കൊല്‍ക്കത്ത: കായിക ലോകത്തെ വിവാദ താരം പിങ്കി പ്രമാണിക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്തെത്തി. അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് പിങ്കി പ്രമാണിക് പറഞ്ഞു.
“എന്റ ശരീരത്തില്‍ പുരുഷ ഹോര്‍മോണിന്റെ ആധിക്യമുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് ഉപയോഗിച്ച ചില മരുന്നുകളുടെ റിയാക്ഷന്‍ മൂലമാണ് ഇത് സംഭവിച്ചത്.[]
എന്നാല്‍ പൂര്‍ണമായി പുരുഷനാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പൊലീസ് തനിക്കെതിരെ ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
എന്നെ കേസില്‍ കുടുക്കുകയെന്നതാണ് അവരുടെ ലക്ഷ്യം. എന്റെ ജീവിതമാണ് ഇവിടെ നഷ്ടപ്പെടുത്തുന്നത്. ഞാന്‍ തെറ്റുകാരിയല്ല. എനിയ്‌ക്കെതിരെ ഗൂഢാലോചന നടത്തുന്ന ചിലരുണ്ട്. അവരാണ് ഇതിനെല്ലാം പിന്നില്‍.”- പിങ്കി പറഞ്ഞു.
ഇന്നലെയാണ് പിങ്കി പ്രാമാണിക് പുരുഷനാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നത്. ഇത് സംബന്ധിച്ച്, സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ കൊല്‍ക്കത്തയിലുള്ള എസ്.എസ്.കെ.എം ആശുപത്രിയിലെ വിദഗ്ധര്‍ നടത്തിയ പരിശോധനയുടെ ഫലം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
ബര്‍സാത്തിലെ സ്വകാര്യ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും മുന്‍പ് ലിംഗ പരിശോധന നടത്തിയിരുന്നെങ്കിലും അനിവാര്യമായ ഉപകരണങ്ങളുടെ അഭാവത്തില്‍ ഫലത്തില്‍ കൃത്യതയില്ലായിരുന്നു.
തുടര്‍ന്നാണ് എസ്.എസ്.കെഎം ആശുപത്രിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ക്രോമസോം പാറ്റേണ്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം ഈ ആശുപത്രിയിലും ഇല്ലായിരുന്നു.
തുടര്‍ന്ന് ഈ പരിശോധന ഹൈദരാബാദില്‍ നടത്തുകയായിരുന്നു. അവിടെനിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെകൂടി അടിസ്ഥാനത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയത്.
ഇപ്പോള്‍ ജാമ്യത്തിലുള്ള പിങ്കിക്കെതിരെ മാനഭംഗം, വഞ്ചന തുടങ്ങിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
പിങ്കിക്കൊപ്പം താമസിച്ച അത്‌ലറ്റ് ആയ അനാമിക ആചാര്യയാണ് പിങ്കിയ്‌ക്കെതിരെ ആദ്യം പരാതിയുമായി രംഗത്തെത്തിയത്. പിങ്കി പുരുഷനാണെന്നും തന്നെ മാനഭംഗം ചെയ്തുവെന്നും കാട്ടി അനാമിക പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജൂലൈ 14ന് പിങ്കിയെ അറസ്റ്റ് ചെയ്യുകയും ലിംഗനിര്‍ണയ പരിശോധന നടത്താന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്യുകയായിരുന്നു.
മധ്യദൂര ഓട്ടക്കാരിയും 2006 ദോഹ ഏഷ്യന്‍ ഗെയിംസില്‍ 4-400 മീ. റിലേയില്‍ സ്വര്‍ണം നേടിയ വനിതാ ടീമിലെ അംഗവുമായ പിങ്കിയെ ജൂലൈ 11ന് കോടതി ജാമ്യത്തില്‍ വിടുകയുമായിരുന്നു.