കൊച്ചി: കോടതി വിധിയെ തുടര്‍ന്ന് ആരാധനയ്ക്ക് എത്തിയ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളെ പിറവം പള്ളിയില്‍ തടഞ്ഞു. യാക്കോബായ സഭാംഗങ്ങള്‍ പള്ളിയുടെ ഗേറ്റ് പൂട്ടിയിട്ടു.
സംഭവത്തെ തുടര്‍ന്ന് തങ്ങള്‍ പള്ളിയില്‍ പ്രവേശിക്കാതെ മടങ്ങില്ലെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പറയുന്നത. ഗേറ്റിന് പുറത്ത് പന്തല്‍ കെട്ടി പ്രതിഷേധിക്കാനും ഓര്‍ത്തഡോക്‌സ് വിഭാഗം തീരുമാനിച്ചു.
സമവായത്തിലൂടെ മാത്രമേ വിധി നടപ്പിലാക്കാവു എന്ന് യാക്കാബായസഭയിലെ ഗീവര്‍ഗീസ് മാര്‍ കുറിലോസ് പറഞ്ഞു. അതേസമയം കോടതി വിധി നടപ്പിലാക്കാന്‍ സഹായിക്കണമെന്നും യാക്കോബായ വിശ്വാസികള്‍ പിരിഞ്ഞ് പോകണമെന്നും പൊലീസ് പറഞ്ഞു.
വിധി നടപ്പിലാക്കാന്‍ അനുവദിക്കണമെന്ന് ആര്‍.ഡി.ഒ വിശ്വാസികളോട് പറഞ്ഞു.
ആരാധന നടത്താതെ മടങ്ങില്ലെന്ന് കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ് പറഞ്ഞു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ആരാധനയ്ക്കും മറ്റുമുള്ള സൗകര്യം ചെയ്ത് കൊടുക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം പൊലീസിന് ഉണ്ടായിരുന്നു.
നേരത്തെ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഓര്‍ത്തഡോക്സ് സഭ വിഭാഗം എറണാകുളം കണ്ടനാട് പള്ളിയില്‍ പ്രവേശിച്ച് കുര്‍ബാന നടത്തിയിരുന്നു. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ച് കുര്‍ബാന നടത്തിയത്.
1964 ന് ശേഷം ആദ്യമായാണ് ഓര്‍ത്തഡോക്സ് മെത്രാപ്പൊലീത്ത ഈ പള്ളിയില്‍ കുര്‍ബാന നടത്തുന്നത്. നേരത്തെ കണ്ടനാട് പള്ളിത്തര്‍ക്കകേസില്‍ ഹൈക്കോടതി ജഡ്ജി ഹരിപ്രസാദിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിനും ചീഫ് സെക്രട്ടറിയ്ക്കുമെതിരേയും വിമര്‍ശനമുണ്ടായിരുന്നു.
കേരള ഹൈക്കോടതി ജഡ്ജി ഹരിപ്രസാദ് ആരാണെന്നും സുപ്രീംകോടതി വിധി മറികടക്കാന്‍ എന്തധികാരമാണ് ഹൈക്കോടതി ജഡ്ജിയ്ക്കുള്ളതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന കാര്യം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
2017ലെ വിധി നിലനില്‍ക്കേ തന്നെ ഈ വര്‍ഷം മാര്‍ച്ചില്‍ കണ്ടനാട് പള്ളിയില്‍ യാക്കോബായ സഭയ്ക്കും ആരാധനയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി ജഡ്ജി ഹരിപ്രസാദ് ഇടക്കാല ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് ഓര്‍ത്തഡോക്സ് സഭ നല്‍കിയ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് അരുണ്‍മിശ്ര പരാമര്‍ശം നടത്തിയത്.