|

മുംബൈക്ക് പ്രിയപ്പെട്ടവന്‍ പിയൂഷ്; ജോസേട്ടന്റെ കുറ്റിതെറിപ്പിച്ച് നേടിയത് ചരിത്ര നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ജെയ്പൂരില്‍ ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെതിരെ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് ആണ് നേടിയത്.

എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ വെറും ഒരു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. രാജസ്ഥാന്റെ ഏഴാം വിജയമാണ് മുംബൈക്കെതിരെ നേടിയത്.

മുംബൈ ബൗളിങ് നിരയില്‍ പീയൂഷ് ചൗളക്ക് മാത്രമാണ് വിക്കറ്റ് നേടാന്‍ കഴിഞ്ഞത്. 35 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ച ജോസ് ബട്‌ലറെയാണ് ചൗള ക്ലീന്‍ ബൗള്‍ഡ് ആക്കിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കുകയാണ്. ഐ.പി.എല്ലില്‍ ആക്ടീവ് പ്ലെയേഴ്‌സില്‍ ഏറ്റവും കൂടുതല്‍ ബൗള്‍ഡ് ഔട്ട് നേടുന്ന താരം എന്ന നേട്ടമാണ് പിയൂഷ് ചൗളയെ തേടിവന്നിരിക്കുന്നത്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ബൗള്‍ഡ് ഔട്ട് നേടുന്ന താരം, വിക്കറ്റ്

പിയൂഷ് ചൗള – 49*

സുനില്‍ നരെയ്ന്‍ – 47

രവീന്ദ്ര ജഡേജ – 39

രാജസ്ഥാനായി യശ്വസി ജെയ്‌സ്വാള്‍ 60 പന്തില്‍ പുറത്താവാതെ 104 റണ്‍സ് നേടിക്കൊണ്ട് വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ഒമ്പത് ഫോറുകളുടെയും ഏഴ് സിക്‌സുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 28 പന്തില്‍ രണ്ട് സിക്‌സറും രണ്ട് ഫോറും ഉള്‍പ്പെടെ 38 റണ്‍സും ജോസ് ബട്‌ലര്‍ 25 പന്തില്‍ 35 റണ്‍സും നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

Content Highlight: Piyush Chawla In New Record Achievement