| Monday, 17th August 2020, 10:26 am

പിറവം പള്ളിയും ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടം; റവന്യൂ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പിറവം: കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിറവം ഓണക്കൂര്‍ സെഹിയോന്‍ പള്ളിയുടെ നിയന്ത്രണവും ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടം. റവന്യൂ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

പള്ളിക്കുള്ളില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനാ പ്രതിഷേധം നടത്തുന്നുണ്ട്.

ഓണക്കൂര്‍ സെഹിയോന്‍ പള്ളി 1934-ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടതാണെന്ന് നേരത്തെ കോടതി വിധിച്ചിരുന്നു. ഇതനുസരിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം കഴിഞ്ഞ ആഴ്ച പള്ളിയില്‍ പ്രവേശിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും യാക്കോബായ പക്ഷം എതിര്‍ത്തിരുന്നു.

നേരത്തെ ഇന്ന് രാവിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എറണാകുളം മുളന്തുരുത്തി യാക്കോബായ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു. പള്ളി ഏറ്റെടുക്കാനുള്ള ശ്രമത്തിനെതിരെ ഒരു കൂട്ടമാളുകള്‍ രംഗത്തെത്തി.

ഇതിനിടെ പൊലീസ് പള്ളിയുടെ ഗേറ്റ് പൊളിച്ച് അകത്ത് കയറുകയായിരുന്നു.

പൊലീസിനെ തടയാന്‍ ശ്രമിച്ച വൈദികരേയും മെത്രാപ്പോലീത്തമാരേയും അടക്കം അറസ്റ്റ് ചെയ്ത് നീക്കി പള്ളി ഏറ്റെടുത്തത്. സബ് കളക്ടര്‍ അടക്കം ആവശ്യപ്പെട്ടിട്ടും വിശ്വാസികള്‍ വഴങ്ങാതെ വന്നതോടെ ഗേറ്റ് പൊലീസ് മുറിച്ചുമാറ്റി തള്ളിക്കയറുകയായിരുന്നു.

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് നേരത്തേയും പള്ളി ഏറ്റെടുക്കാന്‍ പൊലീസ് എത്തിയിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറേണ്ടിവന്നു. ഇതോടെ എതിര്‍കക്ഷിയായ ഓര്‍ത്തഡോക്‌സ് സഭ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് എത്രയും പെട്ടെന്ന് പള്ളി ഏറ്റെടുക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

ഇതിനെ തുടര്‍ന്നാണ് പൊലീസ് ഇന്ന് രാവിലെയോടെ പള്ളിയിലെത്തിയത്. പള്ളി ഏറ്റെടുക്കാന്‍ കോടതി നല്‍കിയ സമയം ഇന്ന് അവസാനിക്കാനിക്കുകയാണ്.

ഇന്ന് രാവിലെ പത്ത് മണിക്ക് കോടതി കേസ് പരിഗണിക്കുന്നുണ്ട്. അത് വരെ സമയം വേണമെന്നും ഏറ്റെടുക്കരുതെന്നും യാക്കോബായ വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജില്ലാഭരണകൂടം അത് നിരസിച്ചു.

ഞായറാഴ്ച രാത്രി മുതല്‍ തന്നെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ പള്ളിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നിലയുറപ്പിച്ചിരുന്നു.

കൊവിഡ് ഭീതിയുള്ളതിനാല്‍ പൊലീസ് പിപിഇ കിറ്റ് ധരിച്ചാണ് വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more