| Sunday, 29th August 2021, 3:20 pm

മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പീഡിപ്പിച്ച സംഭവം; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആറ്റിങ്ങല്‍: മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും ക്രൂരമായി പരസ്യ വിചാരണ നടത്തിയ വനിതാ പൊലീസുദ്യോഗസ്ഥക്കെതിരെ നടപടി. സിവില്‍ പൊലീസ് ഓഫീസറായ രജിതയെ സ്ഥലംമാറ്റി. റൂറല്‍ എസ്.പി ഓഫീസിലേക്കാണ് രജിതയെ മാറ്റിയിരിക്കുന്നത്.

സംഭവത്തില്‍ ആറ്റിങ്ങല്‍ റൂറല്‍ ഡി.വൈ.എസ്.പി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഉദ്യോഗസ്ഥക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനകള്‍ നേരത്തെ തന്നെ വന്നിരുന്നു.

കുറ്റക്കാരിയായ പൊലീസുദ്യോഗസ്ഥക്കെതിരെ നടപടിയെടുക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ശക്തമായ ആവശ്യവുമുയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങലില്‍ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനെയും മൂന്നാം ക്ലാസുകാരിയായ മകളെയും പൊലീസ് ക്രൂരമായി പീഡിപ്പിക്കുകയും പരസ്യവിചാരണ നടത്തുകയും ചെയ്തത്. പിന്നീട് പൊലീസുകാരുടെ ബാഗില്‍ നിന്നുതന്നെ ഫോണ്‍ കണ്ടെത്തുകയായിരുന്നു.

റോക്കറ്റുകളുടെ എയറോഡൈനാമിക് ടെസ്റ്റിങ്ങ് നടത്തുന്നതിനുള്ള ഉപകരണങ്ങളുമായി വരുന്ന ഐ.എസ്.ആര്‍.ഒ വാഹനം കാണണമെന്ന് മകള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് തോന്നയ്ക്കല്‍ സ്വദേശികളായ ഇവര്‍ ആറ്റിങ്ങലില്‍ എത്തിയത്.

ഇതിനിടയിലാണ് അവിടെയുണ്ടായിരുന്ന പിങ്ക് പൊലീസ് മൊബൈല്‍ കാണാനില്ലെന്നാരോപിച്ച് രംഗത്തെത്തിയത്. ഇയാള്‍ ഫോണ്‍ മോഷ്ടിച്ച് മകള്‍ക്ക് നല്‍കി എന്നായിരുന്നു പൊലീസ് ആരോപിച്ചത്.

പൊലീസിന്റെ നടപടിക്കെതിരെ അച്ഛനും മകളും ഡി.ജി.പിക്കും ബാലവകാശ കമ്മിഷനും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഉദ്യോഗസ്ഥക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.

ബാലവകാശ കമ്മിഷന്‍ കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. പൊലീസിന്റെ ചോദ്യം ചെയ്യലുണ്ടാക്കിയ മാനസികാഘാതത്തിലാണ് പെണ്‍കുട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pink Police Harassing child and father in Attingal, Police officer gets punishment transfer

We use cookies to give you the best possible experience. Learn more