| Friday, 21st December 2018, 11:01 am

ഇങ്ങനെപോയാല്‍ പിറവം പള്ളി കേസ് പരിഗണിക്കാന്‍ ജഡ്ജിമാര്‍ ഇല്ലാതെ വരുമെന്ന് ജസ്റ്റിസ് ചിദംബരേഷ്; കേസില്‍ നിന്നും രണ്ടാമത്തെ ബെഞ്ചും പിന്മാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പിറവം പള്ളി തര്‍ക്കക്കേസ് പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതിയിലെ രണ്ടാമത്തെ ബെഞ്ചും പിന്മാറി. ജസ്റ്റിസ് ചിദംബരേഷ്, ജസ്റ്റിസ് നാരായണ പിഷാരടി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് പിന്മാറിയത്.

അല്പം മുമ്പ് കോടതിയെ ഇവര്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു.

കേസ് കോടതിയുടെ പരിഗണനയില്‍ വന്നവേളയില്‍ യാക്കോബായ വിഭാഗത്തില്‍പ്പെട്ട അഭിഭാഷകന്‍ ജസ്റ്റിസ് ചിദംബരേഷ് പള്ളിയുമായി ബന്ധപ്പെട്ട മറ്റുകേസുകളില്‍ കോടതിയില്‍ ഹാജരായിട്ടുണ്ടെന്നും അങ്ങനെയൊരാള്‍ കേസുകള്‍ക്കുന്നത് ഉചിതമല്ലെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു.

മറ്റാര്‍ക്കെങ്കിലും സമാനമായ പരാതിയുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ മറ്റുചില പരാതികള്‍ കൂടി ഉയര്‍ന്നുവന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ കേസ് പരിഗണിക്കുന്നതില്‍ നിന്നും പിന്മാറിയത്.

ഇങ്ങനെപോയാല്‍ ഈ കേസ് പരിഗണിക്കാന്‍ ജഡ്ജിമാര്‍ ഇല്ലാത്ത അവസ്ഥവരുമോയെന്നു പറഞ്ഞാണ് ജസ്റ്റിസ് ചിദംബരേഷ് ഈ ബെഞ്ച് തന്നെ പിന്മാറുന്നതായി അറിയിച്ചത്.

കഴിഞ്ഞ ഡിസംബര്‍ 11ന് ഹരജികള്‍ കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് പി.ആര്‍ രാമചന്ദ്രമേനോനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനുമുള്‍പ്പെട്ട ബെഞ്ചും പിന്മാറിയിരുന്നു.

Also read:ബൂത്ത് ലെവല്‍ പ്രവര്‍ത്തകന്റെ ചോദ്യത്തിനു മുമ്പില്‍ പതറി മോദി; ഒടുക്കം യാത്ര പറഞ്ഞ് തടിയൂരി; ലൈവ് വീഡിയോ പോസ്റ്റു ചെയ്തത് ബി.ജെ.പിക്കു തന്നെ അടിയായി

പിറവം സെന്റ് മേരീസ് പള്ളിയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പൊലീസ് സംരക്ഷണത്തിനുള്ള ഹരജികള്‍ കേള്‍ക്കുന്നതില്‍ നിന്നാണ് ഡിവിഷന്‍ ബെഞ്ച് പിന്മാറിയത്. ഡിവിഷന്‍ ബെഞ്ചിലെ ഒരംഗമായ ജസ്റ്റിസ് സേവന്‍ രാമചന്ദ്രന്‍ അഭിഭാഷകനായിരിക്കേ സഭാ തര്‍ക്കമുള്‍പ്പെട്ട കേസില്‍ ഹാജരായിട്ടുണ്ടെന്നും അതിനാല്‍ കേസ് വാദിക്കരുതെന്നും ഒരു വിശ്വാസി കോടതിയെ അറിയിക്കുകയായിരുന്നു.

മറ്റൊരു പള്ളിയും കക്ഷികളുമുള്‍പ്പെട്ട കേസിലാണ് മുമ്പ് ഹാജരായതെന്നും പിറവം പള്ളിയിലെ തര്‍ക്കവുമായി അതിന് യാതൊരു ബന്ധവുമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. എങ്കിലും ഇത്തരമൊരു ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ രണ്ടു ജഡ്ജിമാരും ഹരജി കേള്‍ക്കുന്നതില്‍ നിന്നും പിന്‍വാങ്ങുകയാണെന്നായിരുന്നു ഡിസംബര്‍ 11 ന്റെ ഉത്തരവില്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more