2023 ഐ.സി.സി ലോകകപ്പിന്റെ കലാശക്കൊട്ടിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വമ്പന്‍ പോരാട്ടത്തിന് കാത്തിരിക്കുകയാണ് ലോകമെമ്പാടുമിള്ള ക്രിക്കറ്റ് ആരാധകര്‍. 1,30,000 സീറ്റുകള്‍ ഉള്ള ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം.
മത്സരത്തിന് മുന്നോടിയായി ബി.സി.സി.ഐയുടെ ഗ്രൗണ്ട് സ്റ്റാഫ് ചീഫ് ആശിഷ് ഭൗമിക്കും ഡെപ്യൂട്ടി തപോഷ് ചാറ്റര്‍ജിയും ബി.സി.സിയുടെ ജി.എം ആബി കുരുവിളയും ഫൈനല്‍ പിച്ച് ഒരുക്കങ്ങള്‍ നിരീക്ഷിക്കാന്‍ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.
‘മെഗാ മത്സരത്തിനു തെരഞ്ഞെടുത്ത പിച്ച് ഉപയോഗിച്ചിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം. കറുത്ത മണ്‍സ്ട്രിപ്പില്‍ ഹെവി റോളര്‍ ഉപയോഗിക്കുകയാണെങ്കില്‍ ട്രാക്ക് മന്ദഗതിയില്‍ ആയിരിക്കും. ഇത് മത്സരത്തില്‍ ബാറ്റര്‍ മാര്‍ക്ക് അനുകൂലമാകുന്ന അവസ്ഥയുണ്ടാക്കും. രണ്ടാമത് ബാറ്റ് ചെയ്യുന്നത് പ്രയാസകരമാകും. എന്നാലും 315 റണ്‍സ് പ്രതിരോധിക്കാന്‍ കഴിയാവുന്ന സ്ഥിതിവിശേഷവും ഉണ്ട്,’ഒരു സംസ്ഥാന അസോസിയേഷന്‍ പിച്ച് ക്യൂറേറ്റര്‍ വിശദീകരിച്ചു.
നിലവില്‍ രണ്ട് തോല്‍വികള്‍ വഴങ്ങിയാണ് ഓസീസ് ഫൈനലില്‍ എത്തിയതെങ്കില്‍ ഇന്ത്യ തോല്‍വിയറിയാതെയാണ് ഫൈനല്‍ വരെ എത്തിയത്. ഓസീസിന്റെ എട്ടാമത്തെ ലോകകപ്പ് ഫൈനലാണിത്. ഇന്ത്യ നാല് തവണയും ഫൈനലില്‍ എത്തിയിട്ടുണ്ട്. മികച്ച പ്രകടനമാണ് ഇരുവരും 2023 ലോകകപ്പില്‍ നടത്തിയത്. എന്നിരുന്നാലും ഫൈനല്‍ മത്സരം പ്രവചിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. 2003 ലോകകപ്പ് ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ പരാജിതരായത് ഒരു ഇന്ത്യന്‍ ആരാധകരും മറന്നു കാണില്ല. 23 വര്‍ഷത്തെ കണക്ക് തീര്‍ക്കാന്‍ ഈ ഫൈനല്‍ ഇന്ത്യ എന്ത് വില കൊടുത്തും വിജയിക്കുമെന്ന് ഉറപ്പാണ്.
നവംബര്‍ 19ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തുടങ്ങുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ മത്സരത്തില്‍ മഴയുടെ സാധ്യത ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തെളിഞ്ഞ ആകാശവും കാലാവസ്ഥയും ആയിരിക്കും അന്ന് എന്നാണ് സ്വകാര്യ കാലാവസ്ഥ പ്രവചന കേന്ദ്രമായ ആക്യു വെതര്‍ പറയുന്നത്. പകല്‍സമയത്തെ താപനില ഏകദേശം 33 ഡിഗ്രി സെല്‍ഷ്യസ് എത്തുമെന്നാണ് റിപ്പോര്‍ട്ട്. വൈകുന്നേരത്തിനുശേഷം 25 ഡിഗ്രി സെല്‍ഷ്യസ് വരെ തണുക്കും. ഈര്‍പ്പം 38-60 ശതമാനത്തിനിടയിലാണ് പ്രതീക്ഷിക്കുന്നത്.
Content Highlight: Pitch curator says batting second in final is difficult