| Thursday, 15th November 2012, 10:27 am

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പിങ്കി മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഏഷ്യന്‍ ഗെയിംസിലെ ഗോള്‍ഡ് മെഡല്‍ ജേതാവ് പിങ്കി പ്രമാണിക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പ്രോസിക്യൂട്ടര്‍ക്കുമെതിരെ മാനനഷ്ടക്കേസിന് നോട്ടിസയക്കാന്‍ ഒരുങ്ങുന്നു.

” ഉടനേ തന്നെ ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും.” പിങ്കി പറയുന്നു.[]

മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്ത പോലീസിന്റെ നടപടി ആശ്ചര്യമുണ്ടാക്കുന്നതാണെന്നും പിങ്കി പറഞ്ഞു. യാതൊരു അന്വേഷണവും നടത്താതെയാണ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തതെന്നും അവര്‍ ആരോപിക്കുന്നു.

കേസിന്റെ തുടക്കം മുതല്‍ തന്നെ നീതിയുക്തമല്ലാതെയാണ് പോലീസ് ഇടപെട്ടതെന്നും ഇതിനെതിരെ നിയമവഴി തേടുമെന്നും പിങ്കി പറഞ്ഞു.

ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയിരിക്കുകയാണ് പിങ്കി.

പിങ്കിക്കൊപ്പം താമസിച്ച അത്‌ലറ്റ് ആയ അനാമിക ആചാര്യയാണ് പിങ്കിയ്‌ക്കെതിരെ  പരാതിയുമായി രംഗത്തെത്തിയത്. പിങ്കി പുരുഷനാണെന്നും തന്നെ മാനഭംഗം ചെയ്തുവെന്നും കാട്ടി അനാമിക പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജൂലൈ 14ന് പിങ്കിയെ അറസ്റ്റ് ചെയ്യുകയും ലിംഗനിര്‍ണയ പരിശോധന നടത്താന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്യുകയായിരുന്നു.

തുടര്‍ന്ന് കൊല്‍ക്കത്ത എസ്.എസ്.കെ.എം ആശുപത്രിയില്‍ വെച്ച് നടന്ന പരിശോധനയില്‍ പിങ്കിയില്‍ പുരുഷ ഹോര്‍മോണിന്റെ ആധിക്യമുണ്ടെന്ന് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് പോലീസ് പിങ്കിക്കെതിരെ മാനഭംഗത്തിനും വിശ്വാസ വഞ്ചനയ്ക്കും കേസെടുക്കുകയായിരുന്നു.

എന്നാല്‍, തന്റെ ശരീരത്തില്‍ പുരുഷ ഹോര്‍മോണിന്റെ ആധിക്യമുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് ഉപയോഗിച്ച ചില മരുന്നുകളുടെ റിയാക്ഷന്‍ മൂലമാണ് ഇത് സംഭവിച്ചതെന്നും പിങ്കി പറഞ്ഞിരുന്നു.

പോലീസ് തനിക്കെതിരെ ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്നും തന്നെ കേസില്‍ കുടുക്കുകയെന്നതാണ് അവരുടെ ലക്ഷ്യമെന്നും പിങ്കി നേരത്തേ ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more