| Sunday, 29th September 2019, 8:22 am

പിറവം പള്ളിത്തര്‍ക്കം; റോഡില്‍ കുര്‍ബാന നടത്തി പ്രതിഷേധവുമായി യാക്കോബായ സഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പിറവം പള്ളിയില്‍ കുര്‍ബാന നടത്താനായി ഓര്‍ത്തഡോക്സ് സഭ വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിച്ചതോടെ റോഡില്‍ കുര്‍ബാന നടത്തി പ്രതിഷേധവുമായി യാക്കോബായ സഭ വിശ്വാസികള്‍.

ഇന്ന് രാവിലെയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ കുര്‍ബാനയ്ക്കായി പ്രവേശിച്ചത്. സഭയിലെ മുതിര്‍ന്ന വൈദികനായ സക്റിയ വട്ടെക്കാട്ടിലിന്റെ കാര്‍മികത്വത്തിലാണ് കുര്‍ബാന.

ഇതോടെയാണ് റോഡില്‍ പ്രതിഷേധവുമായി യാക്കോബായ വിശ്വസികള്‍ കുര്‍ബാന ആരംഭിച്ചത്. കഴിഞ്ഞ ദിവസത്തിന് വ്യത്യസ്തമായി സമാധാനപരമായാണ് പ്രതിഷേധം.

പള്ളിയില്‍ പ്രതിഷേധം നടത്തുന്നവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ട്. അറസ്റ്റ് ചെയ്യുന്നവര്‍ക്ക് ഇനി ഈ കേസ് പരിഗണിക്കുന്ന സമയത്ത് മാത്രമേ ജാമ്യം കിട്ടുകയുള്ളൂ. കുര്‍ബാനയക്ക ശേഷം 10.30 ഓടെ പള്ളി പൂട്ടി ജില്ലാ ഭരണകൂടത്തെ എല്‍പ്പിക്കാനാണ് കോടതി നിര്‍ദേശം

സുപ്രീം കോടതി വിധി അനുസരിച്ച് പിറവം പള്ളിയില്‍ ആരാധന നടത്താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പൊലീസ് സുരക്ഷ തേടിയിരുന്നു. സുരക്ഷാ നല്‍കാമെന്ന് പൊലീസ് പറഞ്ഞതനുസരിച്ച് ഓര്‍ത്തഡോക്‌സ് സംഘം ആ മാസം 25 ന് പള്ളിയിലെത്തിയിരുന്നു.

എന്നാല്‍ ശ്രേഷ്ഠ ബാവയുടെ നേതൃത്വത്തില്‍ യാക്കോബായ വിഭാഗം ചെറുത്തതോടെ ഓര്‍ത്തഡോക്‌സകാര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് സഭാ ട്രസ്റ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.തുടര്‍ന്ന് കോടത നിര്‍ദ്ദേശ പ്രകാരം പള്ളിയിലുള്ളവരെ ഒഴിപ്പിച്ച് പള്ളി ജില്ലാ ഭരണകൂടത്തെ ഏല്‍പ്പിക്കുകയായിരുന്നു.

യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള പിറവം പള്ളിയില്‍ 1934ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിര്‍വഹണം വേണമെന്ന് ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 19 ലെ സുപ്രീംകോടതിവിധിയെ തുടര്‍ന്ന് മേയ് എട്ടിന് പള്ളിയില്‍ പ്രവേശിച്ച് കുര്‍ബാന അര്‍പ്പിക്കാന്‍ ഓര്‍ത്തഡോക്സ് സഭ മുന്നോട്ട് വന്നിരുന്നു.

എന്താണ് പിറവം പള്ളി തര്‍ക്കം?

ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ക്കിടയിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് നൂറ് വര്‍ഷത്തോളം നീണ്ട കേസുകളികള്‍ക്കൊടുവില്‍ ഓര്‍ത്തഡോക്‌സ് പക്ഷമാണു യഥാര്‍ത്ഥ മലങ്കരവിഭാഗം എന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. അതിന്‍പ്രകാരം ആ പക്ഷത്തിന്റെ പ്രതിനിധിസഭയേയും , കാതോലിക്കാ ബാവായെ മലങ്കരസഭയുടെ അധിപനായും കോടതി അംഗീകരിച്ചു. 1934ല്‍ രൂപീകൃതമായ അവരുടെ ഭരണഘടനയനുസരിച്ച് പള്ളികള്‍ ഭരിക്കപ്പെടണമെന്നും പറഞ്ഞിരുന്നു.

‘ പിണറായി വിജയനെന്താ പിറവം പള്ളി വിധി നടപ്പാക്കാത്തത്? ക്രിസ്ത്യാനികളെ പേടിയായിട്ടല്ലേ?’

ഓരോ പള്ളി തിരിച്ചും സമാനമായ കേസുകള്‍ നടന്നെങ്കിലും, പള്ളികളും 1934ലെ ഭരണഘടനയനുസരിച്ചോളാന്‍ കോടതി പറഞ്ഞു. അത് പിറവം പള്ളിക്കും ബാധകമായി.

പിറവം വലിയപള്ളി എന്നത് യാക്കോബായസഭക്കാരുടെ ഒരു തലപ്പള്ളിയാണ്. ആ ഇടവകയിലെ അംഗങ്ങളില്‍ ബഹുഭൂരിപക്ഷം യാക്കോബായസഭയുടെ പരമാദ്ധ്യക്ഷനായ പാത്രിയാര്‍ക്കീസിനെയും ആ പക്ഷത്തെ മെത്രാന്മാരെയും അംഗീകരിക്കുന്നു. ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനെ അംഗീകരിക്കുന്നില്ല. അതുകൊണ്ട് ഈ വിധി അവര്‍ക്ക് സ്വീകാര്യമല്ല. ഇതാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് വഴിവെച്ചത്.


 

We use cookies to give you the best possible experience. Learn more