ചാമ്പ്യന്‍സ് ട്രോഫിയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയ ശേഷം രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെയും മറികടന്ന് ഇന്ത്യ സെമി ഫൈനലില്‍ എത്തിയിരിക്കുകയാണ്.
ഗ്രൂപ്പ് ഘട്ടത്തില്‍ ടേബിള്‍ ടോപ്പറായ ന്യൂസിലാന്‍ഡിനെതിരെ മാര്‍ച്ച് രണ്ടിന് ഇന്ത്യ ഏറ്റുമുട്ടാനിരിക്കുകയാണ്. ദുബായില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ വലിയ കാത്തിരിപ്പിലാണ് ആരാധകര്‍.
മത്സരത്തില്‍ ഇന്ത്യന്‍ ഇലവനില്‍ വരുത്താനുള്ള സാധ്യതകളെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ പീയൂഷ് ചൗള.
നിലവില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്ന രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍ എന്നിവരെ മാറ്റാന്‍ ഒരു സാധ്യതയും ഇല്ലെന്നും മാറ്റം ഉണ്ടെങ്കില്‍ അത് മുഹമ്മദ് ഷമിയാണെന്ന് ചൗള പറഞ്ഞു. കഴിഞ്ഞ മത്സരങ്ങളില്‍ അസ്വസ്ഥത പ്രകടിപ്പിച്ച ഷമിക്ക് നിലവിലെ സാഹചര്യങ്ങളില്‍ വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ടെന്ന് ചൗള വീക്ഷിച്ചു.
‘രോഹിത് ശര്‍മയ്ക്ക് കുറച്ച് റണ്‍സ് ആവശ്യമുള്ളതിനാല്‍ ബാറ്റിങ് നിരയില്‍ മാറ്റം വരുത്താന്‍ കഴിയില്ല. വിരാട് കോഹ്‌ലി ഇപ്പോള്‍ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ശുഭ്മന്‍ ഗില്‍ ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്, അതേസമയം ശ്രേയസ് അയ്യര്‍ നാലാം നമ്പറില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഒരു സാധ്യത മാത്രമേയുള്ളൂ. സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ മുഹമ്മദ് ഷമിക്ക് വിശ്രമം നല്‍കാം,’ ചൗള പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ബംഗ്ലാദേശിനെതിരായ ഏകദിനത്തിലാണ് ഷമി കളത്തില്‍ തിരിച്ചെത്തിയത്. പരമ്പരയില്‍ അഞ്ച് വിക്കറ്റും താരം നേടിയിരുന്നു. 2023 ഏകദിന ലോകകപ്പിന് ശേഷം കണങ്കാലിന് പരിക്ക് പറ്റി ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷമി ഏറെ കാലം വിശ്രമത്തിലായിരുന്നു. ബോര്‍ടര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഷമി തിരിച്ചെത്തുമെന്ന് കരുതിയിരുന്നെങ്കിലും താരത്തെ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയില്ല.
Content Highlight: Piyush Chawla Talking About Mohammad Shami