മുഖ്യമന്ത്രി പിണറായി വിജയനുമായി കമലഹാസന്‍ കൂടിക്കാഴ്ച്ച നടത്തി; സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തോടെ
Daily News
മുഖ്യമന്ത്രി പിണറായി വിജയനുമായി കമലഹാസന്‍ കൂടിക്കാഴ്ച്ച നടത്തി; സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തോടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st September 2017, 5:10 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് എത്തിയ തമിഴ് സൂപ്പര്‍ താരം കമലഹാസന്‍ ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. രാഷ്ട്രീയം ചര്‍ച്ച ചെയ്യാനാണ് ഉലകനായകന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതെന്നാണ് അറിയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയമുണ്ടെന്ന് ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയ കമലഹാസന്‍ പറഞ്ഞിരുന്നു. സുഹൃത്തായ കമലഹാസനെ കണ്ടെന്നും പതിവിന് വിരുദ്ധമായി ഇക്കുറി തങ്ങള്‍ രാഷ്ട്രീയവും ചര്‍ച്ച ചെയ്തെന്നും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതോടെ കമലഹസാന്റെ രാഷ്ട്രീയ പ്രവേശനമുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയായിരിക്കുകയാണ്.


Also Read:  ക്ഷേത്രത്തിന് സമീപം അറവുമാലിന്യം നിക്ഷേപിച്ച് വര്‍ഗ്ഗീയ കലാപത്തിന് ശ്രമം;ബി.ജെ.പി പ്രവര്‍ത്തകന്റെ മകനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി


പിണറായി വിജയന്റെ അനുഭവസമ്പത്തില്‍ നിന്ന് ചിലത് പഠിക്കാനുള്ള അവസരമാണിതെന്നും പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം തികച്ച വേളയിലാണ് താന്‍ ഇവിടെയത്തുന്നതെന്നും കമലഹാസന്‍ നേരത്തെ പറഞ്ഞിരുന്നു. നേരത്തെ പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളില്‍ കമല്‍ഹാസന്‍ പോസ്റ്റുകളിടുകയും ചെയ്തിരുന്നു.

പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

“വിഖ്യാത നടനും സംവിധായകനുമായ കമല്‍ഹാസനുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹവുമായി നല്ല സൗഹൃദമുണ്ട്. തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ കാണാറുണ്ട്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. തികച്ചും സൗഹൃദ സന്ദര്‍ശനമായിരുന്നുവെങ്കിലും സംഭാഷണത്തില്‍ രാഷ്ട്രീയവും കടന്നുവന്നു. പൊതുവില്‍ ദക്ഷിണേന്ത്യയിലെയും പ്രത്യേകിച്ച് തമിഴ്‌നാട്ടിലെയും രാഷ്ട്രീയ കാര്യങ്ങളാണ് സംസാരിച്ചത്. ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.”