സമകാലിക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങൾ എന്ന് അറിയപ്പെടുന്ന പ്ലെയേഴ്സാണ് മെസിയും റൊണാൾഡോയും.
ലോകത്തിലെ ഏറ്റവും മികച്ച താരമാരെന്നും, G.O.A.T(Greatest Of All Time) ആരെന്നുമൊക്കെയുള്ള ചർച്ചയിൽ ഫുട്ബോൾ ലോകം മെസിക്കും റൊണാൾഡോക്കുമായി ഇരു ചേരിതിരിഞ്ഞ് വാഗ്വാദത്തിലായിരുന്നു.
എന്നാലിപ്പോൾ G.O.A.T ഡിബേറ്റിൽ മെസിയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് മെസിയുടെ ബാല്യകാല സുഹൃത്തും പിന്നീട് ബാഴ്സയിലെ എതിരാളിയുമായ സ്പാനിഷ് താരം ജെറാർദ് പിക്വെ.
ബാഴ്സയുടെ അക്കാദമിയായ ലാമാസിയയിൽ വെച്ച് തന്നെ സുഹൃത്തുക്കളായിരുന്ന താരമാണ് മെസിയും പിക്വെയും.
പിന്നീട് സാമ്പത്തിക പ്രശ്നവുമായി ബന്ധപ്പെട്ട് മെസിയെ ക്ലബ്ബിൽ നിന്നും ഒഴിവാക്കാൻ സമ്മർദം ചെലുത്തിയത് പിക്വെയാണ് എന്ന് നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ജോൺ നെല്ലിസിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മെസിയാണ് റൊണാൾഡോയെക്കാൾ മികച്ച തരാമെന്ന് പിക്വെ അഭിപ്രായപ്പെട്ടത്.
“ലിയോയും (മെസി) റൊണാൾഡോയും തമ്മിലുള്ള വാശിയേറിയ പോരാട്ടങ്ങൾ സത്യം തന്നെയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ഇരുവരും മികച്ച രീതിയിലാണ് മത്സരിക്കുന്നത്. പക്ഷെ പ്രതിഭയുടെ കാര്യത്തിൽ മെസി തന്നെയാണ് മുൻപന്തിയിൽ എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
റൊണാൾഡോയുടെ കഠിനാധ്വാനവും ഒന്നാമതെത്താനുള്ള ത്വരയും അഭിനന്ദനാർഹമാണ്. പക്ഷെ ഇരുവരുടെയും കരിയറിലേക്ക് കണ്ണോടിച്ചാൽ മെസി ഇപ്പോഴും ലോകത്തിലെ ഏത് മികച്ച താരത്തോടും കിടപിടിക്കുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത് എന്ന് നമ്മൾക്ക് നിസംശയം പറയാൻ സാധിക്കും. അത് അദ്ദേഹം ലോകകപ്പിൽ തെളിയിച്ചതാണ്,’ പിക്വെ പറഞ്ഞു.
കൂടാതെ മെസിയുമായി ഇപ്പോഴും കോൺടാക്ട് ഉണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറയാതെ ഒഴിയുകയാണ് ചെയ്തത്.
2021ലാണ് മെസി ബാഴ്സ വിട്ടത്. താരത്തിന് പ്രതിഫലം നൽകാൻ കഴിയാത്ത അവസ്ഥയിലേക്ക് ക്ലബ്ബ് എത്തി എന്ന് ബാഴ്സ മെസിയെ അറിയിച്ചതോടെയാണ് താരം പി.എസ്.ജിയിലേക്ക് കൂടുമാറിയത്.
എന്നാൽ മെസിയെ ക്ലബ്ബിൽ നിന്നും ഒഴിവാക്കിയാൽ ബാഴ്സയുടെ സാമ്പത്തിക ബാധ്യതകൾ അവസാനിക്കുമെന്ന് പിക്വെ ക്ലബ്ബ് പ്രസിഡന്റ് ലപോർട്ടയോട് പറഞ്ഞതായി നിരവധി റിപ്പോർട്ടുകൾ മാർക്കയടക്കമുള്ള സ്പാനിഷ് മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
കൂടാതെ ബാഴ്സലോണയിൽ നിന്നും വിട്ട് പോകുന്നതിന് മുമ്പ് മെസി ഡ്രെസിങ് റൂ മിൽ പിക്വെയെ ഉദ്ദേശിച്ച് ‘യൂദാസ്’ എന്നെഴുതിവെച്ചുവെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനായ പിപി എസ്ട്രാഡയും അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം ഫ്രഞ്ച്കപ്പിൽ മാഴ്സെക്കെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ മെസി ചാമ്പ്യൻസ് ലീഗ് കളിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഫെബ്രുവരി 15ന് ബയേണിനെതിരെയാണ് പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരം.