| Tuesday, 6th February 2018, 1:10 pm

തട്ടിയെടുത്ത കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ വിട്ടയച്ചു; മലയാളികളടക്കം എല്ലാ ജീവനക്കാരും സുരക്ഷിതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രണ്ട് മലയാളികള്‍ അടക്കം 22 ഇന്ത്യക്കാരുമായി കാണാതായ എണ്ണക്കപ്പലിലെ ജീവനക്കാരെ കടല്‍ക്കൊള്ളക്കാര്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഫെബ്രുവരി ഒന്നിന് കാണാതായ എക്‌സ്പ്രസ് എന്ന ചരക്കുകപ്പലിലെ ജീവനക്കാരെയാണ് വിട്ടയച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് കപ്പലും ജീവനക്കാരും മോചിപ്പിക്കപ്പെട്ടത്. കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് ആംഗ്ലോ-ഈസ്റ്റേണ്‍ ഷിപ്പ് മാനേജ്മെന്റ് കമ്പനി ട്വീറ്റില്‍ വ്യക്തമാക്കി.

പശ്ചിമ ആഫ്രിക്കയ്ക്ക് സമീപം ബെനിന്‍ തീരത്ത് വെച്ചാണ് കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ ജീവനക്കാരെ ബന്ദികളാക്കിയത്.

കപ്പല്‍ മോചിപ്പിക്കപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. സഹകരണത്തിന് നൈജീരിയ, ബെനിന്‍ സര്‍ക്കാരുകള്‍ക്ക് നന്ദി അറിയിക്കുന്നതായും സുഷമ പറഞ്ഞു.

22 ജീവനക്കാരും 52 കോടി രൂപ (8.1 മില്ല്യണ്‍ ഡോളര്‍) മൂല്യമുള്ള ഇന്ധനവുമായി പോയ ചരക്കു കപ്പലാണ് ബെനിനില്‍ നിന്നും കാണാതായത്. 13,500 ടണ്‍ ഇന്ധനമാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

കാസര്‍കോട് ഉദുമ പെരിലവളപ്പിലെ ശ്രീ ഉണ്ണിയും കോഴിക്കോട് സ്വദേശിയായ ജീവനക്കാരനുമടക്കം രണ്ട് മലയാളികളും കപ്പലില്‍ ഉണ്ടായിരുന്നു.

ജനുവരി 31-നാണ് എം.ടി. മറൈന്‍ എക്സ്പ്രസില്‍ നിന്നുള്ള സിഗ്‌നല്‍ അവസാനമായി ലഭിച്ചത്. ആ സമയം ബെനിനിലെ കോട്ടോനോവിലായിരുന്നു കപ്പല്‍ ഉണ്ടായിരുന്നത്.

രാജ്യത്തുടനീളം നാവിക പരിശീലന കേന്ദ്രങ്ങളുള്ള മുംബൈയിലെ ഈസ്റ്റ് അന്ധേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പ് മാനേജ്മെന്റ് കമ്പനിയുടെ ജീവനക്കാരാണ് കാണാതായ കപ്പലിലുണ്ടായിരുന്ന എല്ലാ ഇന്ത്യക്കാരും.

We use cookies to give you the best possible experience. Learn more