| Wednesday, 19th April 2023, 9:16 am

പുറത്താക്കും മുമ്പ് തന്നെ പ്രതികാരം അവന്‍ വീട്ടിയിരുന്നു; ചൗളക്ക് നാണക്കേടിന്റെ റെക്കോഡ് സമ്മാനിച്ച് ക്ലാസന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആവരുടെ സ്വന്തം തട്ടകമായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് വിജയവഴിയിലേക്ക് മടങ്ങിയെത്തിയിരുന്നു. ഐ.പി.എല്‍ 2023ലെ 25ാം മത്സരത്തില്‍ 14 റണ്‍സിനായിരുന്നു മുന്‍ ചാമ്പ്യന്‍മാരുടെ വിജയം.

ഇരുടീമിന്റെയും ബൗളിങ്-ബാറ്റിങ്-ഫീല്‍ഡിങ് യൂണിറ്റുകള്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എന്നാല്‍ എടുത്ത് പറയേണ്ട ചില പ്രകടനങ്ങളും കഴിഞ്ഞ ദിവസം പിറന്നിരുന്നു. അതില്‍ പ്രധാനമായിരുന്നു സണ്‍റൈസേഴ്‌സ് സൂപ്പര്‍ താരം ഹെന്റിച്ച് ക്ലാസന്റേത്.

16 പന്തില്‍ നിന്നും 36 റണ്‍സ് നേടിയാണ് ക്ലാസന്‍ പുറത്തായത്. നാല് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 225.00 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു ക്ലാസന്റെ വെടിക്കെട്ട്.

ബാറ്റിങ്ങില്‍ സണ്‍റൈസേഴ്‌സ് ഉഴറുന്ന സമയത്താണ് ക്ലാസന്‍ കളത്തിലിറങ്ങിയത്. ക്രീസിലെത്തിയ നിമിഷം മുതല്‍ തന്നെ ക്ലാസന്‍ തന്റെ ക്ലാസ് വ്യക്തമാക്കി. ഓറഞ്ച് ആര്‍മിയെ വിജയത്തിലെത്തിക്കും എന്ന് ആരാധകര്‍ ഒരുപോലെ ഉറച്ചുവിശ്വസിച്ച സമയത്തായിരുന്നു വെറ്ററന്‍ ബൗളര്‍ പീയൂഷ് ചൗളയുടെ പന്തില്‍ ക്ലാസന്‍ മടങ്ങുന്നത്.

14ാം ഓവറിലെ അവസാന പന്തില്‍ ടീം സ്‌കോര്‍ 127ല്‍ നില്‍ക്കവെയാണ് അഞ്ചാം വിക്കറ്റായി ക്ലാസന്‍ മടങ്ങിയത്. കുറച്ചുനേരം കൂടി ക്ലാസന്‍ ക്രീസീലുണ്ടായിരുന്നുവെങ്കില്‍ ഒരുപക്ഷേ വിജയം സണ്‍റൈസേഴ്‌സിനൊപ്പം നിന്നേനെ.

എന്നാല്‍ തന്നെ പുറത്താക്കുന്നതിന് മുമ്പ് തന്നെ പീയൂഷ് ചൗളയുടെ പേരില്‍ ഒരു മോശം റെക്കോഡ് ചാര്‍ത്തിക്കൊടുത്ത ശേഷമാണ് ക്ലാസന്‍ മടങ്ങിയത്. ചൗളയെറിഞ്ഞ 14ാം ഓവറില്‍ രണ്ട് സിക്‌സറും രണ്ട് ബൗണ്ടറിയും താരം പറത്തിയിരുന്നു. ഇതടക്കമുള്ള സിക്‌സറുകളാണ് ചൗളക്ക് മോശം റെക്കോഡ് സമ്മാനിച്ചത്.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം സിക്‌സര്‍ വഴങ്ങുന്ന ബൗളര്‍ എന്ന മോശം റെക്കോഡാണ് ചൗള സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിലേതടക്കം 185 സിക്‌സറുകളാണ് ചൗള വാങ്ങിക്കൂട്ടിയത്.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം സിക്‌സര്‍ വഴങ്ങിയ ബൗളര്‍മാര്‍

പീയൂഷ് ചൗള – 185

യൂസ്വേന്ദ്ര ചഹല്‍ – 182

രവീന്ദ്ര ജഡേജ -180

അമിത് മിശ്ര – 176

ആര്‍. അശ്വിന്‍ – 173

കഴിഞ്ഞ മത്സരത്തില്‍ ചൗളക്ക് അത്യാവശ്യം നല്ല രീതിയില്‍ തന്നെ അടികിട്ടിയിരുന്നു. നാല് ഓവര്‍ പന്തെറിഞ്ഞ ചൗള 10.75 എന്ന എക്കോണണിയില്‍ 43 റണ്‍സാണ് വഴങ്ങിയത്. രണ്ട് വിക്കറ്റും താരം സ്വന്തമാക്കി.

Content Highlight: Piyush Chawla holds the record of being the bowler who conceded most sixes in the history of IPL.

Latest Stories

We use cookies to give you the best possible experience. Learn more