ഐ.പി.എല്ലിലെ ഏറ്റവും മികച്ച ചെറുത്തുനില്‍പിനായിരുന്നു കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത് ടൈറ്റന്‍സ് – മുംബൈ ഇന്ത്യന്‍സ് മത്സരം സാക്ഷിയായത്. റാഷിദ് ഖാന്‍ എന്ന ലോകോത്തര ഓള്‍ റൗണ്ടറുടെ വെടിക്കെട്ടിന് മുമ്പില്‍ എതിരാളികള്‍ പോലും എഴുന്നേറ്റ് നിന്ന് കയ്യടിച്ചിരുന്നു.
32 പന്തില്‍ നിന്നും പുറത്താകാതെ 79 റണ്‍സാണ് റാഷിദ് ഖാന്‍ നേടിയത്. മൂന്ന് ബൗണ്ടറിയും പത്ത് സിക്‌സറും അടക്കമായിരുന്നു റാഷിദിന്റെ വെടിക്കെട്ട് പിറന്നത്.
ടീമിന്റെ മുന്‍നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞപ്പോള്‍ മുംബൈ ഇന്ത്യന്‍സ് അനായാസവിജയം സ്വന്തമാക്കുമെന്ന് കരുതിയിരുന്നു. സാഹയും ഗില്ലും പാണ്ഡ്യയും വന്നതുപോലെ മടങ്ങിയപ്പോള്‍ മധ്യനിരക്കായിരുന്നു ടീമിന് താങ്ങി നിര്‍ത്താനുള്ള ദൗത്യം.
മില്ലറും വിജയ് ശങ്കറും ചേര്‍ന്ന് തങ്ങളാല്‍ സാധിക്കുന്നതൊക്കെ ചെയ്‌തെങ്കിലും വിജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ ടൈറ്റന്‍സിന്റെ മൂന്നാമത് മികച്ച റണ്‍വേട്ടക്കാരനായിരുന്നു വിജയ് ശങ്കര്‍. 14 പന്തില്‍ നിന്നും 29 റണ്‍സായിരുന്നു വിജയ് ശങ്കര്‍ നേടിയത്. ആറ് ബൗണ്ടറിയായിരുന്നു താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ഡേവിഡ് മില്ലറിനൊപ്പം ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പിയൂഷ് ചൗളയാണ് താരത്തെ മടക്കിയത്. ഏഴാം ഓവറിന്റെ ആദ്യ പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കിയായിരുന്നു ചൗള വിജയ് ശങ്കറിനെ മടക്കിയത്. ഈ വിക്കറ്റിലൂടെ മുംബൈക്കാവശ്യമായ ബ്രേക് ത്രൂ നല്‍കാനും ചൗളക്ക് സാധിച്ചിരുന്നു.
ചൗളയുടെ പന്തില്‍ ഡിഫന്‍സീവ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച വിജയ് ശങ്കറിന് പിഴയ്ക്കുകയായിരുന്നു. താരത്തിന്റെ ബാറ്റില്‍ നിന്നും ഒഴിഞ്ഞുമാറിയ ഡെലിവെറി ഓഫ് സ്റ്റംപിനെ ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു.
Piyush Chawla with a wrong ‘un that spun Vijay Shankar in circles!#MIvGT #IPLonJioCinema | @mipaltan pic.twitter.com/FrM5R84frF
— JioCinema (@JioCinema) May 12, 2023
തന്റെ വിക്കറ്റ് പോയത് അമ്പരപ്പോടെ നോക്കി നില്‍ക്കുന്ന വിജയ് ശങ്കറായിരുന്നു പ്രധാന കാഴ്ച.
മുംബൈ ഉയര്‍ത്തിയ 218 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ ടൈറ്റന്‍സിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ. ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും മുംബൈക്കായി.
Content highlight: Piyush Chawla dismissed Vijay Shankar