ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ആ കാര്യത്തിൽ വളരെ മുന്നിലാണ്: പ്രശംസയുമായി ഇന്ത്യൻ താരം
Cricket
ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ആ കാര്യത്തിൽ വളരെ മുന്നിലാണ്: പ്രശംസയുമായി ഇന്ത്യൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 13th September 2024, 11:37 am

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ പിയൂഷ് ചൗള. രോഹിത്തിന്റെ മികച്ച ക്യാപ്റ്റന്‍സിയെക്കുറിച്ചായിരുന്നു ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നര്‍ പറഞ്ഞത്. ശുഭങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എക്കാലത്തെയും മികച്ച ലീഡര്‍മാരില്‍ ഒരാളാണ് രോഹിത് ശര്‍മ. കളിക്കളത്തില്‍ അദ്ദേഹം വളരെ മികച്ചവനാണ്. മത്സരങ്ങളില്‍ കുറഞ്ഞ ടോട്ടലുകള്‍ പ്രതിരോധിക്കുമ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ അവന്റെ പങ്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. 2017 ഐ.പി.എല്‍ ഫൈനല്‍ പോലെ നിരവധി മത്സരങ്ങള്‍ കുറഞ്ഞ ടോട്ടലുകളില്‍ രോഹിത് പ്രതിരോധിച്ചിട്ടുണ്ട്.

രോഹിത് ക്യാപ്റ്റന്‍ എന്നതിലുപരി ഒരു യഥാര്‍ത്ഥ ലീഡറാണ്. അവന്‍ എല്ലാവര്‍ക്കും മാതൃകയാണ്. 2023 ലോകകപ്പിലും 2024 ടി-20 ലോകകപ്പിലും അവന്‍ ബാറ്റ് ചെയ്യുന്ന രീതി വളരെ മികച്ചതായിരുന്നു. ഇതിനെല്ലാം പുറമേ അവന്‍ ബൗളര്‍മാരുടെ ക്യാപ്റ്റന്‍ കൂടിയാണ്,’ പിയൂഷ് ചൗള പറഞ്ഞു.

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പ് രോഹിത്തിന്റെ കീഴിലായിരുന്നു ഇന്ത്യ സ്വന്തമാക്കിയിരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ടായിരുന്നു രോഹിത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ രണ്ടാം ടി-20 കിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ ആയിരുന്നു ഇന്ത്യ കിരീടം ചൂടിയത്.

ലോകകപ്പില്‍ ബാറ്റിങ്ങില്‍ മിന്നും പ്രകടനമായിരുന്നു രോഹിത് നടത്തിയത്. എട്ട് ഇന്നിങ്സുകളില്‍ നിന്നും മൂന്ന് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 281 റണ്‍സാണ് രോഹിത് നേടിയത്. 35.12 ആവറേജിലും 124.33 സ്ട്രൈക്ക് റേറ്റിലുമാണ് ഇന്ത്യന്‍ നായകന്‍ ബാറ്റ് വീശിയത്.

ലോകകപ്പ് വിജയത്തിന് പിന്നാലെ ആരാധകരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

അതേസമയം അടുത്തിടെ അവസാനിച്ചശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യ 2-0ത്തിന് പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീടുള്ള രണ്ടു മത്സരങ്ങളും ശ്രീലങ്ക വിജയിച്ചുകൊണ്ട് സീരീസ് വിജയം ഉറപ്പിക്കുകയായിരുന്നു.

മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മിഡില്‍ ഓര്‍ഡറില്‍ ഇറങ്ങിയ താരങ്ങള്‍ തിളങ്ങാതെ പോയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ ബാറ്റിങ്ങില്‍ രോഹിത് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. സെപ്റ്റംബര്‍ 19 മുതലാണ് ഈ പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്. ഈ പരമ്പരയില്‍ ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content Highlight: Piyush Chawla Talks About Rohit Sharma