പിങ്കി പ്രമാണിക്കിന് ജാമ്യം അനുവദിച്ചു
DSport
പിങ്കി പ്രമാണിക്കിന് ജാമ്യം അനുവദിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th July 2012, 11:57 am

കൊല്‍ക്കത്ത: ബലാത്സംഗ കേസില്‍ അറസ്റ്റിലായ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവും ഇന്ത്യന്‍ അത്‌ലറ്റുമായ പിങ്കി പ്രമാണിക്കിന് കോടതി ജാമ്യം അനുവദിച്ചു. പരഗനാസ് ജില്ലാ കോടതിയാണ് പിങ്കിക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം 14നാണ് പിങ്കിയെ പോലീസ് അറ്‌സറ്റ് ചെയ്തത്‌.

പിങ്കിക്കെതിരെ സഹതാമസക്കാരിയായ സ്ത്രീയാണ് പരാതി നല്‍കിയത്. പിങ്കി പുരുഷനാണെന്നും വിവാഹം കഴിക്കാമെന്നു സമ്മതിച്ച് കൂടെത്താമസിപ്പിച്ച ശേഷം ബലാത്സംഗം ചെയ്തുവെന്നും പണംതട്ടിയെടുത്തുവെന്നും  പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് പിങ്കിയുടെ ലിംഗ പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. സ്വകാര്യ നഴസിംഗ് ഹോമില്‍ നടത്തിയ പരിശോധനയില്‍ പിങ്കി ആണാണെന്നു തെളിഞ്ഞെങ്കിലും പരിശോധനാഫലം അപൂര്‍ണമായതിനാല്‍ എസ്.എസ്.കെഎം ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി അയയ്ക്കുകയായിരുന്നു.

എസ്.എസ്.കെ.എം ആശുപത്രിയില്‍ ക്രോമസോം പരിശോധന നടത്താനുള്ള സൗകര്യമില്ലാത്തതിനാല്‍ പരിശോധനാഫലം ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് കോടതി പിങ്കിയ്ക്ക് ജാമ്യം അനുവദിക്കുന്നത്.

ഇതിനിടെ പിങ്കിയുടെ ലിംഗത്വ പരിശോധനയുടെ എം.എം.എസുകള്‍ പ്രചരിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതി കോടതിയുടെ പരിഗണനയിലാണ്.