ഇന്നലെ (ഒക്ടോബര്‍ പത്ത്) തിയേറ്ററുകളില്‍ റിലീസായ രജിനികാന്ത് ചിത്രം വേട്ടയാന്റെ വ്യാജ പതിപ്പ് പുറത്ത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ബോക്‌സ് ഓഫീസില്‍ 60 കോടിയ്ക്കു മുകളിലാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. പൂജ അവധിയും വീക്കെന്റും കണക്കിലെടുത്തായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ഒക്ടോബര്‍ പത്ത് തന്നെ റിലീസിന് വേണ്ടി തെരഞ്ഞെടുത്തത്. എന്നാല്‍ റിലീസ് ചെയ്ത് ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
ഗോട്ട്, ഇന്ത്യന്‍ 2, മഞ്ഞുമ്മല്‍ ബോയ്‌സ്, ജയിലര്‍, ജവാന്‍, ലിയോ, അജയന്റെ രണ്ടാം മോഷണം തുടങ്ങി നിരവധി ചിത്രങ്ങളുടെ വ്യാജപതിപ്പ് ഇത്തരത്തില്‍ ഇതിന് മുമ്പും ഇറങ്ങിയിട്ടുണ്ടായിരുന്നു. തിയേറ്ററില്‍ വിജയമാകുന്ന ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന ദിവസം തന്നെയോ അതിന് അടുത്ത ദിവസങ്ങളിലോ വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. പല ചലച്ചിത്ര നിര്‍മാതാക്കളും ഇതിനെതിരെ നിയമ നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.
രജിനികാന്ത് എന്ന താരത്തിന്റെ ആരാധകരെ പ്രീതിപ്പെടുത്തുന്ന എന്നാല്‍ വ്യക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമാണ് വേട്ടയന്‍ എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
ജ്ഞാനവേലാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. രജിനികാന്തിന് പുറമെ മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, അമിതാഭ് ബച്ചന്‍, റാണ ദഗുബാട്ടി, റിതിക സിങ്, ദുഷാര വിജയന്‍ എന്നിങ്ങനെ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിന് വേണ്ടി അണിനിരന്നിട്ടുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
Content Highlight: Pirated Print Of Vettaiyan Film Leaked