നാളെ രാവിലെയോടെ പിറവം പള്ളി ഒഴിപ്പിക്കും; ഇതിനകം 67 പേരെ അറസ്റ്റു ചെയ്‌തെന്ന് സര്‍ക്കാര്‍ കോടതിയില്‍
Piravom church case
നാളെ രാവിലെയോടെ പിറവം പള്ളി ഒഴിപ്പിക്കും; ഇതിനകം 67 പേരെ അറസ്റ്റു ചെയ്‌തെന്ന് സര്‍ക്കാര്‍ കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th September 2019, 2:41 pm

 

കൊച്ചി: നാളെ രാവിലെയോടെ പിറവം സെന്റ് മേരീസ് പള്ളി ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഒഴിപ്പിക്കല്‍ നടപടി തടഞ്ഞ 67 പേരെ അറസ്റ്റു ചെയ്‌തെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ഹൈക്കോടതി നിര്‍ദേശ പ്രകാരം പള്ളിയുടെ ചുമതല കലക്ടര്‍ എസ്. സുഹാസ് ഏറ്റെടുത്തു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനു തടസം സൃഷ്ടിക്കുന്ന മുഴുവന്‍ പേരേയും അറസ്റ്റു ചെയ്തു നീക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പള്ളി പൂര്‍ണമായും ഒഴിപ്പിച്ച് നാളെ ഉച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, പള്ളി ഒഴിപ്പിക്കാനുള്ള നടപടികള്‍ക്കെതിരെ വിശ്വാസികളും സഭാ മേലധികാരികളും രംഗത്തെത്തി. കലക്ടറുമായുള്ള ചര്‍ച്ചയ്ക്കുശേഷം മെത്രാപ്പൊലീത്തമാര്‍ സ്വയം അറസ്റ്റുവരിച്ചു. പ്രതിഷേധത്തിനു മുന്നില്‍ നിന്ന ചിലരെ നേരത്തെ തന്നെ അറസ്റ്റു ചെയ്തു നീക്കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പള്ളിയുടെ ഗേറ്റ് പൊലീസ് മുറിച്ചുമാറ്റി. പള്ളിയില്‍ കൂട്ടമണിയടിച്ചായിരുന്നു യാക്കോബായ സഭയുടെ പ്രതിഷേധം.

സുപ്രീം കോടതി വിധി അനുസരിച്ച് പിറവം പള്ളിയില്‍ ആരാധന നടത്താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പൊലീസ് സുരക്ഷ തേടിയിരുന്നു. സുരക്ഷാ നല്‍കാമെന്ന് പൊലീസ് പറഞ്ഞതനുസരിച്ച് ഓര്‍ത്തഡോക്‌സ് സംഘം ഇന്നലെ പള്ളിയിലെത്തിയിരുന്നു. എന്നാല്‍ ശ്രേഷ്ഠ ബാവയുടെ നേതൃത്വത്തില്‍ യാക്കോബായ വിഭാഗം ചെറുത്തതോടെ ഓര്‍ത്തഡോക്‌സകാര്‍ക്കു പള്ളിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് സഭാ ട്രസ്റ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള പിറവം പള്ളിയില്‍ 1934ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിര്‍വഹണം വേണമെന്ന് ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 19 ലെ സുപ്രീംകോടതിവിധിയെ തുടര്‍ന്ന് മേയ് എട്ടിന് പള്ളിയില്‍ പ്രവേശിച്ച് കുര്‍ബാന അര്‍പ്പിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ മുന്നോട്ട് വന്നിരുന്നു.

ഇതേത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ജില്ലാ കളക്ടര്‍ സഭയെ ചര്‍ച്ചയ്ക്കു വിളിച്ചു. നിയമോപദേശം തേടി നാല് ദിവസത്തിനകം വിധി നടപ്പിലാക്കിത്തരാമെന്ന് കളക്ടര്‍ ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ആ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് കോടതിയക്ഷ്യ നടപടികളുമായി ഓര്‍ത്തഡോക്‌സ് സഭ മുന്നോട്ട് പോയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്താണ് പിറവം പള്ളി തര്‍ക്കം?

ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ക്കിടയിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് നൂറ് വര്‍ഷത്തോളം നീണ്ട കേസുകളികള്‍ക്കൊടുവില്‍ ഓര്‍ത്തഡോക്സ് പക്ഷമാണു യഥാര്‍ത്ഥ മലങ്കരവിഭാഗം എന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. അതിന്‍പ്രകാരം ആ പക്ഷത്തിന്റെ പ്രതിനിധിസഭയേയും , കാതോലിക്കാ ബാവായെ മലങ്കരസഭയുടെ അധിപനായും കോടതി അംഗീകരിച്ചു. 1934ല്‍ രൂപീകൃതമായ അവരുടെ ഭരണഘടനയനുസരിച്ച് പള്ളികള്‍ ഭരിക്കപ്പെടണമെന്നും പറഞ്ഞിരുന്നു.

ഓരോ പള്ളി തിരിച്ചും സമാനമായ കേസുകള്‍ നടന്നെങ്കിലും, പള്ളികളും 1934ലെ ഭരണഘടനയനുസരിച്ചോളാന്‍ കോടതി പറഞ്ഞു. അത് പിറവം പള്ളിക്കും ബാധകമായി.

പിറവം വലിയപള്ളി എന്നത് യാക്കോബായസഭക്കാരുടെ ഒരു തലപ്പള്ളിയാണ്. ആ ഇടവകയിലെ അംഗങ്ങളില്‍ ബഹുഭൂരിപക്ഷം യാക്കോബായസഭയുടെ പരമാദ്ധ്യക്ഷനായ പാത്രിയാര്‍ക്കീസിനെയും ആ പക്ഷത്തെ മെത്രാന്മാരെയും അംഗീകരിക്കുന്നു. ഓര്‍ത്തഡോക്സ് സഭാധ്യക്ഷനെ അംഗീകരിക്കുന്നില്ല. അതുകൊണ്ട് ഈ വിധി അവര്‍ക്ക് സ്വീകാര്യമല്ല. ഇതാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് വഴിവെച്ചത്.