| Saturday, 4th May 2024, 12:48 pm

ലോകകപ്പിൽ ഇന്ത്യക്ക് തിരിച്ചടിയാവുമോ? രോഹിത് ഇമ്പാക്ട് പ്ലയെർ ആയത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തി ചൗള

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വീണ്ടും തോല്‍വി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 24 റണ്‍സിനാണ് മുംബൈയെ പരാജയപ്പെടുത്തിയത്.

മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 19.5 ഓവറില്‍ 169 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 18.5 ഓവറില്‍ 145 റണ്‍സിന് പുറത്താവുകയായിരുന്നു.

മത്സരത്തില്‍ മുംബൈക്കായി രോഹിത് ശര്‍മ ഇമ്പാക്ട് പ്ലെയർ ആയാണ് കളത്തിലിറങ്ങിയത്. എന്തുകൊണ്ടാണ് രോഹിത് ഇമ്പാക്ട് പ്ലെയര്‍ ആയി കളിച്ചതെന്ന് മത്സരശേഷം മുംബൈ ഇന്ത്യന്‍സ് സ്പിന്നര്‍ പിയുഷ് ചൗള വെളിപ്പെടുത്തി.

പുറം വേദനയുണ്ടായതിനെ തുടര്‍ന്നാണ് രോഹിത് ഇമ്പാക്ട് പ്ലെയര്‍ ആയി കളിച്ചതെന്നാണ് ചൗള പറഞ്ഞത്.

‘രോഹിത് ശര്‍മയ്ക്ക് ചെറിയ പുറം വേദന ഉണ്ടായിരുന്നു. അതുകൊണ്ട് ഒരു മുന്‍കരുതല്‍ എന്ന നിലയിലാണ് അവനെ ഇമ്പാക്ട് പ്ലെയർ ആക്കിയത്,’ പിയൂഷ് ചൗള മത്സരശേഷം പറഞ്ഞു.

മത്സരത്തില്‍ രോഹിത് ശര്‍മ 12 പന്തില്‍ 11 റണ്‍സ് നേടിയാണ് പുറത്തായത്. സുനില്‍ നരേന്‍ എറിഞ്ഞ അഞ്ചാം ഓവറിലെ അഞ്ചാം പന്തില്‍ മനീഷ് പാണ്ട്യക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്.

മുംബൈ ബാറ്റിങ്ങില്‍ 36 പന്തില്‍ 56 റണ്‍സ് നേടി സൂര്യകുമാര്‍ യാദവും 20 പന്തില്‍ 24 റണ്‍സ് നേടി ടിം ഡേവിഡും മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീം പരാജയപ്പെടുകയായിരുന്നു. മറ്റുള്ള താരങ്ങള്‍ക്കൊന്നും ഭേദപ്പെട്ട പ്രകടനം നടത്താന്‍ സാധിക്കാതെ പോയതാണ് മുംബൈയ്ക്ക് തിരിച്ചടിയായത്.

തോല്‍വിയോടെ ഈ സീസണിലെ മുംബൈയുടെ പ്ലേയ് ഓഫ് പ്രതീക്ഷകൾ അസ്തമിച്ചിരിക്കുകയാണ്. മെയ് ആറിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയമാണ് വേദി.

Content Highlight: Piyush Chawla says why Rohit Sharma played as an impact player

We use cookies to give you the best possible experience. Learn more