ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലിയെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗള. അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പ് ഫൈനലിലെ കോഹ്‌ലിയുടെ ഇന്നിങ്‌സിനെക്കുറിച്ചാണ് ചൗള പറഞ്ഞത്. ശുഭങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ സ്പിന്നര്‍.
‘വിരാട് കോഹ്‌ലി മാനസികമായി വളരെ ശക്തനാണ്. അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പ് ഫൈനലില്‍ അത് ഞങ്ങള്‍ കണ്ടു. അദ്ദേഹം ഇന്ത്യക്കായി ഫൈനലില്‍ മികച്ച പ്രകടനമാണ് നടത്തിയത്. അദ്ദേഹത്തിന്റെ റണ്‍സിന്റെ കരുത്തിലാണ് ഇന്ത്യ 175+ റണ്‍സ് നേടിയത്,’ പിയൂഷ് ചൗള പറഞ്ഞു
നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യ ടി-20 ലോകകപ്പ് നേടിയത്. കലാശപ്പോരാട്ടത്തില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ രണ്ടാം കുട്ടി ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയത്. ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ വിരാട് ആയിരുന്നു.
59 പന്തില്‍ 76 റണ്‍സ് നേടിക്കൊണ്ടായിരുന്നു വിരാട് തിളങ്ങിയത്. ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ചായും കോഹ്‌ലി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ടി-20 ലോകകപ്പ് വിജയിച്ചതിന് പിന്നാലെ വിരാട് ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. സെപ്റ്റംബര്‍ 19 മുതലാണ് ഈ പരമ്പരക്ക് തുടക്കം കുറിക്കുന്നത്. ഇത് കഴിഞ്ഞാല്‍ ന്യൂസിലാന്‍ഡിനെതിരെയും ഓസ്‌ട്രേലിയക്കെതിരെയുമാണ് ഇന്ത്യ കളിക്കുക. ഇതില്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കാണ്.
ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് റെക്കോഡാണ് കോഹ്‌ലിക്കുള്ളത്. 25 റെഡ് ബോള്‍ മത്സരങ്ങളില്‍ ഓസ്ട്രേലിയക്കെതിരെ ബാറ്റെടുത്ത വിരാട് 2042 റണ്‍സാണ് നേടിയിട്ടുള്ളത്. കങ്കാരുപ്പടക്കെതിരെ ടെസ്റ്റില്‍ 47.49 ആവറേജിലാണ് താരം ബാറ്റ് വീശിയത്.
ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് ഒരു ടീമിനെതിരെ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്. താരത്തിന്റെ ഈ മിന്നും പ്രകടനം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Piyush Chawla Talks About Virat Kohli