| Wednesday, 29th June 2022, 2:18 pm

വര്‍ഗീയവാദം നന്മയുടെ അവസാന കണികയും മനുഷ്യരില്‍ നിന്ന് തുടച്ചുനീക്കും: പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉദയ്പൂരില്‍ രണ്ടംഗ സംഘം യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമാണ് ഉദയ്പൂരില്‍ നടന്നതെന്നും ഏത് മതത്തിന്റെ പേരിലായാലും വര്‍ഗീയവാദത്തെ വെച്ചുപൊറുപ്പിക്കില്ലെന്ന് നമ്മള്‍ ഉറച്ചു തീരുമാനിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന മതസാമുദായിക സംഘടനകള്‍ ഈ സംഭവത്തെ അപലപിച്ചും വര്‍ഗീയതയെ വെല്ലുവിളിച്ചും സ്വരമുയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ശാന്തിയും ഐക്യവും കാത്തുസൂക്ഷിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമാണ് ഇന്നലെ ഉദയ്പൂരില്‍ അരങ്ങേറിയത്. വര്‍ഗീയവാദം നന്മയുടെ അവസാനത്തെ കണികയും മനുഷ്യരില്‍ നിന്നും തുടച്ചു നീക്കുമെന്ന് ഈ സംഭവം ഓര്‍മ്മപ്പെടുത്തുന്നു.

നാടു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വര്‍ഗീയതീവ്രവാദത്തിന്റെ വളര്‍ച്ചയാണെന്ന താക്കീതു വീണ്ടും നല്‍കുന്നു. ഇസ്‌ലാമിക തീവ്രവാദം ഹിന്ദുത്വ തീവ്രവാദത്തിനും തിരിച്ചും എങ്ങനെ ഉത്‌പ്രേരകമാകുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്കും ഈ സംഭവം വിരല്‍ ചൂണ്ടുന്നു.

ഏതു മതത്തിന്റെ പേരിലായാലും വര്‍ഗീയവാദത്തെ വച്ചുപൊറുപ്പിക്കില്ലെന്ന് നമ്മള്‍ ഉറച്ചു തീരുമാനിക്കേണ്ട സന്ദര്‍ഭമാണിത്. ഒരു വര്‍ഗീയവാദത്തിനുള്ള മറുപടി മറ്റൊരു വര്‍ഗീയവാദമല്ല, മറിച്ച്, മതനിരപേക്ഷതയാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സര്‍വ മതവിശ്വാസികളും ഒന്നിച്ച് അണിനിരക്കണം. മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന മതസാമുദായിക സംഘടനകള്‍ ഈ സംഭവത്തെ അപലപിച്ചും വര്‍ഗീയതയെ വെല്ലുവിളിച്ചും സ്വരമുയര്‍ത്തണം.

നാടിനെ വര്‍ഗീയശക്തികള്‍ക്ക് വലിച്ചെറിഞ്ഞു കൊടുക്കില്ലെന്നും ശാന്തിയും ഐക്യവും കാത്തുസൂക്ഷിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും നമുക്കു പ്രതിജ്ഞ ചെയ്യാം,’ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഉദയ്പൂരിലെ മാല്‍ദാസ് എന്ന സ്ഥലത്താണ് സംഭവം നടന്നത്. തയ്യല്‍ക്കട നടത്തിവരുന്ന കനയ്യ ലാല്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

കടയിലേക്ക് തുണി തയ്പ്പിക്കാനെന്ന വ്യാജേന എത്തിയ രണ്ട് പേര്‍ ചേര്‍ന്നാണ് കനയ്യ ലാലിനെ വെട്ടിക്കൊലപ്പെടുത്തിയത്. പിന്നീട് ഇയാളുടെ തല അറുത്തുമാറ്റിയെന്നും രാജസ്ഥാന്‍ പൊലീസ് പറഞ്ഞു. ആക്രമികളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. കനയ്യ ലാല്‍ ബി.ജെ.പി നേതാവ് നുപുര്‍ ശര്‍മ്മയ്ക്ക് അനുകൂല പോസ്റ്റിട്ടിരുന്നുവെന്ന് രാജസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും ഗെലോട്ട് അഭ്യര്‍ത്ഥിച്ചു. പ്രദേശത്ത് വലിയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അക്രമികളെന്ന് കരുതുന്നവരുടെ വീഡിയോയും അതിനിടെ പുറത്തു വന്നിരുന്നു.

Content Highlight: Pinrayai vijayan condemns udaipur killing

We use cookies to give you the best possible experience. Learn more