മമത ബാനര്‍ജിയുടെ സഹായം അഭ്യര്‍ത്ഥിച്ച് പിങ്കി പ്രാമാണിക്
DSport
മമത ബാനര്‍ജിയുടെ സഹായം അഭ്യര്‍ത്ഥിച്ച് പിങ്കി പ്രാമാണിക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th November 2012, 10:00 am

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ മധ്യദൂര അത്‌ലറ്റിക് താരം പിങ്കി പ്രാമാണിക് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സഹായം ആവശ്യപ്പെട്ടു. പോലീസിന്റെ പീഡനത്തില്‍ നിന്ന് രക്ഷപെടുത്തണമെന്നും തനിക്കെതിരെ കെട്ടിച്ചമച്ച കേസില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും പിങ്കി ആവശ്യപ്പെട്ടു.[]

അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്ന പോലീസിനെതിരെ നടപടിയെടുക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും പിങ്കി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് അവര്‍ മുഖ്യമന്ത്രിയുടെ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവന നടത്തിയത്.

പശ്ചിമബംഗാള്‍ കായിക മന്ത്രി മദന്‍ മിത്രയുടെ സഹായവും പങ്കി അഭ്യര്‍ഥിച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ നിരവധി പേര്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു, എന്നാല്‍ ഇവരില്‍ ആരും ഇപ്പോള്‍ തനിക്ക് തുണയില്ലെന്ന് പങ്കി പറഞ്ഞു. മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട് വളച്ചൊടിച്ച് താന്‍ പുരുഷനാണെന്ന പ്രഖ്യാപനം നടത്തിയ പോലീസ് നീതി നിഷേധത്തിനാണ് പ്രധാന്യം നല്‍കുന്നത്.

രാജ്യത്തിനും കായിക മേഖലയും നിരവധി നേട്ടങ്ങള്‍ എന്നിലൂടെയുണ്ടായിട്ടുണ്ടെന്നും ദോഹ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവായ പിങ്കി പറഞ്ഞു. ഒപ്പം താമസിക്കുന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂണിലാണ് പിങ്കിയെ പോലീസ് അറസ്റ്റ് ചെയ്തത്.

പിങ്കി പുരുഷനാണെന്നും തന്നെ മാനഭംഗപ്പെടുത്തിയെന്നുമായിരുന്നു മുപ്പതുകാരിയായ യുവതി പോലീസിന് നല്‍കിയ പരാതി.