കോഴിക്കോട്: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെ ബലാത്സംഗകേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചതിന് പിന്നാലെ ദേര സച്ചാ സേദയുടെ പ്രവര്‍ത്തകര്‍ അഴിച്ചു വിട്ട അക്രമം അഞ്ച് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. 30 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തില്‍ കേരളത്തിന്റെ ആശങ്ക അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചു.
അക്രമസംഭവങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്നും മണിക്കൂറുകള്‍ പിന്നീടുമ്പോള്‍ മരണനിരക്ക് കൂടി വരികയാണെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് പറഞ്ഞ് നിരവധി മലയാളികളാണ് തന്നെ വിളിച്ചുകൊണ്ടിരിക്കുന്നതെന്നും പിണറായി വിജയന്‍ കത്തില്‍ പറയുന്നു.
ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ ഉടനെ സ്വീകരിക്കണമെന്നും അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ഉടനെ പിടികൂടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഹരിയാനയിലും പഞ്ചാബിലും ആരംഭിച്ച കലാപം ദല്‍ഹിയിലേക്കും യു.പിയിലേക്കും വ്യാപിച്ചിട്ടുണ്ട്. കലാപം ശക്തമായതോടെ ഹരിയാനയില്‍ 10 സി.ആര്‍.പി.എഫ് സംഘത്തേയും പഞ്ച്കുലയില്‍ ആറ് സംഘത്തെയയും വിന്യസിച്ചിട്ടുണ്ട്.
അതിനിടെ കലാപം നിയന്ത്രിക്കാന്‍ കൂടുതല്‍ സൈന്യത്തെ വിട്ടുതരണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വസതിയില്‍ നാളെ ഉന്നതതല യോഗം ചേരുന്നുണ്ട്. ആഭ്യന്തര സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. അക്രമ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസും റിപ്പോര്‍ട്ട് തേടി. വിവിധയിടങ്ങളിലായി ഇതുവരെ 29 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.