കോഴിക്കോട്: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം ഉദാത്തമായ കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
“നല്ല ധീരമായ നടപടിയാണ്, അതിലൊരുസംശയവുമില്ല. ശക്തമായ നടപടിയുണ്ടായല്ലോ. അതിന് പിന്തുണകൊടുക്കുകയെന്നല്ലാതെ വേറൊന്നും ചെയ്യേണ്ടതില്ലല്ലോ” എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി പിണറായി വിജയന്‍ പറഞ്ഞത്.
ഇടതുപക്ഷ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു പിണറായി വിജയന്റെ പ്രതികരണം.
കൊല്ലം പന്മന ആശ്രമത്തിലെ ഗംഗേശാനന്ദ തീര്‍ത്ഥപാതയുടെ ജനനേന്ദ്രിയമാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യുവതി മുറിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന് പോക്‌സോ പ്രകാരം കേസ് ചുമത്തിയിരിക്കുകയാണ്.
അച്ഛന്‍ മരിച്ച പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും നിരന്തരമായി അതിക്രമത്തിനു ശ്രമിച്ചിരുന്നതായും പെണ്‍കുട്ടി പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. ഇയാളുടെ ശല്യം സഹിക്കെ വയ്യാതായെന്നും ഇതേതുടര്‍ന്നാണ് ഇന്നലെ തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ജനനേന്ദ്രിയം മുറിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.
താന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ തന്നെ ഉപദ്രവിക്കുന്നുണ്ടെന്നാണ് 23കാരിയായ യുവതി പോലീസിന് നല്‍കിയ മൊഴി. ഗംഗേശാനന്ദ തീര്‍ത്ഥപാദം ഇന്നലെ രാത്രി വീട്ടിലെത്തുമെന്നറിഞ്ഞ യുവതി നേരത്തെ തന്നെ കത്തി കൈയില്‍ കരുതി വച്ചിരുന്നു. പിന്നീട് ഇയാള്‍ ഉപദ്രവിക്കാനെത്തിയപ്പോള്‍ ആണ് കത്തി ഉപയോഗിച്ച് ലിംഗം ഛേദിച്ചത്.
Don”t Miss: ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് സ്വാമി ശ്രീഹരി
യുവതിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ യുവതിയുടെ വീട്ടുകാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ആശുപത്രി അധികൃതര്‍ വിവരമറിയച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസിന്റെ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.