| Wednesday, 22nd December 2021, 4:49 pm

പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ: കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആറ്റിങ്ങലില്‍ അച്ഛനേയും മകളേയും പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ഒന്നര ലക്ഷം രൂപയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടത്. 25000 രൂപ കോടതി ചെലവും നല്‍കണം.

ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിെയടുക്കണമെന്ന് ജില്ല പൊലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കി. ക്രമസമാധാന ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റി നിര്‍ത്തണം. പൊതുജനങ്ങളോട് എങ്ങനെ പെരുമാറണം എന്നതിന് ഉദ്യോഗസ്ഥയ്ക്ക് പരിശീലനം നല്‍കാനും കോടതി നിര്‍ദേശിച്ചു.

പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. കുട്ടിക്ക് മൗലികാവകാശ ലംഘനമുണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ നിലപാടില്‍ കോടതി അതൃപ്തിയറിയിച്ചിരുന്നു.

അങ്ങനെയൊരു സംഭവം തന്നെ ഉണ്ടായിട്ടില്ലെന്നാണോ സര്‍ക്കാര്‍ പറയുന്നതെന്ന് കോടതി ചോദിച്ചു. കുട്ടി കരഞ്ഞത് എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കുട്ടി സംഭവ സ്ഥലത്തുവെച്ച് കരഞ്ഞിട്ടുണ്ടെന്ന് സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ വ്യക്തമാണ്.

കുട്ടിക്ക് നഷ്ട പരിഹാരം നല്‍കാനാവില്ലെന്നും പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്ന സര്‍ക്കാരിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞിരുന്നു.

അതേസമയം, കുറ്റക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കുട്ടിയുടെ അച്ഛന്‍ ഹൈക്കോടതിയില്‍ പറഞ്ഞത്.

സര്‍ക്കാര്‍ ഹാജരാക്കിയ സാക്ഷി മൊഴികള്‍ പരിശോധിക്കണം. കോടതിയില്‍ വിശ്വാസമുണ്ട്. ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നാല് സാക്ഷി മൊഴികളും സര്‍ക്കാര്‍ ഹാജരാക്കിയിരുന്നു. പിങ്ക് പൊലീസ് കുട്ടിയെ ചീത്ത വിളിച്ചില്ലെന്നും മോശമായി പെരുമാറിയില്ലെന്നുമാണ് മൊഴികള്‍.

ഉദ്യോഗസ്ഥയ്ക്ക് അബദ്ധം പറ്റിയതാവാം, പക്ഷെ മാപ്പ് പറയേണ്ട ബാധ്യത അവര്‍ക്കുണ്ടെന്നും നമ്പി നാരായണന് കൊടുത്തത് പോലെ കുട്ടിക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.

ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയത് ശിക്ഷയല്ല. നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണ്, എന്തുകൊണ്ടാണ് കുട്ടിയുടെ വിഷയത്തില്‍ ബാലാവകാശ നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്ന് പറയുന്നതെന്നും കോടതി ചോദിച്ചിരുന്നു.

സംഭവത്തില്‍ ഡി.ജി.പി തയ്യാറാക്കിയ റിപ്പോര്‍ട്ട് ആരെ സംരക്ഷിക്കാനാണെന്നും കോടതി ചോദിച്ചിരുന്നു. പൊലീസ് ക്ലബ്ബില്‍ ഇരുന്നല്ല കേസിനെ കുറിച്ച് അന്വേഷിക്കേണ്ടതെന്നും കോടതി പറഞ്ഞു.

തന്റെ പെരുമാറ്റം കൊണ്ട് പെണ്‍കുട്ടിക്കും കുടുംബത്തിനും ഉണ്ടായ മാനഹാനിക്കും ബുദ്ധിമുട്ടിനും ക്ഷമ ചോദിക്കുന്നതായി കാണിച്ച് പൊലീസ് ഉദ്യോഗസ്ഥ കോടതിയില്‍ മാപ്പപേക്ഷ നല്‍കിയിരുന്നു.

ഓഗസ്റ്റ് 27നായിരുന്നു കേസിനാസ്പദമായ സംഭവം. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി രജിതയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്നും എടുത്തുവെന്ന് ആരോപിച്ചായിരുന്നു പരസ്യ വിചാരണ.

എന്നാല്‍, ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്നുതന്നെ ലഭിച്ചു. മൊബൈല്‍ കണ്ടെത്തിയിട്ടും ഇവര്‍ മാപ്പ് പറയാന്‍ പോലും തയ്യാറായിരുന്നില്ല. സംഭവത്തിന് ശേഷം മാനസികമായി തളര്‍ന്ന കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കേണ്ടി വന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Pink police issue  Rs 1.5 lakh compensation for child; High Court

We use cookies to give you the best possible experience. Learn more