മാഡ്രിഡ്: മത്സരങ്ങള്‍ക്കിടെ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഗ്രൗണ്ടിലേക്ക് ആരാധകര്‍ ഇരച്ചുകയറുന്നത് ഫുട്‌ബോളില്‍ സ്ഥിരം കാഴ്ച്ചയാണ്. മത്സരം തടസ്സപ്പെടാറുമുണ്ട്. ഇന്നലെ മാഡ്രിഡിലെ എസ്‌റ്റേഡിയോ മെട്രോപൊളിറ്റാനോയില്‍ നടന്ന ലിവര്‍പൂളും ടോട്ടനവും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും അങ്ങനൊരാള്‍ സുരക്ഷജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഗ്രൗണ്ടിലെത്തി.
ശരീരത്തില്‍ പറ്റിപ്പിടിച്ച് കിടക്കുന്ന, ഉടല്‍ മാത്രം മറക്കുന്ന കറുത്ത വസ്ത്രം ധരിച്ചൊരു സ്ത്രീ. കിന്‍സി വൊളന്‍സ്‌കി എന്ന റഷ്യന്‍ സ്വിം സ്യൂട്ട് മോഡലാണ് ഈ സ്ത്രീയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വസ്ത്രത്തില്‍ vitaly uncensored എന്ന് എഴുതിയിരുന്നു.
കളിതടസ്സപ്പെടുത്തി ഗ്രൗണ്ടിലേക്ക് പാഞ്ഞെത്തിയ ഇവരെ പിന്നീട് സുരക്ഷാ ജീവനക്കാര്‍ ചേര്‍ന്ന് പിടിച്ച് പുറത്തുകൊണ്ടുപോവുകയായിരുന്നു. വാശിയേറിയ പോരാട്ടം കുറച്ചു സമയം തടസ്സപ്പെട്ടു.
തന്റെ കാമുകനായ പ്രാങ്ക്സ്റ്റെര്‍ വിറ്റലി സൊറൊവെറ്റ്സ്‌കിയുടെ യൂ ട്യൂബ് ചാനലിന് വേണ്ടിയുള്ള പ്രമോഷന് വേണ്ടിയാണ് ഈ കിന്‍സി ഈ സാഹസം കാണിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതോടെ കിന്‍സിയെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം ഫോളേവ്ഴ്സുണ്ടായിരുന്ന കിന്‍സിയ്ക്ക് ഈ ഓട്ടത്തോടെ ഫോളോവേഴ്സിന്റെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞിട്ടുണ്ട്. ട്വിറ്ററിലും ഫേസ്ബുക്കിലും വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്.
നേരത്തെ 2014-ലെ ലോകകപ്പ് ഫൈനലിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ചു കയറിയ വ്യക്തിയാണ് കിന്‍സിയുടെ കാമുകന്‍ സൊറൊവെറ്റ്സ്‌കി. തുടര്‍ന്ന് പ്രധാനപ്പെട്ട കായിക മത്സരങ്ങള്‍ കാണുന്നതില്‍ നിന്നെല്ലാം സൊറൊവെറ്റ്സ്‌കിക്ക് വിലക്ക് ലഭിച്ചിരുന്നു.
അതേസമയം ലിവര്‍പൂളും ടോട്ടനവും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ലിവര്‍പൂള്‍ ജയം നേടി. മുഹമ്മദ് സലായും ഡീവോക് ഒറിഗിയുമാണ് ലിവര്‍പൂളിന് വേണ്ടി വലകുലുക്കിയത്.
ബോക്‌സിനുള്ളില്‍ വെച്ച് സൂപ്പര്‍താരം സാദിയോ മാനെ എടുത്ത കിക്ക് ടോട്ടനത്തിന്റെ മൂസ്സ സിസോകോ കൈകൊണ്ട് തടഞ്ഞു. പെനാല്‍റ്റിയെടുക്കാന്‍ എത്തിയ മുഹമ്മദ് സലയ്ക്ക് ലക്ഷ്യം പിഴച്ചില്ല. ഇതോടെ രണ്ടാം മിനിറ്റില്‍ തന്നെ ലിവര്‍പൂളിന്റെ ആദ്യ ഗോള്‍ വീണു.
മത്സരത്തിന്റെ അവസാന നിമിഷമായിരുന്നു ലിവര്‍പൂളിന്റെ രണ്ടാം ഗോള്‍ പിറന്നത്. ഡിവോക്ക് ഒറിഗിയാണ് ടോട്ടനത്തിന്റെ പോസ്റ്റിലേക്ക് 87-ാം മിനിറ്റില്‍ നിറയൊഴിച്ചത്. ഇതോടെ ചെമ്പട വിജയമുറപ്പിക്കുകയായിരുന്നു.