| Monday, 30th September 2019, 8:21 am

യാക്കോബായ സഭാവിശ്വാസികള്‍ക്കെതിരായ അതിക്രമങ്ങള്‍ അംഗീകരിക്കാനാവില്ല;  പാത്രിയര്‍ക്കീസ് ബാവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: യാക്കോബായ സഭാവിശ്വാസികള്‍ക്കെതിരായ അതിക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ആരാധനയ്ക്ക് അവസരം നല്‍കാത്തത് ദൈവത്തിന് നിരക്കാത്ത പ്രവര്‍ത്തിയാണെന്നും അന്ത്യോക്യയിലെ ഇഗ്നേഷ്യസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ.

അതേസമയം രാജ്യത്തിലെ നിയമങ്ങളെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏഴര മിനിട്ട് നീളുന്ന വീഡിയോ സന്ദേശത്തിലൂടെയാണ് പാത്രിയര്‍ക്കീസ് ബാവയുടെ പ്രതികരണം.

പിറവം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് സഭ വിശ്വാസികള്‍ പ്രവേശിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവനുമുള്ള യാക്കോബായ സഭാംഗങ്ങള്‍ അങ്ങേയറ്റം ആകുലതയോടെയാണ് ഈ സംഭവത്തെ നോക്കി കാണുന്നതെന്നും പാത്രീയര്‍ക്കീസ് ബാവ പറഞ്ഞു.

വിശ്വാസത്തെ കെട്ടിടങ്ങളും സമ്പത്തും കൊണ്ടു അളക്കാനാവില്ല. പൂര്‍വപിതാക്കന്മാരുടെ വിയര്‍പ്പിന്റെ വിലയും അഭിമാനവും സംരക്ഷിക്കുന്നതിനായുള്ള സഹനം കാണുന്നുണ്ടെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കോടതി വിധിയെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് സഭ വിശ്വാസികള്‍ പിറവം പള്ളിയില്‍ പ്രവേശിച്ച് കുര്‍ബാന നടത്തിയത്. തുടര്‍ന്ന് യാക്കോബായ സഭ വിശ്വാസികള്‍ റോഡില്‍ കുര്‍ബാന നടത്തി പ്രതിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാവിലെയാണ് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ കുര്‍ബാനയ്ക്കായി പ്രവേശിച്ചത്. സഭയിലെ മുതിര്‍ന്ന വൈദികനായ സക്‌റിയ വട്ടെക്കാട്ടിലിന്റെ കാര്‍മികത്വത്തിലായിരുന്നു കുര്‍ബാന.

എന്താണ് പിറവം പള്ളി തര്‍ക്കം?

ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ക്കിടയിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് നൂറ് വര്‍ഷത്തോളം നീണ്ട കേസുകളികള്‍ക്കൊടുവില്‍ ഓര്‍ത്തഡോക്സ് പക്ഷമാണു യഥാര്‍ത്ഥ മലങ്കരവിഭാഗം എന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. അതിന്‍പ്രകാരം ആ പക്ഷത്തിന്റെ പ്രതിനിധിസഭയേയും , കാതോലിക്കാ ബാവായെ മലങ്കരസഭയുടെ അധിപനായും കോടതി അംഗീകരിച്ചു. 1934ല്‍ രൂപീകൃതമായ അവരുടെ ഭരണഘടനയനുസരിച്ച് പള്ളികള്‍ ഭരിക്കപ്പെടണമെന്നും പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഓരോ പള്ളി തിരിച്ചും സമാനമായ കേസുകള്‍ നടന്നെങ്കിലും, പള്ളികളും 1934ലെ ഭരണഘടനയനുസരിച്ചോളാന്‍ കോടതി പറഞ്ഞു. അത് പിറവം പള്ളിക്കും ബാധകമായി.

പിറവം വലിയപള്ളി എന്നത് യാക്കോബായസഭക്കാരുടെ ഒരു തലപ്പള്ളിയാണ്. ആ ഇടവകയിലെ അംഗങ്ങളില്‍ ബഹുഭൂരിപക്ഷം യാക്കോബായസഭയുടെ പരമാദ്ധ്യക്ഷനായ പാത്രിയാര്‍ക്കീസിനെയും ആ പക്ഷത്തെ മെത്രാന്മാരെയും അംഗീകരിക്കുന്നു. ഓര്‍ത്തഡോക്സ് സഭാധ്യക്ഷനെ അംഗീകരിക്കുന്നില്ല. അതുകൊണ്ട് ഈ വിധി അവര്‍ക്ക് സ്വീകാര്യമല്ല. ഇതാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് വഴിവെച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more