നോയിഡ: 17 ഇന്ത്യക്കാരുള്‍പ്പെട്ട നൈജീരിയന്‍ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. എം.ടി റോയല്‍ ഗ്രേസ് എന്ന കപ്പലാണ് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. കഴിഞ്ഞ മാസം നാലിനാണ് കപ്പല്‍ റാഞ്ചിയതെങ്കിലും കുറച്ചുദിവസം മുമ്പ് മാത്രമാണ് കപ്പലിലെ ജീവനക്കാരുടെ ബന്ധുക്കളെ ഇക്കാര്യം അറിയിച്ചത്.
22ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഒമാന്‍ തീരത്തുനിന്ന് നൈജീരിയയിലേക്കു പോവുകയായിരുന്നു കപ്പല്‍. കപ്പലില്‍ ഇന്ത്യക്കാര്‍ക്കു പുറമെ മൂന്നു നൈജീരിയക്കാരും ഒരു ബംഗ്ലാദേശ് സ്വദേശിയും ഒരു പാക്കിസ്ഥാന്‍കാരനുമാണ് ഉള്ളത്.
ജീവനക്കാരുടെ മോചനത്തിനായി ഈസ്റ്റ് ഇന്ത്യ ഷിപ്പിങ് കമ്പനിയും സൊമാലിയന്‍ കടല്‍കൊള്ളക്കാരും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. ദുബായിലെ ഏജന്റുമാര്‍ മുഖേനയാണ് ചര്‍ച്ച നടത്തുന്നതെന്ന് ഈസ്റ്റ് ഇന്ത്യ ഷിപ്പിങ് കമ്പനി സി.ഇ.ഒ മനു ചൗഹാന്‍ അറിയിച്ചു.
ഈ സംഭവത്തോടെ സൊമാലിയന്‍ കടല്‍കൊള്ളക്കാരുടെ പിടിയിലുള്ള കപ്പലുകളുടെ എണ്ണം 21 ആയി. 289 ജീവനക്കാര്‍ ഇപ്പോഴും കൊള്ളക്കാരുടെ ബന്ദികളായി തുടരുകയാണ്.