ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ലോ സ്‌കോറിങ് മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന്റെ അനായാസ ജയമാണ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ദക്ഷിണാഫ്രിക്ക 108 റണ്‍സായിരുന്നു നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി മത്സരം കൈപ്പിടിയിലാക്കുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും പെട്ടെന്ന് മടങ്ങിയ മത്സരത്തില്‍ കെ.എല്‍. രാഹുല്‍ (51), സൂര്യകുമാര്‍ യാദവ് (50) എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
33 പന്ത് നേരിട്ട് ആഞ്ഞടിച്ചാണ് സൂര്യ കളിച്ചതെങ്കില്‍ പതിഞ്ഞ താളത്തിലായിരുന്നു രാഹുല്‍ ഇന്നിങ്‌സ് കെട്ടിപ്പൊക്കിയത്. 56 പന്ത് നേരിട്ടാണ് അദ്ദേഹം 51 റണ്‍സ് നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്ക് തുടക്കം മുതല്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു ഒമ്പത് റണ്‍സ് ചേര്‍ക്കുന്നതിനിടയില്‍ അഞ്ച് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടത്.
വളരെ ആവേശകരമായ ഹൈ സ്‌കോറിങ് മത്സരം കാണാനായിരുന്നു കാര്യവട്ടം സ്റ്റേഡിയത്തില്‍ ആരാധകര്‍ തടിച്ചുകൂടിയത്, എന്നാല്‍ സൂര്യയും രാഹുലും ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജുമൊഴികെ ആര്‍ക്കും കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല.
ദീപക് ചഹര്‍ എറിഞ്ഞ ആദ്യ ഓവര്‍ മുല്‍ പിച്ചിന്റെ പേസും ബൗണ്‍സും നിറഞ്ഞ സ്വാഭവം വ്യക്തമായിരുന്നു. തെംബ ബാവുമയെ ആദ്യ ഓവറില്‍ തന്നെ ചഹര്‍ ഡഗൗട്ടില്‍ പറഞ്ഞ് വിട്ടിരുന്നു. പിന്നീട് എറിയാനെത്തിയ അര്‍ഷ്ദീപ് സിങ്ങും പന്ത് കൊണ്ട് മായാജാലം തീര്‍ത്തു.
അര്‍ഷ്ദീപിന്റെ പേസിനും ,സ്വിങ്ങിനും, ബൗണ്‍സിനും മുമ്പില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ ഉത്തരമില്ലാതെ നില്‍ക്കുകയായിരുന്നു. അര്‍ഷദീപിന്റെ കൂടെ ഹര്‍ഷല്‍ പട്ടേലും ചഹറും സ്പിന്നര്‍മാരും ഒരുപോലെ മികച്ചുനിന്നിരുന്നു.
ഇന്ത്യന്‍ ബാറ്റിങ്ങില്‍ വിരാടിനെയും രോഹിത്തിനെയും ഒരു പരിധി വരെ രാഹുലിനെയും വിറപ്പിച്ച് നിര്‍ത്താന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ സൂര്യയെ പിടിച്ചുകെട്ടാന്‍ അവര്‍ക്ക് സാധിച്ചില്ല.
മത്സരം തുടങ്ങുന്നതിന് മുമ്പ് ബാറ്റിങ് ഫ്രണ്ട്‌ലീ പിച്ചാണ് ഒരുക്കിയതെന്നും പിച്ച് കുറേറ്റര്‍ അറിയിച്ചിരുന്നു. മത്സരത്തില്‍ റണ്ണൊഴുകുമെന്നും ആരാധകരെല്ലാം ആവേശം നിറഞ്ഞ ഒരു മത്സരത്തിനായിരിക്കും സാക്ഷിയാകുക എന്നും അറിയിച്ചിരുന്നു. എന്നാല്‍ മത്സരം തുടങ്ങിയപ്പോള്‍ ഇതൊന്നുമല്ലായിരുന്നു കണ്ടത്.
പക്കാ ബൗളിങ് ട്രാക്കായ പിച്ചായിരുന്ന ഗ്രീന്‍ഫീല്‍ഡിനെ എന്തിനാണ് ബാറ്റിങ് പിച്ചാണെന്ന് പറഞ്ഞ് പറ്റിച്ചതെന്ന് ചോദിച്ച് മത്സരം തുടങ്ങിയത് മുതല്‍ ഒരുപാട് ആരാധകര്‍ രംഗത്തെത്തിയിരുന്നു. പിച്ച് കുറേറ്റര്‍ക്കെതിരെയും അതികൃതരെയും തേടി ഒരുപാട് ട്രോളുകളും രംഗത്തെത്തിയിരുന്നു.
ട്വന്റി-20ക്ക് വേണ്ടിയുള്ള പിച്ചല്ല ഇതെന്നും ടെസ്റ്റ് മത്സരത്തിന് പറ്റിയ പിച്ചാണെന്നും ആരാധകര്‍ പറയുന്നു. മത്സരം തുടങ്ങുന്നതിന് മുമ്പ് പിച്ചില്‍ 180 റണ്‍സിന് മുകളില്‍ സ്‌കോര്‍ വരുമെന്ന് കുറേറ്റര്‍ പറഞ്ഞിരുന്നു. എന്നാല്‍ രണ്ട് ടീമിന്റെയും മോത്തം റണ്‍സ് കൂട്ടിയായിരിക്കും അങ്ങനെ ഉദ്ദേശിച്ചതെന്നും ആരാധകര്‍ ട്രോളി.
ഇവിടെ ടെസ്റ്റ് മത്സരം നടത്തിയാല്‍ കൊള്ളാമെന്ന് വാദിക്കുന്നവരുമുണ്ട്. അതേസമയം ഇത് ബാറ്റര്‍മാരുടെ മാത്രം കളിയല്ല ബൗളര്‍മാര്‍ക്കും അനുകൂലമാകുന്ന പിച്ചുകളുണ്ടാക്കേണ്ടതുണ്ടെന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
അടുത്ത മാസം ടി-20 ലോകകപ്പിന് വേദിയാകുന്ന ഓസ്‌ട്രേലിയയിലെ പിച്ചുകളും ഇത്തരത്തിലുള്ളതാണെന്നും അപ്പോള്‍ ബാറ്റര്‍മാര്‍ അത്തരത്തിലുള്ള സാഹചര്യങ്ങളില്‍ പൊരുത്തപ്പെടേണ്ടിവരുമെന്ന് ആളുകള്‍ വാദിക്കുന്നുണ്ട്.
എന്തായാലും പിച്ചൊരുക്കിയ കുറേറ്റര്‍ എയറിലാണ്, ഒരുപക്ഷെ ഇത് ബാറ്റിങ് പിച്ചാണെന്ന് പറയാതിരുന്നെങ്കില്‍ കുറേറ്ററിനും അതികൃതര്‍ക്കും നേരെ ഇത്രയും ട്രോളുകള്‍ വരില്ലായിരുന്നു.
Content Highlight: Pitch Curator Of Greenfield Stadium gets trolled