കളിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlight: Piyush Chawla Talks About Virat Kohli Innings in ICC World Cup 2011