കൊവിഡ് ഏല്‍പിച്ച ആഘാതത്തില്‍ നിന്ന് സിനിമാ ഇന്‍ഡസ്ട്രി പതിയ കരകയറിവരികയാണ്. ഒ.ടി.ടി വിപ്ലവത്തിന്റെ കുത്തൊഴുക്ക് കാരണം ആളനക്കങ്ങളില്ലാത്ത തിയേറ്റര്‍ വ്യവസായവും തിരിച്ചുവരുന്ന കാഴ്ചയാണ് കഴിഞ്ഞ വര്‍ഷം കാണാന്‍ സാധിച്ചത്. ഇതിന് കാരണം എത്രമാത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വികസിച്ചാലും തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ അവ ബിഗ് സ്‌ക്രീനില്‍ തന്നെ കാണാന്‍ ശ്രമിക്കുമെന്നതാണ്.
ഒ.ടി.ടി. റിലീസുകള്‍ക്കും മുമ്പ് ഹൈ ക്വാളിറ്റി പ്രിന്റുകള്‍ ലീക്ക് ചെയ്യുന്നത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സജീവമായിരിക്കുകയാണ്. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന സിനിമകള്‍ ഒ.ടി.ടിയിലെത്തുന്നതിന് മുമ്പ് തന്നെ എച്ച്.ഡി പ്രിന്റുകള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന സംഘം ഇപ്പോള്‍ മലയാളത്തിലും സജീവമായിരിക്കുന്നു.
മുമ്പ് അന്യഭാഷാ സിനിമകള്‍ മാത്രം ലീക്ക് ചെയ്യുന്ന സംഘം ഇപ്പോള്‍ മലയാളത്തിലും പിടിമുറുക്കിയിരിക്കുകയാണ്. തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ ഒ.ടി.ടിയിലിറങ്ങും മുമ്പ് ക്വാളിറ്റിയുള്ള പ്രിന്റുകള്‍ ഇത്തരം സംഘങ്ങള്‍ ലീക്ക് ചെയ്യുമായിരുന്നു. മലയാളത്തില്‍ അത്തരത്തില്‍ ആദ്യം ലീക്ക് ചെയ്ത ചിത്രം സൂക്ഷ്മദര്‍ശിനിയായിരുന്നു.
തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കവെയായിരുന്നു ചിത്രം ലീക്കായത്. റിലീസിന് ശേഷം ഒ.ടി.ടി ഡീല്‍ ഉറപ്പിക്കാന്‍ നില്‍ക്കവെ ഇത്തരമൊരു സംഭവം നടന്നത് ചിത്രത്തിന്റെ ബിസിനസിനെയും കളക്ഷനെയും സാരമായി ബാധിച്ചിട്ടുണ്ട്.
എന്നാല്‍ സൂക്ഷ്മദര്‍ശിനി മാത്രമല്ല, മലയാളത്തില്‍ ക്രിസ്മസ് റിലീസായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഇത്തരത്തില്‍ ലീക്കായിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രം ബാറോസ്, ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ, സുരാജ് വെഞ്ഞാറമൂടിന്റെ ഇ.ഡി എക്‌സ്ട്രാ ഡീസന്റ് എന്നീ ചിത്രങ്ങളാണ് ഇത്തരത്തില്‍ വലിയ പ്രതിസന്ധി നേരിടേണ്ടി വന്ന ചിത്രങ്ങള്‍.
മലയാളസിനിമകള്‍ മാത്രമല്ല, അന്യഭാഷാ ചിത്രങ്ങളും ഈ പ്രതിസന്ധി നേരിടുന്നുണ്ട്. ഡിസംബര്‍ റിലീസായെത്തിയ വിടുതലൈ 2, ബേബി ജോണ്‍ എന്നീ ചിത്രങ്ങളുടെ എച്ച്.ഡി പ്രിന്റ് ഇന്റര്‍നെറ്റില്‍ ലീക്കായിട്ടുണ്ട്. വന്‍ തുകക്ക് റൈറ്റ്‌സ് വില്‍ക്കപ്പെട്ട ഇത്തരം ചിത്രങ്ങള്‍ക്ക് പൈറസി അത്രകണ്ട് ബാധിക്കില്ലെങ്കിലും മലയാളം പോലുള്ള ചെറിയ ഇന്‍ഡസ്ട്രിക്ക് ഇത് വലിയ ആഘാതം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
ഫോണില്‍ യാതൊരു ചെലവുമില്ലാതെ കാണാന്‍ കഴിയുമ്പോള്‍ എന്തിന് തിയേറ്ററില്‍ പോയി കാണണമെന്ന സാധാരാണക്കാരുടെ ചിന്തയും ശക്തമല്ലാത്ത പൈറസി നിയമങ്ങളും സിനിമ പോലെ വലിയൊരു വ്യവസായത്തിന് എന്നും വെല്ലുവിളിയായി നില്‍ക്കുന്നതും പ്രതിസന്ധി വലുതാക്കുന്നു.
Content Highlight: Pirated prints of Sookshmadarshini and other new movies leaked on internet