| Sunday, 16th September 2018, 6:42 pm

'തീവണ്ടി'യുടേയും 'ഒരു കുട്ടനാടന്‍ ബ്ലേഗി'ന്റേയും വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍; ആന്റി പൈറസി സെല്‍ അന്വേഷണം ആരംഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പുതിയ മലയാള സിനിമകളുടെ വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്നതായി പരാതി. ടൊവിനോ തോമസിനെ നായകനാക്കി ടി.പി ഫെല്ലിനി സംവിധാനം ചെയ്ത “തീവണ്ടി”, തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ “ഒരു കുട്ടനാടന്‍ ബ്ലേഗ്” എന്നീ സിനിമകളാണ് തമിഴ് റോക്കേഴ്‌സില്‍ പ്രത്യക്ഷപ്പെട്ടത്.

ഇത് ശ്രദ്ധയില്‍പ്പെട്ട ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കി. ആന്റി പൈറസി സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തതിന്റെ ഐ.പി അഡ്രസ് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആന്റി പൈറസി സെല്‍ ആരംഭിച്ചിട്ടുണ്ട്.

സാമന്ത കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന യൂ ടേണ്‍, തെലുങ്ക് നടന്‍ വിജയ് ദേവരഗൊണ്ട നായകനായ ഗീതാ ഗോവിന്ദം, വിശാലിന്റെ ഏറ്റവും പുതിയ ചിത്രമായ “തുപ്പറിവാളന്‍” എന്നീ സിനിമകളും തമിഴ് റോക്കേഴ്‌സില്‍ ഉണ്ടായിരുന്നു.

ഈ വര്‍ഷം നിരവധി ചിത്രങ്ങളുടെ വ്യാജ പതിപ്പുകളാണ് ഓണ്‍ലൈനില്‍ എത്തിയത്. രജനികാന്ത് നായകനായ “കാല”യിലെ പ്രധാനപ്പെട്ട രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി നേരത്തെ പ്രചരിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ തമിഴ് ഗണ്‍ എന്ന വെബ്സൈറ്റിന്റെ ചുമതലക്കാരിലൊരളായ തിരുവല്ലിക്കെനിയെ അറസ്റ്റ് ചെയ്തിരുന്നു.

തമിഴ് റോക്കേഴ്‌സിന്റെ മൂന്ന് അഡ്മിന്‍മാരെ കഴിഞ്ഞ വര്‍ഷം ചെന്നൈ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ മൂന്നു പേരും വിദേശത്ത് താമസിക്കുന്നവരായാതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

We use cookies to give you the best possible experience. Learn more